എന്തുകൊണ്ട് മലയാളം ഔദ്യോഗിക ഭാഷയായില്ല? നിയമസഭ പാസാക്കിയ ബില്‍ എവിടെപ്പോയി? 

 
Malayalam Words

നിയമസഭ അംഗീകരിച്ച ബില്‍ ആറ് വര്‍ഷം ആകുമ്പോഴും നിയമമായിട്ടില്ല

മാതൃഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നതിനും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മലയാളം നിര്‍ബന്ധമാക്കാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു 2015ലെ മലയാള ഭാഷാ (വ്യാപനവും പരിപോഷണവും) ബില്‍. കേരള ഔദ്യോഗിക ഭാഷകള്‍ നിയമം (1969) അനുസരിച്ച്, ഇംഗ്ലീഷും മലയാളവുമാണ് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷകള്‍. അതിനുപകരം, സമഗ്ര മലയാളഭാഷാ നിയമമായിരുന്നു ബില്ലിന്റെ ലക്ഷ്യം. മലയാളം ഔദ്യോഗിക ഭാഷയും, സാര്‍വത്രികവുമാക്കാന്‍ സര്‍ക്കാര്‍ നടത്തിയ വിപുല ചര്‍ച്ചകള്‍ക്കുശേഷം തയാറാക്കിയ ബില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുവേണ്ടി സാംസ്‌കാരിക മന്ത്രി കെ.സി ജോസഫാണ് സഭയില്‍ അവതരിപ്പിച്ചത്. ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍, പ്രതിപക്ഷ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിച്ച ഭേദഗതികളെല്ലാം ഉള്‍പ്പെടുത്തി സഭ ബില്‍ പാസാക്കി. എന്നാല്‍, നിയമസഭയുടെ അംഗീകാരം നേടിയ ബില്‍ ആറ് വര്‍ഷം ആകുമ്പോഴും നിയമമായിട്ടില്ല. നിയമസഭ പാസാക്കിയ ബില്ലിന് എന്താണ് സംഭവിച്ചത്? 

എന്താണ് മലയാളം ഭാഷാ ബില്‍
ഭരണഘടനയ്ക്കു വിധേയമായി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായി മലയാളത്തെ സ്വീകരിക്കുന്നതിനും എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മലയാളം ഉപയോഗിക്കുന്നതിനും കേരളത്തിന്റെ സമസ്ത മേഖലകളിലും മലയാള ഭാഷയുടെ വളര്‍ച്ചയും വ്യാപനവും പരിപോഷണവും പരിപാലനവും ഉറപ്പുവരുത്തുന്നതിനും അതുമായി ബന്ധപ്പെട്ടതോ അതിന് ആനുഷംഗികമായതോ ആയ കാര്യങ്ങള്‍ക്കുംവേണ്ടി വ്യവസ്ഥ ചെയ്യുന്നതിനുള്ള ബില്‍ എന്നാണ് ആമുഖം. ഉടന്‍ പ്രാബല്യത്തില്‍ വരുന്നതാണെന്നാണ് ആദ്യ അധ്യായത്തില്‍ പറയുന്നു. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പിനെ മലയാള ഭാഷാ വികസന വകുപ്പെന്ന് പുനര്‍നാമകരണം ചെയ്യേണ്ടതും, പ്രസ്തുത വകുപ്പ് ഈ ആക്ടിലെ വ്യവസ്ഥകള്‍ കാര്യക്ഷമമായി നടപ്പാക്കേണ്ടതാണെന്നും പറയുന്നു. 

നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്ലുകള്‍, സഭ പാസാക്കുന്ന ആക്ടുകള്‍ എന്നു തുടങ്ങി ഗവര്‍ണര്‍ പുറപ്പെടുവിക്കുന്ന ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളുമൊക്കെ മലയാളത്തില്‍ ആയിരിക്കണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രധാനപ്പെട്ട കേന്ദ്ര ആക്ടുകള്‍, സംസ്ഥാന ആക്ടുകള്‍, ഭേദഗതികള്‍ ഉള്‍പ്പെടെ നിര്‍ണയിക്കപ്പെടുന്ന കാലയളവില്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യണം. ഔദ്യോഗിക ഭാഷ മലയാളം ആയിരിക്കുമ്പോഴും, ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും മലയാളത്തിനോടൊപ്പം ന്യൂനപക്ഷ ഭാഷ ഉപയോഗിക്കണം. അതേസമയം, കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മറ്റു രാജ്യങ്ങള്‍, മറ്റു സംസ്ഥാനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകളിലും നിയമപരമായി ഇംഗ്ലീഷ് ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലും ഇംഗ്ലീഷ് ഉപയോഗിക്കാം. ഹൈക്കോടതിയുടെ അനുമതിയോടെ കീഴ്‌ക്കോടതികളില്‍ ഉപയോഗിക്കുന്ന ഭാഷയും കേസുകളിലെ വിധിന്യായവും മലയാളത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. 

സര്‍ക്കാര്‍ വകുപ്പുകള്‍ക്കുപുറമെ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം വ്യവസ്ഥകള്‍ ബാധകമാണ്. പിഎസ്സി വഴിയല്ലാതെ നിയമനം നടത്തുന്ന അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ മത്സരപരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടി തയ്യാറാക്കണം. ഏകീകൃത ലിപി വിന്യാസം നടപ്പാക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര്, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് എന്നിവ രേഖപ്പെടുത്തുന്ന ബോര്‍ഡുകള്‍, ഈ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളിലെ ബോര്‍ഡുകള്‍ എന്നിവ മലയാളത്തിലും കൂടി രേഖപ്പെടുത്തണം. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സ്ഥാപിക്കുന്ന ബോര്‍ഡുകളിലെ വിവരങ്ങള്‍ മലയാളത്തിലാക്കണം.

