മുല്ലപ്പെരിയാറിലെ മരം മുറി; വിവാദങ്ങള്‍ മൂര്‍ച്ഛിക്കുന്നു

പരസ്പരം പഴിചാരി വനം-ജല വകുപ്പുകള്‍
 
mullaperiyar
ഉദ്യോഗസ്ഥരെ പഴിചാരി സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം

മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിക്കൊണ്ട് ഇറങ്ങിയ ഉത്തരവ് റദ്ദ് ചെയ്തിട്ടും അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മന്ത്രിസഭ അറിയാതെയെന്നു പറയുന്ന വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്‌തെങ്കിലും സര്‍ക്കാര്‍ ഇപ്പോഴും സംശയത്തിന് നിഴലില്‍ തന്നെ നില്‍ക്കുകയാണ്. ഉദ്യോഗസ്ഥരുടെ ചുമലില്‍ എല്ലാ കുറ്റങ്ങളും ചാരി രക്ഷപ്പെടാനുള്ള കളിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ കളിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള തെളിവുകളും പുറത്തു വരുന്നുണ്ട്.

മരം മുറി വിവാദത്തില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രനും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും രണ്ടു തട്ടിലായതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലുമായിട്ടുണ്ട്. മരങ്ങള്‍ മുറിക്കുന്നതിനുള്ള തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചത്. ജൂണ്‍ 11നു ബേബി ഡാമില്‍ കേരളതമിഴ്നാട് സംയുക്ത പരിശോധനയ്ക്കായി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരാണു പോയതെന്നും, വനം ഉദ്യോഗസ്ഥരില്ലായിരുന്നുവെന്നും ശശീന്ദ്രന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെ ഖണ്ഡിച്ച് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരല്ല, വനം ഉദ്യോഗസ്ഥരാണു പരിശോധനയ്ക്കു പോയതെന്നമാണ് റോഷി അഗസ്റ്റിന്‍ പറഞ്ഞത്. 

എന്നാല്‍ മരംമുറി വിഷയത്തില്‍ സെപ്റ്റംബര്‍ 17 ന് ചേര്‍ന്ന സെക്രട്ടറി തല യോഗത്തില്‍ തീരുമാനിച്ചിരുന്നതായാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. മരം മുറിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്ന വാദം സര്‍ക്കാരും മന്ത്രിമാരും ആവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാറിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതിന്റെ രേഖകള്‍ പുറത്തു വന്നിരിക്കുന്നത്. 

മന്ത്രിതലത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെയും മറ്റ് നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് വിവാദ ഉത്തരവിറക്കിയതെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പഴി ചാരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അണക്കെട്ടിന് പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് നല്‍കിയ അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 

മരം മുറിക്കാന്‍ ഒരു യോഗത്തിലും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചത്.  ഉത്തരവ് വിവാദത്തില്‍ ഈ മാസം ഒന്നിന് യോഗം ചേര്‍ന്നില്ലെന്നും ഉത്തരവില്‍ ജലവിഭവ വകുപ്പിന്റെ പേരുണ്ടെങ്കില്‍ കാണിക്കാനുമാണ്  റോഷി അഗസ്റ്റിന്‍ പറഞ്ഞത്. മരം മുറിക്കാന്‍ അനുമതി നല്‍കി ഈ മാസം 5 ന് പുറപ്പെടുവിച്ച ഉത്തരവില്‍, ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ അനുബന്ധ കുറിപ്പില്‍ ജലവിഭവ അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റെ ചേംബറില്‍ ഈ മാസം ഒന്നിന് യോഗം നടന്നതായി ചൂണ്ടിക്കാട്ടുന്നത്. അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ പേരിലാണു കുറിപ്പ് അയച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് താനും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി അദ്ദേഹത്തിന്റെ ചേംബറില്‍ കൂടിക്കാഴ്ച നടത്തിയെന്നും ബെന്നിച്ചന്‍ തോമസും പറയുന്നുണ്ട്. 

