എന്തിനാ കുഞ്ഞിനെ അമ്മയില്‍ നിന്നകറ്റി? ശിശുക്ഷേമ സമിതിയും സര്‍ക്കാരും ഉത്തരം പറയേണ്ട ചോദ്യം

ദത്ത് വിവാദത്തില്‍ പല ചോദ്യങ്ങളും ഇനിയും ബാക്കി നില്‍ക്കുകയാണ്
 
adoption

ഏറെ ചോദ്യങ്ങളും ആരോപണങ്ങളും ബാക്കി നില്‍ക്കെ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമ എസ് ചന്ദ്രന് സ്വന്തം കുട്ടിയെ തിരികെ കിട്ടി. തിരുവനന്തപുരം കുടുംബ കോടതിയാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടത്.  ഉച്ചയോടെ കോടതിയില്‍ എത്തിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതിയാണ് അനുപമയ്ക്ക് കൈമാറിയത്. പാളയം നിര്‍മല ശിശുഭവനില്‍ നിന്നും കുഞ്ഞിനെ ജഡ്ജി ബിജു മേനോന്റെ ചേംബറില്‍ എത്തിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒന്നരമണിക്കൂര്‍ സമയം എടുത്തു. കുഞ്ഞിനെ കൈയേറ്റു വാങ്ങിയശേഷം കുട്ടിയുമായി അനുപമ സമര പന്തലില്‍ എത്തി. വളരെയധികം സന്തോഷമുണ്ടെന്നായിരുന്നു അനുപമയുടെ ആദ്യപ്രതികരണം. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞശേഷം കുട്ടിയുമായി അവര്‍ വീട്ടിലേക്ക് മടങ്ങി. അതേസമയം ദത്ത് വിവാദത്തില്‍ കുറ്റക്കാരായവര്‍ക്കെതിരേ നടപടിയെടുക്കും വരെ സമരം തുടരുമെന്നാണ് അനുപമയ്ക്ക് പിന്തുണ നല്‍കിയ ഐക്യദാര്‍ഢ്യ സമതി അറിയിച്ചിരിക്കുന്നത്.

ഡിഎന്‍എ പരിശോധന ഫലം അനുകൂലമയതോടെ കുട്ടിയെ തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അഡ്വാന്‍സ് പെറ്റീഷനുമായി അനുപമയും അജിത്തും കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേസില്‍ കോടതി അടിയന്തിരമായി ഇടപെടുകയായിരുന്നു. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയ കോടതി കുഞ്ഞിനെ അനുപമയ്ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു. ഡിഎന്‍എ പരിശോധനഫലം അടക്കമുള്ള എല്ലാ രേഖകളും റിപ്പോര്‍ട്ടുകളും കോടതി പരിശോധിച്ചിരുന്നും.

