'മുഹമ്മദ് ഇസ്മായില്‍, കുഞ്ഞാറ്റയെന്ന അമേയ; മാറി മാറി വന്ന ഭരണകൂടങ്ങള്‍ കൊലപ്പെടുത്തിയ കുഞ്ഞുങ്ങള്‍' 

 
Endosulfan Victims
കേരളത്തെ 300 കിലോമീറ്ററില്‍ ഓടിക്കാന്‍ ഭാവന ചെയ്യുന്നവര്‍ ഓര്‍ക്കണം, ഇവിടെ മുട്ടിലിഴയാന്‍ പോലും കഴിയാത്ത കുഞ്ഞുങ്ങളുണ്ടെന്ന കാര്യം 

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ബാധിതരായ രണ്ട് കുട്ടികള്‍ ഇന്നലെ മരിച്ചു. പതിനൊന്നു വയസുള്ള മുഹമ്മദ് ഇസ്മായിലും അഞ്ചു വയസുകാരി, കുഞ്ഞാറ്റയെന്ന അമേയയുമാണ് ദുരിതജീവിതത്തിനൊടുവില്‍ വിട പറഞ്ഞത്. ഇതൊന്നും ഒരു സാധാരണ മരണമല്ലെന്നാണ് വിവരം പങ്കുവെച്ചുകൊണ്ട് എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് ഫേസ്ബുക്കില്‍ കുറിച്ചത്. കാല്‍ നൂറ്റാണ്ട് കാലം മാറി മാറി വന്ന ഭരണകൂടങ്ങളുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു കുഞ്ഞാണിത്, നിരവധിയായ കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞ്. നമ്മുടെ കുഞ്ഞുങ്ങളെപ്പോലെ ജീവിക്കാന്‍ ഉള്ള അവകാശം അവര്‍ക്ക് നിഷേധിക്കപ്പെട്ടെന്ന് പറയുന്ന അദ്ദേഹം ജില്ലയില്‍ ചികിത്സാ സഹായം ഒരുക്കാത്ത സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിക്കുന്നു. 2013ല്‍ മെഡിക്കല്‍ കോളേജിന്റെ പണി ആരംഭിച്ചെങ്കിലും ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ജില്ലയില്‍ എയിംസ് അനുവദിക്കാന്‍ സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. ദുരിത ബാധിതരുടെ പട്ടികയില്‍ പെടാത്തതിനാല്‍ പലര്‍ക്കും ചികിത്സാ സഹായം ഉള്‍പ്പെടെ ലഭിക്കുന്നില്ല. വിദഗ്ധ ചികിത്സക്കായി സര്‍ക്കാര്‍ ചിലവില്‍ മന്ത്രിമാര്‍ അമേരിക്കയിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ്, നാട്ടില്‍ പണവും അധികാരവുമില്ലാത്തവരുടെ മക്കള്‍, ഭരണകൂട ഭീകരതയാല്‍ അര ജീവിതങ്ങളായവര്‍ മരിച്ചുവീഴുന്നതെന്നും അദ്ദേഹം പറയുന്നു. കുറിപ്പുകള്‍ താഴെ വായിക്കാം.

മുഹമ്മദ് ഇസ്മായില്‍
പതിനൊന്ന് വയസ്സു മാത്രമുളള ഈ കുഞ്ഞ് -മുഹമ്മദ് ഇസ്മായില്‍- ഇന്ന് കാലത്ത് കര്‍ണാടകത്തിലെ യേനപ്പോയ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട വിവരം സങ്കടത്തോടെ അറിയിക്കട്ടെ. അജാനൂരിലെ മൊയ്തുവിന്റേയും മിസ്രിയയുടെയും പിഞ്ചു മകന്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്ള കുട്ടിയാണ്. നിരവധി തവണ ആശുപത്രികളില്‍ കഴിയേണ്ടിവന്നു. യേനപ്പോയയില്‍ ചികിത്സാ സഹായം കേരള സര്‍ക്കാര്‍ അവസാനിപ്പിച്ചപ്പോള്‍ ഈ കുഞ്ഞടക്കം കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടപ്പോള്‍ അമ്പലത്തറ കുഞ്ഞികൃഷ്ണനും മുനീസയും മറ്റു ചെന്ന് കലക്ടറേറ്റില്‍ ബഹളമുണ്ടാക്കിയ ശേഷമാണ് രണ്ടുമാസം മുമ്പ് വീണ്ടും അവിടെ ചികിത്സ കിട്ടിയത്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട റെമഡിയല്‍ സെല്‍ ഒന്നര വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിച്ചിട്ടില്ല. 

