ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്ക് ആരെങ്കിലും തയ്യാറെടുത്താല്‍ സഹകരിക്കും : ഉമ്മന്‍ചാണ്ടി

 
oommen chandy


ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപനം കോണ്‍ഗ്രസില്‍ പുതിയ പോരിന് തുടക്കമിട്ടിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിനായുള്ള ചര്‍ച്ചകളുണ്ടായേക്കുമെന്ന റിപോര്‍ട്ടുകള്‍ക്കിടെ വിഷയത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരിക്കുകയാണ്. ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് ആരെങ്കിലും തയ്യാറെടുത്താല്‍ സഹകരിക്കുമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. 

''കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി നടത്തുന്ന ചര്‍ച്ചകളോട് സഹകരിക്കും, ചര്‍ച്ചകള്‍ നടത്തണോയെന്ന് തീരുമാനിക്കേണ്ടത് അവരാണ്. ചര്‍ച്ചകളുണ്ടായാല്‍ അതിനോട് പൂര്‍ണമായും സഹകരിക്കുന്ന നിലപാടായിരിക്കും തന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയെന്നും'' ഉമ്മന്‍ചാണ്ടി പറഞ്ഞു. 

അതേസമയം പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ തീര്‍ന്നോ എന്ന ചോദ്യത്തിന് ഇനിയും ദിവസങ്ങളുണ്ടല്ലോ എന്നായിരുന്നു മറുപടി. എന്നാല്‍ ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ചകള്‍ നടത്തിയെന്നതിന് തെളിവായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഡയറി ഉയര്‍ത്തി കാട്ടിയ സംഭവത്തോട് അദ്ദേഹം പ്രതികരിച്ചില്ല. 

തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കും. ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം താരിഖ് അന്‍വര്‍ മുന്‍കൈ എടുത്താവും സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നപരിഹാ ചര്‍ച്ചകള്‍ നടക്കുക. ഇതിന്റെ സൂചനയും ഉമ്മന്‍ചാണ്ടി നല്‍കി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തന്നെ വീണ്ടും പ്രശ്‌ന പരിഹാരത്തിനായി എത്തുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.  കേരളത്തിന്റെ സംഘടന ചുമതലയുള്ള നേതാവാണ് താരിഖ് അന്‍വറെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസത്തെ രമേശ് ചെന്നിത്തലയുടെ പ്രതികരണത്തില്‍ മറുപടി പറയാനും ഉമ്മന്‍ചാണ്ടി തയാറായില്ല. ഡിസിസി പുനഃസംഘടനയില്‍ തന്നോട് ആലോചിച്ചില്ലെങ്കിലും മുതിര്‍ന്ന നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയോട് അഭിപ്രായം ചോദിക്കണമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.