ആഴ്ച്ചകള്‍ നീണ്ട രാപ്പകല്‍ സമരത്തിനടുവില്‍ അനുപമയ്ക്കും അജിത്തിനും കുട്ടിയെ തിരികെ കിട്ടിയെങ്കിലും ദത്ത് വിവാദത്തില്‍ പല ചോദ്യങ്ങളും ഇനിയും ബാക്കി നില്‍ക്കുകയാണ്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ദത്ത് നല്‍കിയതെന്ന് ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ഉത്തരം പറയേണ്ടതുണ്ട്. സര്‍ക്കാരിനും കൈകഴുകി മാറി നില്‍ക്കാന്‍ കഴിയില്ല. ഇതുവരെയായിട്ടും വ്യക്തമായൊരു ഉത്തരമോ വിശദീകരണമോ ആരില്‍ നിന്നും വന്നിട്ടുമില്ല. അനുപമയ്ക്ക് കുട്ടിയെ തിരികെ കിട്ടാന്‍ തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിച്ചതും അതിനുവേണ്ടിയാണ് നിലകൊണ്ടതെന്നും വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും ശിശുക്ഷേമ സമിതിക്കോ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കോ വീഴ്ച്ച പറ്റിയതായി പറയുന്നില്ല. എല്ലാം നിയമപ്രകാരമാണ് നടന്നതെന്നാണ് മന്ത്രി പറയുന്നത്. ശിശുക്ഷേമ സമിതിയുടെ തലവനായ മുഖ്യമന്ത്രിയാണെങ്കില്‍ ഇപ്പോഴും മൗനമാണ്. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കുന്നതിന് ലൈസന്‍സ് ഇല്ലെന്ന പരാതി ഇപ്പോഴും ശക്തമാണ്. ദത്ത് നല്‍കുന്നതിനുള്ള അംഗീകൃത സ്ഥാപനമാണെങ്കിലും ലൈസന്‍സ് കാലാവധി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് അനുപമയുടെ കുട്ടിയെ ദത്ത് നല്‍കിയതെന്നായിരുന്നു ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രധാന ആരോപണം. . അനുപമയും അവരുടെ സമരത്തെ പിന്തുണയ്ക്കുന്നവരും ഈ ആരോപണം ഉയര്‍ത്തി ജനറല്‍ സെക്രട്ടറിക്കെതിരേ രംഗത്തു വന്നിരുന്നു. സ്റ്റേറ്റ് അഡോപ്ഷന്‍ റെഗുലേറ്ററി അതോററ്റി നല്‍കിയ അഫിലിയേറ്റ് ലൈസന്‍സ് ഉപയോഗിച്ചായിരുന്നു ശിശുക്ഷേമ സമിതി ദത്ത് നടപടികള്‍ നടത്തിയിരുന്നതെന്നും പ്രസ്തുത ലൈസന്‍സിന്റെ കാലാവധി 2016 ല്‍ അവസാനിച്ചിരുന്നുവെന്നുമാണ് സമിതിക്കും ജനറല്‍ സെക്രട്ടറിക്കും എതിരേ നിരത്തിയ പരാതി. എന്നാല്‍ ലൈസന്‍സ് ഉണ്ടെന്നാണ് മന്ത്രിയും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജൂഖാനും പറയുന്നത്. ജുവനൈല്‍ ജസ്റ്റീസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരം സ്പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സിയ്ക്കുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്(25/2017 നമ്പര്‍) സമിതിക്കുണ്ടെന്നും 2017 ഡിസംബര്‍ 20 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന നിലവിലെ രജിസ്ട്രേഷന് 2022 വരെ കാലയളവ് ഉണ്ടെന്നുമാണ് ശിശുക്ഷേമ തമിതി ജനറല്‍ സെക്രട്ടറി വിശദീകരിക്കുന്നത്. മന്ത്രി വീണ ജോര്‍ജും ലൈസന്‍സിന്റെ കാര്യത്തില്‍ ശിശുക്ഷേമ സമിതിയെ ന്യായീകരിച്ചാണ് രംഗത്ത് വന്നത്. എന്നാല്‍ പുറത്തുവന്ന വാര്‍ത്തകള്‍ പറയുന്നത്, ഇപ്പോഴുള്ള ലൈസന്‍സ് വച്ച് ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാന്‍ കഴിയില്ലെന്നാണ്. സംസ്ഥാനത്തിന് അകത്ത് ദത്ത് നല്‍കാനുള്ള ലൈസന്‍സ് മാത്രമാണ് ശിശുക്ഷേമ സമിതിക്ക് ഇപ്പോഴുള്ളതെന്നും അതിനാല്‍ തന്നെ മറ്റൊരു സംസ്ഥാനത്തേക്ക് കുട്ടിയെ ദത്ത് നല്‍കിയത് നിയമവിരുദ്ധമാണെന്നുമാണ്. 2020 ഓഗസ്റ്റ് 6 നാണ് കുട്ടിയെ ആന്ധ്ര സ്വദേശികള്‍ക്ക് കൈമാറുന്നത്. ഇതിനു ഒരുമാസം മുമ്പ് സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് നല്‍കുന്ന ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിക്കുമ്പോള്‍ ശിശുക്ഷേമ സമിതിക്ക് ഉത്തരമില്ല.സംസ്ഥാന ജുവനൈല്‍ ജസ്റ്റീസ് ലൈസന്‍സ് മാത്രമാണ് നിലവില്‍ ശിശുക്ഷേമ സമിതിക്ക് ഉണ്ടെന്നു പറയുന്നത്. ഇത് കുട്ടികളുടെ സംരക്ഷണത്തിനുള്ള അനുമതിയാണ്. ഈ ലൈസന്‍സ് വച്ച് കുട്ടികളെ ദത്ത് നല്‍കാന്‍ ആകില്ല എന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ശിശുക്ഷേമ സമിതിക്ക് ഒഴിഞ്ഞുമാറാനാകാത്ത ചോദ്യങ്ങള്‍ ഇനിയുമുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് പുലര്‍ച്ചെ 12.45നും രാത്രി 9 നും രണ്ടു കുട്ടികളെ ശിശുക്ഷേമ സമിതിയില്‍ ലഭിക്കുകയായിരുന്നു. അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആണ് പരിഗണിക്കുന്നത്. അനുപമയുടെ കുട്ടിയെയും അത്തരത്തില്‍ പരിഗണിച്ചാണ് സ്വീകരിച്ചതെന്നാണ് സമിതിയും മന്ത്രിയും പറഞ്ഞിരുന്നത്. യഥാര്‍ത്ഥത്തില്‍ അനുപമയുടെ കുട്ടിയെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നിലയില്‍ അല്ല ശിശുക്ഷേമ സമിതിക്ക് ലഭിക്കുന്നത്. പകരം അനുപമയുടെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിയില്‍ കുട്ടിയെ ഏല്‍പ്പിക്കുകയാണ് ഉണ്ടായത്. ശിശുക്ഷേമ സമിതി അതിന്റെ പ്രഖ്യാപിത നിയമങ്ങള്‍ അനുസരിച്ചിരുന്നുവെങ്കില്‍ അനുപമയുടെ മാതാപിതാക്കള്‍ ഏല്‍പ്പിച്ച അനുപമയുടെ കുട്ടിയെ സ്വീകരിക്കില്ലെന്നാണ് ബാലാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. അനുപമയും അജിത്തും നിയമപ്രകാരം വിവാഹം കഴിച്ചിരുന്നില്ല എന്നതിനാല്‍ അജിത്തിന്റെ സാന്നിധ്യം ആവിശ്യമില്ലെങ്കിലും കുട്ടിയെ കൈമാറുമ്പോള്‍ അമ്മയെന്ന നിലയില്‍ അനുപമയുടെ സാന്നിധ്യം അവിടെ ഉണ്ടാകണമായിരുന്നു. പകരം, അമ്മയായ അനുപമ ഒപ്പിട്ട സമ്മതപത്രം ഉണ്ടെന്ന വാദം മാത്രമാണ് ശിശുക്ഷേമ സമിതിയുടെ ആകെയുള്ള പ്രതിരോധം.