2016ല്‍ ഇലക്ഷനു മുമ്പ് ഈ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ചും മധുര നാരങ്ങകള്‍ വിതരണം ചെയ്തും വലിയ പ്രതീക്ഷ നല്‍കി അധികാരത്തില്‍ വന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളത്. എയിംസ് അനുവദിക്കാനും, 2013ല്‍ പണി തുടങ്ങിയ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിച്ചു തുടങ്ങാനും നിരവധി വര്‍ഷങ്ങളായി സമരം നടക്കുന്നു. ഇന്നലെ മുഖ്യമന്ത്രി ജില്ലയില്‍ എത്തിയെങ്കിലും എയിംസിന്റെ കാര്യമോ ദുരിതബാധിതര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടില്ല.

പ്രിയപ്പെട്ടവരെ, ഇത് ഒരു സാധാരണ മരണമല്ല. കാല്‍ നൂറ്റാണ്ട് കാലം മാറി മാറി വന്ന ഭരണകൂടങ്ങളുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു കുഞ്ഞാണിത്, നിരവധിയായ കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞ്. ഈ കുഞ്ഞിന് നമ്മുടെ കുഞ്ഞുങ്ങളെപ്പോലെ ജീവിക്കാന്‍ ഉള്ള അവകാശം നിഷേധിക്കപ്പെട്ടു. വളരെക്കുറച്ചു പേരേ ഈ പോസ്റ്റിലൂടെ കടന്നുപോകു എന്നെനിക്കറിയാം. രണ്ടോ മൂന്നോ പേര്‍ ഷെയര്‍ ചെയ്തു എന്നു വരാം. സാരമില്ല, പക്ഷെ വല്ലാതെ സങ്കടം വരുന്നുണ്ട് ഈ കുഞ്ഞിന്റെ മുഖം കാണുമ്പോള്‍...

കുഞ്ഞാറ്റയെന്ന അമേയ
അത്യന്തം സങ്കടത്തോടെ കുഞ്ഞാറ്റയുടെ മരണ വാര്‍ത്ത കൂടി നിങ്ങളെ അറിയിക്കട്ടെ. മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റെരു കുഞ്ഞ് കൂടി. കുഞ്ഞാറ്റ എന്ന് എല്ലാവരും വിളിച്ച അഞ്ചു വയസ്സുകാരി അമേയ. അമ്പലത്തറ മുക്കുഴിയിലെ ദളിത് കുടുംബത്തിലെ മനു-സുമിത്ര ദമ്പതികളുടെ മകള്‍. ഞങ്ങളുടെ സ്‌നേഹ വീട്ടിലെ ഓമന. തല വലുതായ കൂട്ടി. കൃഷ്‌ണേട്ടനും മുനീസയും മറ്റും ആ വീട്ടിലുണ്ട് ഇപ്പോള്‍. മുനീസ കരഞ്ഞുകൊണ്ടു ഇപ്പോള്‍ എന്നെ വിളിച്ചറിയിച്ചതാണ്. അവിടെ പോകുമ്പോഴൊക്കെ കാണുന്ന കുഞ്ഞാണ്. പല ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ആറ് മാസം മുമ്പ് ഈ കുഞ്ഞിനെ തിരുവനന്തപുരത്ത് ശ്രീ ചിത്രയില്‍ കുറച്ച് മനുഷ്യ സ്‌നേഹികളുടെ സഹായത്തോടെ എത്തിച്ച് ചികിസിച്ചിരുന്നു. കിഡ്‌നി തകരാറായി മരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയിലുണ്ട്. ജനപ്രതിനിധികള്‍ക്ക് കാണാം.

ദുരിത ബാധിതരുടെ പട്ടികയില്‍ പെടാത്തതിനാല്‍ ചികിത്സാ സഹായം സര്‍ക്കാര്‍ നല്‍കുന്നില്ല. 2016ല്‍ ഞങ്ങള്‍ തിരുവനന്തപുരത്ത് നടത്തിയ സമരത്തില്‍ മുഖ്യമന്ത്രി തന്ന ഉറപ്പ് വര്‍ഷംതോറും മെഡിക്കല്‍ ക്യാമ്പ് നടത്താം എന്നാണ്. നാലു വര്‍ഷമായി മെഡിക്കല്‍ ക്യാമ്പ് നടക്കുന്നില്ല. പിന്നെ എങ്ങനെ കുഞ്ഞാറ്റയെപ്പോലുള്ള കുഞ്ഞുങ്ങള്‍ പട്ടികയില്‍ വരും. 2017ലെ ക്യാമ്പില്‍ തിരഞ്ഞെടുക്കപ്പെട്ട 511 തീരെ വയ്യാത്ത കുട്ടികളെ ലിസ്റ്റില്‍ നിന്നും പുറത്താക്കിയപ്പോള്‍ നീണ്ട സമരം നടന്നു. അങ്ങനെയാണ് ആ 511 കുട്ടികള്‍ ലിസ്റ്റില്‍ വന്നത്.

