ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ ഒരു സാക്ഷി കൂടി മരിച്ചു, ദൂരൂഹമെന്നും അന്വേഷിക്കണമെന്നും സേവ് സിസ്റ്റേഴ്സ് ഫോറം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുഖ്യ പ്രതിയായ ലൈംഗികാതിക്രമ കേസിലെ മറ്റൊരു സാക്ഷി കൂടി മരിച്ചു. കേസിലെ 33-ാം സാക്ഷിയായ കോടനാട് വേഴപ്പള്ളി വീട്ടില്‍ സിജോയ് ജോണ്‍(40) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലായിരിക്കൊണ് മരണം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ കേസില്‍ വാദം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കേസിലെ പ്രധാന സാക്ഷികളിലൊരാളായ സിജോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സേവ് ഔര്‍ സിസ്റ്റേഴ്സ് ആരോപിച്ചു. മരണത്തിലെ ദുരൂഹത പരിശോധിക്കണമെന്നും എസ് ഒ എസ് ആവശ്യപ്പെട്ടു. 2018 ഒക്ടോബറില്‍ കേസിലെ മറ്റൊരു സാക്ഷിയും മരണപ്പെട്ടിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പോലീസില്‍ മൊഴി നല്കിയ ഫാ. കുര്യാക്കോസ് കാട്ടുതറയാണ് അന്ന് ജലന്ധറില്‍ മരണരപ്പെട്ടത്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ച് ജലന്ധറില്‍ തിരിച്ചെത്തി ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന ഈ മരണത്തില്‍ മരിച്ച വൈദികന്റെ ബന്ധുക്കളടക്കം ദുരൂഹത ആരോപിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ താമസ സ്ഥലത്ത് അവശ നിലയില്‍ കണ്ടെത്തി സിജോയിയെ ആലുവയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ വൈകിട്ടോടെ മരിച്ചു. ഫ്രാങ്കോ കേസില്‍ ഈ മാസം 16ന് വിചാരണ തുടങ്ങാനിരിക്കുകയാണ്. ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്ഥനായി അറിയപ്പെടുന്ന ഫാ. ആന്റണി വേഴപ്പിള്ളിയുടെ സഹോദരനുമാണ് മരിച്ച സിജോയ്. ലൈംഗികാതിക്രമത്തിന് ഇരയായ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ക്കെതിരെ ബിഷപ്പ് ഫ്രാങ്കോയുടെ പി ആര് ഒ മുമ്പ് കേസ് നല്‍കിയിരുന്നു. ഈ കേസില്‍ പ്രധാന സാക്ഷിയായിരുന്നു സിജോയ്. ബിഷപ്പ് കേരളത്തില്‍ വന്നാല്‍ കൊന്ന് കളയുമെന്ന് കന്യാസ്ത്രീയുടെ സഹോദരന് സിജോയിയെ ഭീഷണിപ്പെടുത്തിയതായി സിജോയി എഴുതിയ കത്ത് പി ആര് ഒ നല്കിയ കേസില്‍ തെളിവായി ഹാജരാക്കിയിരുന്നു. എന്നാല്‍ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ സിജോയിയില് നിന്ന് ഈ കത്ത് എഴുതി വാങ്ങുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി. ജലന്ധര്‍ ബിഷപ്പ് ഹൗസിലെ ഡ്രൈവര്‍ ആയിരുന്നു സിജോയ്. കേരളത്തിലായിരുന്ന സിജോയിയെ വിമാന ടിക്കറ്റ് അയച്ച് നല്കി കത്ത് എഴുതി വാങ്ങുകയായിരുന്നു എന്നും. ബിഷപ്പിന്റെ സാന്നിധ്യത്തില്‍ മറ്റൊരു വൈദികന് പറഞ്ഞ് നല്കിയ കാര്യങ്ങള്‍ താന്‍ എഴുതുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ പോലീസിന് മൊഴിയും നല്‍കിയിരുന്നു. തന്നെ കന്യാസ്ത്രീയുടെ സഹോദരന് ഭീഷണിപ്പെടുത്തിയിട്ടില്ല എന്നും സിജോയ് പോലീസിന് മൊഴി നല്കി. തുടര്‍ന്ന് ഫ്രാങ്കോ കേസ് അന്വേഷിക്കുന്ന കുറുവിലങ്ങാട് പോലീസിലേക്ക് ഈ കേസ് കൈമാറി. ലൈംഗികാതിക്രമ കേസില്‍ പ്രധാന രേഖയായേക്കാവുന്ന സിജോയിയുടെ മൊഴിയും അത് സംബന്ധിച്ച കാര്യങ്ങളും തെളിയിക്കുന്നതിനായി ഇയാളെയും കേസില്‍ സാക്ഷി ചേര്‍ക്കുകയായിരുന്നു. ഇതിന് പുറമെ കുറുവിലങ്ങാട് മഠത്തിലെ ഇതരസംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പോലീസ് സിജോയിക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എസ് ഒ എസ് ജോയിന്റ് കണ്‍വീനര്‍ ഷൈജു ആന്റണി പറയുന്നു ' കേസിന്റെ വിചാരണ തുടങ്ങാനിരിക്കുന്നു. സിജോയി എഴുതിയ കത്ത് ബിഷപ്പിന്റെ അറിവോടെ എഴുതിച്ചതാണെന്ന കാര്യം മുമ്പ് തന്നെ വ്യക്തമായതാണ്. അക്കാര്യം കോടതിയിലും മൊഴിയായി പറഞ്ഞാല്‍ അത് ബിഷപ്പിന് തിരിച്ചടിയായേക്കാം. സിജോയിയുടെ മരണ കാരണം എന്തെന്ന് വ്യക്തമല്ല. എന്നാല്‍ അതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ആ ആശങ്ക നീക്കണം. യഥാര്‍ഥ മരണ കാരണം അന്വേഷിക്കണം.' സാക്ഷികള്‍ക്ക് നേരെ നിരന്തരം ഭീഷണിയുണ്ടാവുന്നതായും ഷൈജു ആന്റണി പറയുന്നു. മറ്റൊരു സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേലിനെ കഴിഞ്ഞ ദിവസം ഒരാള്‍ ഭീക്ഷണിപ്പെടുത്തിയെന്നും അക്കാര്യവും സിജോയിയുടെ മരണവും കൂട്ടി വായിക്കുമ്പോള്‍ ആശങ്കയേറുന്നതായും അദ്ദേഹം പ്രതികരിച്ചു.