സാധാരണ ആബാന്‍ഡന്റ് ആയും സര്‍ണ്ടര്‍ ആയുമാണ് ശിശുക്ഷേമ സമിതിയില്‍ കുട്ടികളെത്തുന്നത്. പ്രസവിച്ച കുഞ്ഞിനെ വളര്‍ത്താനുള്ള സാഹചര്യമില്ലാത്തവര്‍, പലവിധ കാരണങ്ങളാല്‍ കുട്ടിയെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍ അജ്ഞാതരായി നിന്നുകൊണ്ട് കുട്ടിയെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ വിട്ടിട്ടു പോകാം. ഇത്തരം കുട്ടികളെയാണ് അബാന്‍ഡന്റ് ആയി പരിഗണിക്കുന്നത്. ഇങ്ങനെയൊരു കുട്ടിയെ കിട്ടുമ്പോഴും ശിശുക്ഷേമ സമിതി പുലര്‍ത്തേണ്ട ചില നിയമങ്ങളുണ്ടായിരുന്നു. വിവരം പൊലീസിനെ അറിയിക്കുക. കുട്ടി ഉപേക്ഷിക്കപ്പെടാനുള്ള സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തുക. കുട്ടിയുമായി ബന്ധപ്പെട്ട ഒരു സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുക, കുട്ടിയുടെ മാതാപിതാക്കളെയോ മാതാവിനെയോ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അവരെ കൗണ്‍സിലിംഗിന് വിധേയമാക്കുക, അവരോട് കാര്യങ്ങള്‍ ചോദിച്ചറിയുക എന്നൊക്കെയുള്ള നടപടികള്‍ കൈക്കൊള്ളണം.  കുട്ടികളെ സര്‍ണ്ടര്‍ ചെയ്യുന്ന രീതിയുമുണ്ട്(ഇവിടെയും പലപ്പോഴും മാതാപിതാക്കള്‍ അജ്ഞാതരായി നില്‍ക്കാനുള്ള സാഹചര്യമാണ് കൂടുതല്‍). സര്‍ണ്ടര്‍ ചെയ്യുമ്പോള്‍ തീര്‍ച്ചയായും കുട്ടിയുടെ മാതാവിന്റെയോ മാതാപിതാക്കളുടെയോ സാന്നിധ്യം ഉണ്ടായിരിക്കണം. മാതാവില്‍ നിന്നും(പിതാവ് ഉണ്ടെങ്കില്‍ രണ്ടുപേരില്‍ നിന്നും) ആണ് കുട്ടിയെ ഏറ്റു വാങ്ങുന്നത്. അതല്ലാതെ, അമ്മയുടെ മാതാപിതാക്കള്‍ക്കോ അച്ഛന്റെ മാതാപിതാക്കള്‍ക്കോ ഇരുവരുടെയും മറ്റു ബന്ധുക്കള്‍ക്കോ കുട്ടിയെ കൊണ്ടു വന്ന് ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കാന്‍ സാധ്യമല്ല. അത്തരം സാഹചര്യത്തില്‍ വരുന്ന കുട്ടികളെ കണ്ണുംപൂട്ടി സ്വീകരിക്കാന്‍ ശിശുക്ഷേമ സമിതി തയ്യാറാകരുതായിരുന്നുവെന്നാണ് നിയമവിദ്ഗധര്‍ അഭിപ്രായപ്പെടുന്നത്. 

