ദിലീപിന്റെ അറസ്റ്റ് ഉണ്ടാകുമോ? ഒന്നും വിട്ടുപറയാതെ ക്രൈം ബ്രാഞ്ച്

തോക്കോ ദൃശ്യങ്ങളോ കണ്ടെത്താനായില്ല, മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
 
dileep raid

 അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തീരുമാനം പ്രതികൂലമായാല്‍ ദിലീപിന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങള്‍ പോകാം. നടനെ ചോദ്യം ചെയ്യുന്നതിലോ, അറസ്റ്റ് ചെയ്യുന്നതിലോ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നും എന്തു നീക്കമുണ്ടാകുമെന്നതിനെ കുറിച്ച് സൂചനകളൊന്നും വന്നിട്ടില്ല. വ്യാവാഴ്ച്ച ദിലീപിന്റെ വീട്ടിലും നിര്‍മാണ കമ്പനിയിലും സഹോദരന്റെ വീട്ടിലും നടന്ന റെയ്ഡിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ച എഡിജിപി എസ് ശ്രീജിത്ത് ഇത് സംബന്ധിച്ച ചോദ്യങ്ങളോട് വ്യക്തമായി പ്രതികരിച്ചിരുന്നില്ല. കോടതി അനുമതിയോടെയാണ് ദിലീപിന്റെ വീട്ടിലും സ്ഥാപനത്തിലും റെയ്ഡ് നടന്നത്. അന്വേഷണം ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തനാവില്ല. ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ചും ഇപ്പോള്‍ പറയാനാവില്ല. വിഐപി യുടെ കാര്യത്തിലടക്കം അന്വേഷണം തുടരും എന്നായിരുന്നു എഡിജിപിയുടെ പ്രതികരണം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്നും എഡിജിപി വ്യക്തമാക്കിയിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടു മുമ്പായി റെയ്ഡ് നടത്തിയത് നിര്‍ണായകമായ വിവരങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം തന്നെയായിരുന്നു. ഏഴുമണിക്കൂറോളമാണ് റെയ്ഡ് നീണ്ടത്. രണ്ട് പെന്‍ഡ്രൈവുകള്‍, അഞ്ചു മൊബൈല്‍ ഫോണുകള്‍, രണ്ട് മൊബൈല്‍ ടാബുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പരിശോധന സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ ദിലീപിന്റെ പേഴ്‌സണല്‍ ഫോണുമുണ്ട്. ദിലീപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടപ്രകാരം രേഖാമൂലം എഴുതി നല്‍കിയാണ് ഫോണ്‍ കസ്റ്റഡയില്‍ എടുത്തത്, ഫോണില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകള്‍ ദിലീപിന് തിരികെ നല്‍കുകയും ചെയ്തു. 

'ആത്മഹത്യാശ്രമം'; പ്രതികരണവുമായി ഭാമ

കേസില്‍ ഏറ്റവും നിര്‍ണായകമായ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആദ്യഘട്ടത്തില്‍ അന്വേഷണസംഘത്തിന് കണ്ടെത്താനായിരുന്നില്ല. ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ കായലില്‍ എറിഞ്ഞു നശിപ്പിച്ചതായിട്ടാണ് ഒന്നാം പ്രതി പള്‍സര്‍ സുനി നല്‍കിയ മൊഴി. എന്നാല്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് ഈ ദൃശ്യങ്ങള്‍ ആലുവയിലെ വീട്ടില്‍വച്ച് കണ്ടതിന് താന്‍ സാക്ഷിയായെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് അന്വേഷണസംഘത്തിന് പുതിയ വഴി തുറന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്നു കണ്ടുവെന്ന വെളിപ്പെടുത്തലിനു പുറമെ, ഇതേ വീട്ടില്‍ വച്ച് തന്നെ പള്‍സര്‍ സുനിയെ താന്‍ ഒന്നില്‍ കൂടുതല്‍ തവണ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയശേഷം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയതും ആലുവ പാലസിന് സമീപത്തുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടില്‍ വച്ചായിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. ഈ കേസിലെ നിര്‍ണായക സാന്നിധ്യമായ ഒരു വി ഐ പിയും പത്മസരോവരത്തില്‍ എത്തിയിരുന്നു. ഇയാളാണ് ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയതെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ഈ വെളിപ്പെടുത്തലുകളുടെയെല്ലാം അടിസ്ഥാനത്തിലായിരുന്നു ക്രൈം ബ്രാഞ്ച് സംഘം റെയ്ഡിന് എത്തിയത്.

