'പണത്തിനു മീതെ പരുന്ത് പറക്കുമോ? ഞാനായിട്ട് ഒന്നും കൊടുക്കണ്ടല്ലോയെന്നോര്‍ത്ത് മിണ്ടാത്തതാണ്': പള്‍സര്‍ സുനി

ദിലീപിന്റെ വീട്ടില്‍ വച്ചും ഹോട്ടലില്‍ വച്ചും രണ്ടുമൂന്നുവട്ടം ബാലചന്ദ്ര കുമാറിനെ കണ്ടിട്ടുണ്ടെന്നാണ് സുനി പറയുന്നത്
 
pulsur suni

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ വഴിത്തിരിവുകള്‍. സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ കണ്ടിട്ടുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. കേസിലെ സാക്ഷിയും സഹതടവുകാരനുമായിരുന്ന ജിന്‍സും സുനിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലാണ് പ്രധാനപ്പെട്ട ഈ വെളിപ്പെടുത്തല്‍ ഉള്ളത്. ജയിലില്‍ വച്ച് നടന്നുവെന്ന് പറയുന്ന ഈ ഫോണ്‍ സംഭാഷണത്തില്‍ സുനിയുടെ തുറന്നു പറച്ചിലുകള്‍ ഒന്നുമില്ലെങ്കിലും ഇപ്പോള്‍ പുറത്തു വരുന്ന പല ആരോപണങ്ങളും ശരിവയ്ക്കുന്ന തരത്തിലാണ് സുനി സംസാരിക്കുന്നത്.

ദിലീപിന്റെ വീട്ടില്‍ വച്ചും ഹോട്ടലില്‍ വച്ചും രണ്ടുമൂന്നുവട്ടം ബാലചന്ദ്ര കുമാറിനെ കണ്ടിട്ടുണ്ടെന്നാണ് സുനി പറയുന്നത്. ഒരിക്കല്‍ ദിലീപിന്റെ സഹോദരന്‍ അനുൂപിനും സുനിക്കുമൊപ്പം വാഹനത്തില്‍ താനും യാത്ര ചെയ്തിട്ടുണ്ടെന്ന് ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇത്രയും പണം ബസില്‍ കൊണ്ടുപോകുന്നത് റിസ്‌കല്ലേ എന്ന് അനൂപ് സുനിയോട് ചോദിക്കുന്നത് കേട്ടിരുന്നുവെന്നും ബാലചന്ദ്ര കുമാറിന്റെ മൊഴിയിലുണ്ട്. ഇക്കാര്യം സമ്മതിക്കുകയാണ് സുനി. നിങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ടോയെന്നു ജിന്‍സ് ചോദിക്കുമ്പോള്‍, ഒരിക്കല്‍ പോയിട്ടുണ്ടെന്നാണ് സുനി പറയുന്നത്. കേസില്‍ ദിലീപിനെതിരേ മൊഴി നല്‍കിയ വ്യക്തിയാണ് ജിന്‍സ്. മൊഴി മാറ്റിപ്പറയാന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്നും ജിന്‍സ് വെളിപ്പെടുത്തിയിരുന്നു.

മറ്റൊരു നിര്‍ണായക വെളിപ്പെടുത്തല്‍ എന്നു പറയാവുന്നത്, ഈ കേസില്‍ തന്നെ മാത്രം അകപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് പരോക്ഷമായി സുനി സൂചിപ്പിക്കുന്നതാണ്.  നീ മാത്രം എന്തിനാടാ ഇതിനകത്ത് കിടക്കുന്നത്. ഒരു തെറ്റ് ചെയ്തിട്ട് ഒരാള്‍ മാത്രം അനുഭവിക്കേണ്ട കാര്യമില്ല, എല്ലാവരും ഈക്വലായി അനുഭവിക്കണം എന്നു ജിന്‍സ് പറയുമ്പോള്‍, പണത്തിനു മീതെ പരുന്ത് പറക്കുമോ എന്ന് കണ്ടറിഞ്ഞ് കാണണം എന്നാണ് സുനി പറയുന്നത്.

ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ചും പള്‍സര്‍ സുനി അറിഞ്ഞിട്ടുണ്ടെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. ഞാനായിട്ട് ഒന്നും കൊടുക്കണ്ടല്ലോ എന്നോര്‍ത്ത മിണ്ടാതിരിക്കുന്നതാണ്. ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ വന്നതെന്ന് അറിയില്ലെന്നാണ് ബാലചന്ദ്രകുമാര്‍ പുറത്തു പറഞ്ഞകാര്യങ്ങളെ കുറിച്ച് ജിന്‍സിനോട് സുനി പറയുന്നത്.

