സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുമോ? കോവിഡ് അവലോകന യോഗം ഇന്ന്

 
covid

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുമോ എന്ന് ഇന്നറിയാം. ഓണത്തിനുശേഷമുള്ള കോവിഡ് സാഹചര്യം ഇന്ന് വിലയിരുത്തും. രാവിലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യോഗം ചേരും. വൈകിട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗവും നടക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന രോഗബാധിതരുടെ എണ്ണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കേണ്ടതുണ്ടോയെന്നും യോഗം ചര്‍ച്ച ചെയ്യും. 

സംസ്ഥാനത്ത് നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്. എല്ലാക്കാലത്തും അടച്ചിടാന്‍ സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. അതിനാലാണ് കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ കുറച്ചത്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കുറേ പേര്‍ അത് പാലിക്കുന്നതായി കണ്ടു. എന്നാല്‍ പലയിടങ്ങളിലും ആള്‍ത്തിരക്കുണ്ടാകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വലിയ ഭീഷണിയിലാണ് പല പ്രദേശങ്ങളും. മാത്രമല്ല മൂന്നാം തരംഗത്തിന്റെ ഭീഷണിയുമുണ്ട്. അതിനാല്‍ തന്നെ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ എല്ലാവരും ഒരുപോലെ അതീവ ജാഗ്രത പാലിക്കണം.

മുതിര്‍ന്നവരെ പോലെ കുട്ടികള്‍ക്കും കോവിഡ് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ അത് സ്വാഭാവികമായും വീട്ടിലുള്ള മറ്റുള്ളവരിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ നിര്‍ബന്ധമായും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കണം. വയോജനങ്ങള്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും രോഗം വന്നാല്‍ മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ട്. അടച്ചിട്ട സ്ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമാണ്. അതിനാല്‍ തന്നെ സ്ഥാപനങ്ങളും ഓഫീസുകളും ജാഗ്രത പാലിക്കണം. ഭക്ഷണം കഴിക്കുമ്പോഴും കൈ കഴുകുമ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പടരാന്‍ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.