കോണ്‍ഗ്രസുകാരനായി തുടരും, കെ റെയിലിനെ അന്ധമായി എതിര്‍ക്കരുത്, വികസനത്തോടൊപ്പമാണ് എപ്പോഴും നില്‍ക്കുന്നത്'

 
thomas mash

കോണ്‍ഗ്രസുകാരനായി തുടരുമെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന നേതാവ് കെ.വി. തോമസ്. കെ റെയിലിനെ അന്ധമായി എതിര്‍ക്കരുതെന്നും വികസന പദ്ധതികള്‍ക്കൊപ്പമാണ് താനെന്നും കെ.വി. തോമസ് പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും എക്സിക്യൂട്ടീവ് അംഗം എന്ന ചുമതലയില്‍ നിന്നും കെ.വി. തോമസിനെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 11ന് താരിഖ് അന്‍വറിന്റെ സന്ദേശം ലഭിച്ചു. രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും കെ.പി.സി.സി നിര്‍വാഹക സമിതിയില്‍ നിന്നുമാണ് മാറ്റിയത്. എ.ഐ.സി.സി അംഗത്വങ്ങളില്‍ നിന്ന് മാറ്റിയിട്ടില്ല. ഇവ രണ്ടും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളാണ്. കെ വി  തോമസ് പറഞ്ഞു.

വികസനകാര്യങ്ങളില്‍ രാഷ്ട്രീയമില്ലെന്നും തൃക്കാക്കര തെരെഞ്ഞെടുപ്പില്‍ വികസന രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുമെന്നും കെ.വി തോമസ്. താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. വികസനത്തോടൊപ്പമാണ് എപ്പോഴും നില്‍ക്കുന്നത്. അതില്‍ അനാവശ്യ രാഷ്ട്രീയമില്ല. അതുകൊണ്ടാണ് കെ റെയിലിനെ അന്ധമായി എതിര്‍ക്കരുത് എന്ന് പറഞ്ഞത്. പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പഠിച്ച് അതിന് പരിഹാരമുണ്ടാക്കണമെന്നും കെ.വി. തോമസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം എറണാകുളത്തുനിന്ന് തിരുവനന്തപുരത്ത് എത്താന്‍ എട്ട് മണിക്കൂറാണ് എടുത്തത്. അത് ഗുണകരമാണോയെന്നും കെ.വി തോമസ് ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടറിഞ്ഞ ശേഷമായിരിക്കും തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങുന്ന കാര്യം തീരുമാനിക്കുക. കോണ്‍ഗ്രസ് കാഴ്ചപ്പാടും ശൈലിയുമാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.