അമ്പലത്തറ സ്‌നേഹവീട്ടില്‍ നാല്‍പ്പതിലധികം ദുരിത ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് തണലിന്റെ സഹായത്തോടെ എട്ടു തരത്തിലുള്ള സൗജന്യ തെറാപ്പി നല്‍കുന്നുണ്ട്. മനുഷ്യസ്‌നേഹികളുടെ സഹായത്തോടെ നടക്കുന്ന, സര്‍ക്കാര്‍ ഫണ്ടില്ലാതെ നടക്കുന്ന സ്ഥാപനമാണിത്. കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും വലിയ ആശ്വാസമാണ് ഈ പകല്‍ വീട്. കഴിഞ്ഞ മാസം എയിംസിനുവേണ്ടി ഇവിടെ ആയിരങ്ങള്‍ അണിനിരന്ന ബഹുജന റാലി നടന്നു. പിറ്റേന്ന് ആരോഗ്യ മന്ത്രി ഓടിയെത്തി പ്രഖ്യാപിച്ചു. ഡിസംബര്‍ ആദ്യവാരം മെഡിക്കല്‍ കോളേജ് ഒ.പി ആരംഭിക്കും എന്ന്. രണ്ട് കൊല്ലം മുമ്പ് ഒരു സമര സന്ദര്‍ഭത്തില്‍ ശൈലജ ടീച്ചറും ഇത് പോലെ മാര്‍ച്ചില്‍ തുടങ്ങും എന്ന് പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ഒന്നരക്കൊല്ലം കടന്നു. ഒന്നും നടന്നില്ല. കാസര്‍ഗോഡ് നിങ്ങള്‍ക്ക് ജാഥ തുടങ്ങാനുള്ള സ്ഥലമല്ലേ. ഇന്നലെ മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിനെക്കുറിച്ച് പ്രഖ്യാപനം നടത്തുമെന്നു തന്നെ ഞങ്ങള്‍ വിശ്വസിച്ചു. സമരം നടത്തുന്നവരെ മുഖ്യമന്ത്രി കാണാതിരിക്കാന്‍ ഇന്നലെ പോലീസ് മനുഷ്യ മതില്‍ നിര്‍മ്മിച്ചു. അന്ന് ആരോഗ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ഭര്‍ത്താവിന് ദേഹാസ്വാസ്ഥ്യമുണ്ടായപ്പോള്‍ ഉടനെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും കൊണ്ടുപോയി. കാസര്‍കോട്ടെ ചികിത്സാ പരിമിതി മന്ത്രിക്ക് ബോധ്യപ്പെട്ടിരിക്കുമല്ലോ...

കായിക മന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്നുവത്രെ! സര്‍ക്കാര്‍ ചിലവില്‍, നല്ലത്. അദ്ദേഹം വേഗം സുഖമായി വരട്ടെ. പക്ഷേ, ഈ നാട്ടില്‍ ദിവസവും കുഞ്ഞുങ്ങളിങ്ങനെ... പണവും അധികാരവുമില്ലാത്തവരുടെ മക്കള്‍... ഭരണകൂട ഭീകരതയാല്‍ അര ജീവിതങ്ങളായവര്‍...

തമ്പുരാക്കന്മാരെ കേരളത്തെ നിങ്ങള്‍ 300 കിലോമീറ്റര്‍ വേഗത്തിലോടിക്കാന്‍ ഭാവന ചെയ്യുമ്പോള്‍ നിങ്ങളോര്‍ക്കണം, ഇവിടെ മുട്ടിലിഴയാന്‍ പോലും കഴിയാത്ത, അനക്കമറ്റ, വേഗത എന്ന അനുഭവമെന്തെന്നറിയാത്ത നൂറ് കണക്കിന് കുഞ്ഞുങ്ങളുണ്ട് എന്ന്. അവരുടെ അമ്മമാരുടെ കണ്ണീര്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നുണ്ടെന്ന്. ഒരേ ഒരു കുഞ്ഞേയുള്ളു സുമിത്രക്കും മനുവിനും, ആ കുഞ്ഞാറ്റയാണ് പറന്നു പോയത്. മറ്റെരു കൊലപാതകം കൂടി. 

ഈ രാത്രി ഉറങ്ങാനുള്ളതല്ല... രണ്ട് കുഞ്ഞുങ്ങള്‍... ശലഭങ്ങളെപ്പോലെ ചിറകുകള്‍ വിരിച്ച് ഇവിടത്തെ നരകയാതനകളില്‍ നിന്ന് പറന്ന് പോയിരിക്കുന്നു... വിട.