ദിലീപിന്റെ വീട്ടില്‍ ക്രൈബ്രാഞ്ച് നടത്തിയ പരിശോധന സൗഹാര്‍ദപരമായിരുന്നുവെന്നാണ് പരിശോധനക്ക് സാക്ഷിയാകാന്‍ അന്വേഷണ സംഘം വിളിച്ച് വരുത്തിയ ആലുവ നഗരസഭ കൗണ്‍സിലര്‍ ജയകുമാര്‍ പറയുന്നത്. അന്വേഷണ സംഘത്തോട് ദിലീപും കുടുംബവും പൂര്‍ണമായി സഹകരിച്ചു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക്12 മണിയോടെയാണ് ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ ദിലീപിന്റെ വീടായ പത്മ സരോവരത്തില്‍ പരിശോധനയ്ക്ക് എത്തിയത്. സാക്ഷികളാകാനെത്തിയ റവന്യു ഉദ്യോഗസ്ഥയും താനുമടക്കമുള്ളവര്‍ ആറു മണിക്കൂറോളം വീടിനുളളില്‍ ഇരിക്കേണ്ടി വന്നു. ഭക്ഷണം കഴിക്കാതിരുന്ന തങ്ങള്‍ക്കെല്ലാം കാവ്യ ചായയും ബിസ്‌ക്കറ്റും നല്‍കി. പരിശോധന നീണ്ടതോടെ എല്ലാവരും ക്ഷീണിതരായിരുന്നു. കണ്ടെടുത്ത വസ്തുക്കളെല്ലാം ഞങ്ങളുടെ സാന്നിദ്ധ്യത്തിലാണ്മുദ്ര വച്ചത്. തന്റെ വാര്‍ഡില്‍ താമസക്കാരനായ ദിലീപിന്റെ വീട്ടില്‍ പോലീസ് പരിശോധന അറിഞ്ഞെത്തിയപ്പോഴാണ് ക്രൈബ്രാഞ്ച് എസ്.പി സാക്ഷിയാകാന്‍ ആവശ്യപ്പെട്ടതെന്നും ജയകുമാര്‍ പറഞ്ഞു.

അഭ്യൂഹങ്ങള്‍ നിറഞ്ഞ കഥാപാത്രമായി 'പത്മസരോവരം'

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്നു കണ്ടുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ആ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും റെയ്ഡിലുണ്ടായിരുന്നു. എന്നാല്‍ അത്തരത്തിലൊന്നും പരിശോധനയില്‍ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. ദൃശ്യങ്ങള്‍ ഇതിനകം ഡിലീറ്റ് ചെയ്തിട്ടുണ്ടാകുമെന്നാണ് നിഗമനം. പിടിച്ചെടുത്തിരിക്കുന്ന പെന്‍ഡ്രൈവുകളിലോ ഹാര്‍ഡ് ഡിസ്‌കുകളിലോ ദൃശ്യങ്ങള്‍ കോപ്പി ചെയ്തിട്ടുണ്ടെങ്കില്‍, അവ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുക്കാമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘത്തിനുള്ളത്. ദിലീപിന്റെ നിര്‍മാണ കമ്പിനിയായ ഗ്രാന്റ് പ്രൊഡക്ഷന്റെ ഓഫിസില്‍ ദൃശ്യങ്ങള്‍ സൂക്ഷിരുന്നോ എന്ന സംശയത്തിലാണ് അവിടെ പരിശോധന നടത്തിയത്.

ദൃശ്യത്തിനൊപ്പം ഒരു തോക്കിനുവേണ്ടിയും അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്ന സമയത്ത് ദിലീപിന്റെ കൈവശം ഒരു തോക്ക് ഉണ്ടായിരുന്നുവെന്നാണ് ആരോപണം. ദിലീപിന് തോക്ക് ലൈസന്‍സ് ഇല്ലാത്തതിനാല്‍ അങ്ങനെയൊരു തോക്ക് ഉണ്ടെങ്കില്‍ അത് നിയമവിരുദ്ധമായി നടന്‍ കൈവശം വച്ചിരുന്നതാകാമെന്നായിരുന്നു നിഗമനം. എന്നാല്‍ റെയ്ഡില്‍ തോക്ക് കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം.

ദിലീപിന്റെ അറസ്റ്റ്; കലാഭവന്റെ പാരമ്പര്യവും ആബേലച്ചന്റെ ശിരസും ഇപ്പോള്‍ താഴ്ന്നിരിക്കുകയായിരിക്കാം