പിടിക്കപ്പെടുന്നതിന് മുമ്പ് സുനി എഴുതി അമ്മയെ രഹസ്യമായി ഏല്‍പ്പിച്ചുവെന്നു പറയുന്ന കത്തിലും തന്നെ മാത്രം കേസില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നു സൂചിപ്പിക്കുന്നുണ്ട്. സുനിയുടെ അമ്മ മാധ്യമങ്ങളെ ഏല്‍പ്പിച്ച രണ്ട് പേജുള്ള കത്തില്‍ ദിലീപ് തന്നെ ചതിക്കുകയാണെന്ന പരാതിയാണ് സുനി രേഖപ്പെടുത്തിയിരിക്കുന്നത്. എനിക്ക് എന്തു ശിക്ഷ കിട്ടിയാലും പരിഭവമോ പരാതിയോ ഇല്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, അതെനിക്കു വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്നു വര്‍ഷം മുമ്പുള്ള കാര്യം ഞാന്‍ പുറത്തു പറഞ്ഞാല്‍ ജനം ആരാധിക്കുകയല്ല തല്ലിക്കൊല്ലും എന്ന് മറക്കണ്ട' എന്നാണ് കത്തില്‍ ദിലീപിനോടുള്ള മുന്നറിയിപ്പുപോലെ പള്‍സര്‍ സുനി എഴുതിയിരിക്കുന്നത്. പൊലീസിന്റെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടും ദിലീപിനെ കുറിച്ച് തങ്ങള്‍ ഒന്നും പറഞ്ഞില്ലെന്നും, എന്നാല്‍ തിരിച്ച് ചതിയാണ് ദിലീപ് തങ്ങളോട് ചെയ്തതെന്നുമാണ് പള്‍സര്‍ സുനിയുടെ പരാതി. ' യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനോടുള്ള സ്നേഹത്താല്‍ മുരളുകയും കുരയ്ക്കുകയും ചെയ്യും. പക്ഷേ, അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍, ഒന്നിനും പറ്റില്ല എന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്നു പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം' എന്നു പറഞ്ഞാണ് പേര് വയ്ക്കാത്ത കത്ത് അവസാനിക്കുന്നത്.

ദിലീപിന് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണവും സുനിയുടെ കത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോള്‍, മലയാള സിനിമ ലോകത്ത് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നടി പാര്‍വതിയും പറഞ്ഞത്. ഇക്കാര്യങ്ങള്‍ വിശദമായി ജസ്റ്റീസ് ഹേമ കമ്മീഷനു മുന്നില്‍ പറഞ്ഞിട്ടുണ്ടെന്നും പല പ്രമുഖരുടെയും പേരുകള്‍ പുറത്തുവരുമെന്ന് ഭയന്നാകണം കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാത്തതെന്നും പാര്‍വതി പരാതിപ്പെടുന്നുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥരെ അപയാപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചു എന്ന ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ് ഐ ആര്‍ ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് സുനിയുടെ സംഭാഷണം പുറത്തു വന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ബാലചന്ദ്രകുമാര്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന കാര്യവും പുറത്തു പറഞ്ഞത്.

ഡി ഐ ജി എ വി ജോര്‍ജ് മാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യം യൂട്യൂബില്‍ ഫ്രീസ് ചെയ്ത് വച്ച് ജോര്‍ജിനു നേരെ കൈചൂണ്ടി, സന്ധ്യയും സോജനും സുദര്‍ശനും ബൈജു പൗലോസും പിന്നെ ജോര്‍ജും അനുഭവിക്കാന്‍ പോവുകയാണെന്ന് ദിലീപ് പറഞ്ഞുവെന്നാണ് ക്രൈം ബ്രാഞ്ച് എഫ് ഐ ആറില്‍ പറയുന്നത്. തന്റെ ദേഹത്ത് കൈവച്ച സുദര്‍ശന്റെ കൈവെട്ടണം എന്നു ദിലീപ് പറഞ്ഞതായി ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയില്‍ ഉണ്ടെന്നും എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൈജു പൗലോസ് നാളെ പോകുമ്പോള്‍ ഏതെങ്കിലും വല്ല ട്രക്കോ അല്ലെങ്കില്‍ വല്ല ലോറിയോ വന്ന് സൈഡിലിടിച്ചാല്‍ ഒന്നരക്കോടി കൂടി കരുതേണ്ടി വരുമല്ലേ എന്ന് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് പറഞ്ഞുവെന്നും ഇത് ബാലചന്ദ്രകുമാര്‍ നേരിട്ട് കാണാനും കേള്‍ക്കാനും ഇടയായി എന്നും എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ആണ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും അന്വേഷണം നടത്തുക എറണാകുളം ക്രൈംബ്രാഞ്ച് ആയിരിക്കും. ഗൂഢാലോചന നടന്നത് ആലുവയിലുള്ള ദിലീപിന്റെ വീട്ടില്‍വച്ചായിരുന്നു എന്ന് മൊഴിയിലുള്ളതുകൊണ്ടാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിക്കുന്നത്. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, അനൂപിന്റെ ഭാര്യാസഹോദരന്‍ അപ്പു, ദിലീപിന്റെ സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും കണ്ടാലറിയുന്ന മറ്റൊരാളെയുമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. മൊഴി സാധൂകരിക്കുന്നതിനായി ചില ഓഡിയോ സന്ദേശങ്ങളും ബാലചന്ദ്രകുമാര്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

ഇപ്പോഴത്തെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ആദ്യം പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാനായിരിക്കും സാധ്യതയെന്നാണ് അറിയുന്നത്. ഇപ്പോള്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണത്തെ കുറിച്ച് അടക്കം ചോദിച്ചറിഞ്ഞേക്കും. അതിനുശേഷമായിരിക്കും ദിലീപിലേക്ക് പോകുന്നത്. അതേസമയം, ഇപ്പോഴത്തെ കേസും വെളിപ്പെടുത്തലുകളുമെല്ലാം ഗൂഢാലോചനയാണെന്ന പ്രതിരോധവുമായി ദിലീപും കോടതിയെ സമീപിച്ചേക്കുമെന്ന വിവരവും പുറത്തു വരുന്നുണ്ട്.