പുറത്തുവന്നിട്ടുള്ള തെളിവുകളില്‍ പറമ്പിക്കുളം ആളിയാര്‍ കരാര്‍ അവലോകനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 17 ലെ കേരളതമിഴ്നാട് സംയുക്ത യോഗത്തില്‍  മരംമുറി ഉത്തരവിനെക്കുറിച്ച് ജലവിഭവ അഡിഷനല്‍ ചീഫ് സെക്രട്ടറി, വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ നേരത്തേ അറിഞ്ഞിരുന്നു എന്നതിനു കൂടുതല്‍ തെളിവായി യോഗത്തിന്റെ മിനിറ്റ്സ് പറയുന്നുണ്ട്. വിഡിയോ കോണ്‍ഫറന്‍സില്‍ മരംമുറിക്കാനുള്ള അനുമതി പരിഗണനയിലാണെന്നു വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി യോഗത്തില്‍ പറഞ്ഞതും മിനിറ്റ്സിലുണ്ട്. തമിഴിനാടിന് ടി.കെ.ജോസ് നല്‍കിയ മിനിട്സിലായിരുന്നു മരംമുറിക്ക് അനുമതി നല്‍കുന്നത് പരിഗണനയിലാണെന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നത്. 

ഇതോടെയാണ് വനം വകുപ്പിനെ കൂടാതെ ജലവിഭവ വകുപ്പിനും മരം മുറിക്കലില്‍ അറിവുണ്ടായിരുന്നുവെന്ന് തെളിയുന്നത്. ജലവിഭവ അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിനും ഉത്തരവ് ഇറക്കിയതില്‍ അറിവ് ഉണ്ടായിരുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പ്രതിരോധത്തിലായി. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്കോ തന്റെ ഓഫിസിനോ അറിവുണ്ടായിരുന്നില്ലെന്നാണ് റോഷിയുടെ വൈകാരിക പ്രതികരണം. ടി കെ ജോസിനെ സംരക്ഷിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് റോഷി അഗസ്റ്റിന്‍ പറയുന്നത്. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;  'ഞാന് മുല്ലപ്പെരിയാറും അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കാന്‍ വളരെയേറെ കഷ്ടപ്പെടുന്നുണ്ട്..ടികെ ജോസിനെ രക്ഷിക്കാന്‍ ഞാന്‍ കഷ്ടപ്പെടാറില്ല. ഞാനാ വെള്ളം ഉയര്‍ന്നപ്പോള്‍ തൊട്ട് അവിടെ നില്‍ക്കുന്നവനാ. 2018ലെ മുഴുവന്‍ ദു:ഖവും നേരിട്ട് കണ്ടവനാ.അത് അപായപ്പെട്ടാല്‍ ഞാന്‍ ഉള്‍പ്പെടെ തീരുവാ.അതുകൊണ്ട് അത്തരം കാര്യങ്ങളൊന്നും എനിക്കു ബാധകമല്ല. ഞാന്‍ സ്ട്രെയിറ്റ് ഫോര്‍വേഡ് ആയി പറയുവാ.എന്റെ ഓഫീസോ ഞാനോ കണ്ടിട്ടുള്ള ഫയലല്ല. പിന്നെ ഞാന്‍ ആരോടാ ഇത് അന്വേഷിക്കേണ്ടത്...'

സെപ്റ്റംബര്‍ 17ന് കേരളവും തമിഴ്‌നാടും തമ്മില്‍ ചേര്‍ന്ന യോഗത്തില്‍ മരം മുറിക്കാന്‍ തീരുമാനിച്ചിട്ടില്ല. വിഷയം പരിഗണനയിലാണെന്നാണ് പറഞ്ഞതെന്നും നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നിട്ടില്ലെന്നും മന്ത്രി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ പൊളിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നേരത്തെ മുല്ലപ്പെരിയാറിലെ മരംമുറിക്കാനുള്ള ഉത്തരവ് സംസ്ഥാനം അറിഞ്ഞെന്ന് വ്യക്തമാക്കിയുള്ള രേഖകള്‍ പുറത്തായിരുന്നു. കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തിയെന്ന് വ്യക്തമാക്കി മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി അധ്യക്ഷന്‍ ഗുല്‍ഷന്‍ രാജ് നല്‍കിയ കത്താണ് പുറത്തായത്.