കുട്ടിയെ കിട്ടുമ്പോള്‍ തന്നെ വിവരം ശിശുക്ഷേമ സമിതി പൊലീസില്‍ അറിയിക്കേണ്ടതുമുണ്ട്. അനുപമയുടെ കാര്യത്തില്‍ അങ്ങനെയൊരു നടപടിക്രമവും പാലിക്കപ്പെട്ടിട്ടില്ല. അതെന്തുകൊണ്ടെന്ന കാര്യത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. മന്ത്രിയാണെങ്കില്‍ ഇത്തരം കാര്യങ്ങളിലേക്ക് കടക്കുന്നുമില്ല. പൊലീസിനെ വിവരം അറിയിച്ചിരുന്നുവെങ്കില്‍, പൊലീസ് കൃത്യമായി ഇടപെടല്‍ നടത്തിയിരുന്നുവെങ്കില്‍ ആ കൈമാറ്റത്തില്‍ അനുപമ എന്ന അമ്മയുടെ സാന്നിധ്യം ഉറപ്പാകുമായിരുന്നു. അങ്ങനെ അനുപമ ശിശുക്ഷേമ സമിതിക്കു മുന്നില്‍ വന്നിരുന്നുവെങ്കില്‍ (വരാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ അനുപമ എവിടെയാണോ ഉള്ളത് അവിടെ പോയി ശിശുക്ഷേമ സമിതിയോ പൊലീസോ അനുപമയോട് സംസാരിക്കുകയോ മൊഴിയെടുക്കുകയോ വേണം. അങ്ങനെയാണ് നിയമം) ശിശുക്ഷേമ സമിതിയുടെ ഇതുവരെയുള്ള നടപടികളില്‍ ആര്‍ക്കും കുറ്റം ആരോപിക്കാന്‍ കഴിയുമായിരുന്നില്ല. നിയമപ്രകാരം വിവാഹിതരായിരുന്നില്ല എന്നതിനാല്‍ കുട്ടിയുടെ അച്ഛനായ അജിത്തിന് കുട്ടിക്കുവേണ്ടി നിയമപ്രകാരമുള്ള അവകാശം ഉന്നയിക്കാനും സാധിക്കില്ല. അത്തരത്തിലൊന്നും ഉണ്ടായിട്ടില്ല എന്നിടത്ത് വീഴ്ച്ചകളെല്ലാം സംഭവിച്ചിരിക്കുന്നത് ശിശുക്ഷേമ സമിതിക്ക് തന്നെയാണെന്ന് പറയേണ്ടി വരും. മറിച്ച് പറയാന്‍ വ്യക്തതയുള്ള ഒരു വിശദീകരണം പോലും ഇത്രയായിട്ടും സമിതി നല്‍കിയിട്ടുമില്ല.