സംസ്ഥാനത്ത് നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന വ്യാവസായിക ഉല്‍പന്നങ്ങളുടെ പേരും ഉപയോഗക്രമവും മലയാളത്തില്‍ കൂടി രേഖപ്പെടുത്തണം. സര്‍ക്കാര്‍ പരസ്യങ്ങളും വിജ്ഞാപനങ്ങളും മലയാളത്തില്‍ വേണം. വിവരസാങ്കേതികരംഗത്ത് മലയാളഭാഷയുടെ ഉപയോഗം കാര്യക്ഷമമാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകളും അനുബന്ധ സംവിധാനങ്ങളും വികസിപ്പിക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റിലെ വിവരങ്ങള്‍ മലയാളത്തില്‍കൂടി നല്‍കണം. സര്‍ക്കാറിന്റെ ഇ-ഭരണം പദ്ധതിയില്‍ മലയാളം കൂടി ഉള്‍പ്പെടുത്തണം. ഇത്തരത്തില്‍ മലയാള ഭാഷയുടെ സമഗ്ര വികാസത്തിന് ഉപകരിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതായിരുന്നു ബില്‍. 

നിയമസഭ പാസാക്കിയ ബില്ലിന് എന്ത് സംഭവിച്ചു
കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ട ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിട്ടശേഷം അംഗീകാരത്തിനായി രാഷ്ട്രപതിക്ക് അയയ്ക്കുന്നതാണ് പതിവ്. എന്നാല്‍, സ്‌റ്റേറ്റ് ലിസ്റ്റില്‍പ്പെട്ട ബില്‍ ഗവര്‍ണറുടെ അംഗീകാരത്തിനു വിടാതെ ചില ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്ക് നേരിട്ട് അയച്ചതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് കരട് ബില്‍ തയ്യാറാക്കിയ നിയമസഭയുടെ മുന്‍ ഔദ്യോഗിക ഭാഷാകമ്മിറ്റി ചെയര്‍മാനും മുന്‍ ഡെപ്യൂട്ടിസ്പീക്കറുമായ പാലോട് രവി അഴിമുഖത്തോട് പ്രതികരിച്ചത്. 1969ലെ ഔദ്യോഗിക ഭാഷാ നിയമപ്രകാരം, ഇംഗ്ലീഷും മലയാളവുമാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ. തമിഴും കന്നഡയും പോലെ മലയാളം നമ്മുടെ മാതൃഭാഷയാണ്. മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിനുവേണ്ടിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ മുന്നോട്ടുവെച്ച ഭേദഗതികളെല്ലാം ഉള്‍പ്പെടുത്തി രാത്രിയോടെയാണ് ബില്‍ പാസാക്കിയത്. എന്നാല്‍, സഭ പാസാക്കിയ ബില്‍ പിന്നീട് കാണാതായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍, ഉദ്യോഗസ്ഥര്‍ ബില്‍ നേരേ രാഷ്ട്രപതിക്ക് അയച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഏതെങ്കിലും തരത്തിലുള്ള അഭ്യൂഹമാണോ അതൊന്നും അറിയില്ല. ആ ബില്‍ ഗവര്‍ണര്‍ ഒപ്പുവെക്കേണ്ടതായിരുന്നു. അത് രാഷ്ട്രപതിക്ക് അയക്കേണ്ട കാര്യമില്ലായിരുന്നു. 

പിന്നീടുവന്ന പിണറായി വിജയന്‍ സര്‍ക്കാര്‍, കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ അംഗങ്ങള്‍ പാസാക്കിയ ബില്‍ നിയമമാക്കാനല്ല ശ്രമിച്ചത്. പകരം 2017ല്‍ പുതിയ ബില്‍ കൊണ്ടുവന്നു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധിത ഭാഷയായി പഠിപ്പിക്കുന്നതിനുള്ളതായിരുന്നു ബില്‍. ഇംഗ്ലീഷ് അല്ലെങ്കില്‍ മലയാളം എന്ന് വ്യവസ്ഥ ചെയ്യുന്ന 1969ലെ മൂലനിയമം നിലനില്‍ക്കെയാണ് അത്തരമൊരു ബില്‍ കൊണ്ടുവന്നത്. സ്വഭാവികമായും അതിന് എതിര്‍പ്പുകള്‍ വന്നുതുടങ്ങി. നിയമസഭ അംഗീകരിച്ച ബില്‍ എവിടെയെന്ന് കണ്ടെത്തി ഗവര്‍ണറെക്കൊണ്ട് പാസാക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടതെന്നും പാലോട് രവി പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള അന്വേഷണത്തിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നല്‍കിയെന്ന വിവരമാണ് ഇതുമായി ബന്ധപ്പെട്ടവരില്‍ നിന്നും ലഭിക്കുന്നത്. ബില്‍ അംഗീകാരത്തിന് അയച്ചതില്‍ സാങ്കേതിക പിഴവ് ഉണ്ടായിട്ടുണ്ടോയെന്ന ചോദ്യങ്ങള്‍ക്ക്, കാര്യങ്ങള്‍ പരിശോധിച്ചശേഷം അറിയിക്കാമെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മറുപടി.