December 11, 2024 |
Share on

പ്രതികാരത്തിന് ശപഥമെടുത്ത് ഹമാസും ഇറാനും

മിഡില്‍ ഈസ്റ്റിലെ തീ ആളിക്കത്തിച്ച്  ഹിസ്ബുള്‍-ഹമാസ് നേതാക്കളുടെ കൊലപാതകങ്ങള്‍

ഇറാന്‍ ആകെ ക്ഷോഭത്തിലാണ്. അവര്‍ക്കുണ്ടായിരിക്കുന്നത് വലിയ തിരിച്ചടിയും അഭിമാനക്ഷതവുമാണ്. ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്മായില്‍ ഹനിയയെ ടെഹ്‌റാനില്‍ വച്ചാണ് കൊലപ്പെടുത്തിയത്. അതും പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സമയത്ത്. പ്രതികാരം ചെയ്യുമെന്ന് ശപഥത്തിലാണ് ഇറാന്‍. ഹിസ്ബുള്ളയുടെ ഒരു മുതിര്‍ന്ന കമാണ്ടറെ ബെയ്‌റൂട്ടില്‍ വച്ച് ഇല്ലാതാക്കി ഏകദേശം 12 മണിക്കൂറിന്റെ ഇടവേളയിലാണ് ഹനിയയെയും കൊന്നത്. രണ്ട് കൊലകള്‍ക്കും പിന്നില്‍ ഇസ്രയേലാണെന്ന് പറയുന്നു. മിഡില്‍ ഈസ്റ്റിലെ തീ ഇനി കൂടുതല്‍ ആളിക്കത്തും. ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാവിയും അനിശ്ചിതത്വത്തിലാകും.

ഹനിയയുടെ കൊലപാതകത്തില്‍ ഇസ്രയേല്‍ ഇതുവരെ നേരിട്ട് തങ്ങളുടെ പങ്കാളിത്തം സമ്മതിച്ചിട്ടില്ല. എന്നാല്‍ അവരുടെ ശത്രുക്കള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഇസ്മായില്‍ ഹനിയ തങ്ങിയിരുന്ന ടെഹ്‌റാനിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ഒരു മിസൈല്‍ നേരിട്ടു വന്നു പതിക്കുകയായിരുന്നുവെന്നാണ് മുതിര്‍ന്ന ഹമാസ് നേതാവ് ഖലീല്‍ അല്‍-ഹയ്യ ടെഹ്‌റാനില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പറഞ്ഞത്.

ഹനിയയുടെ കൊലപാതകം ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനും വ്യക്തിപരമായ വെല്ലുവിളിയാണ്. ഇറാനില്‍ കയറിയുള്ള ആക്രമണത്തിന് മറുപടി പറഞ്ഞില്ലെങ്കില്‍ പ്രസിഡന്റിനെതിരായ വികാരം രാജ്യത്തുണ്ടാകും. രാഷ്ട്രീയമായ തിരിച്ചടിയും നേരിടും. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുക തന്നെ ചെയ്യുമെന്നാണ് പ്രസിഡന്റിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

അതേസമയം, ഇറാന്റെ പരമോന്നത നേതാവ് അയൊത്തുള്ള അലി ഖമേനി ഇസ്രയേലിനെ പരസ്യമായി വെല്ലുവിളിച്ചു. ഹനിയയ്ക്കു വേണ്ടി പ്രതികാരം ചെയ്യേണ്ടത് ഇറാന്റെ കടമയാണ്, കാരണം, ഇറാന്റെ അതിഥിയായി വന്നതാണ് ഹനിയ’ എന്നാണ് ഖമേനി പറഞ്ഞത്. ദ ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്, ഇസ്രയേലിനെതിരേ നേരിട്ട് ആക്രമണം നടത്താന്‍ ഖമേനി ഉത്തരവിട്ടിട്ടുണ്ടെന്നാണ്. ഇറാന്റെ മൂന്ന് ഉന്നത നേതാക്കള്‍ ഈ ഉത്തരവിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നാണ് ന്യുയോര്‍ക്ക് ടൈംസ് പറയുന്നതെങ്കിലും, ഇങ്ങനെയൊരു ഉത്തരവ് വന്നിട്ടുണ്ടെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

നേതാക്കള്‍ കൊല്ലപ്പെട്ട സ്ഥലങ്ങളും പ്രധാനമാണ്. ടെഹ്‌റാന്‍, ബെയ്‌റൂട്ട്; ഈ രണ്ട് തലസ്ഥാന നഗരങ്ങളും ഏറെ തിരക്കുള്ള, മര്‍മപ്രധാന കേന്ദ്രങ്ങളാണ്. ഇവിടെ വച്ചാണ് രണ്ട് നേതാക്കളെ വധിച്ചതെന്നത് ഇറാനും ഹിസ്ബുള്ളിനും ഒരുപോലെ നാണക്കേടായിരിക്കുകയാണ്. ഹനിയയുടെ കൊലപാതകത്തിനു പിന്നാലെ ഇറാന്‍ അവരുടെ സൈനിക പ്രതിരോധം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് മേഖലയെ ഒരു യുദ്ധത്തിലേക്ക് തള്ളിയിടാനുള്ള മുന്നൊരുക്കമായും അനുമാനിക്കാം.

ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ ഹമാസും പ്രതിജ്ഞയെടുത്തിരിക്കുകയാണ്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കടന്നു കയറി നടത്തിയ കൂട്ടക്കൊലയുടെ പ്രതികാരമായാണ് കഴിഞ്ഞ പത്തുമാസമായി ഗാസയില്‍ ഇസ്രയേല്‍ സൈന്യം വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ആ യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമങ്ങള്‍ നടത്തിവരികെയാണ് പുതിയ പ്രതിജ്ഞയുമായി ഹമാസ് വീണ്ടുമെത്തിയിരിക്കുന്നത്.

മേഖലയിലെ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ വെല്ലുവിളികള്‍ക്കു പിന്നിലുണ്ട്. എന്നാല്‍ ഈ പോരാട്ടങ്ങളൊക്കെയും വലിയ നഷ്ടങ്ങളായിരിക്കും ഉണ്ടാക്കാന്‍ പോകുന്നത്.

ഇപ്പോള്‍ നടന്നിരിക്കുന്ന കൊലപാതകങ്ങള്‍ മേഖലയെ കൂടുതല്‍ അപകടത്തിലാക്കിയിരിക്കുകയാണെന്നാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പ്രതികരിച്ചത്. എല്ലാവരോടും ആക്രമണോദ്ദേശ്യം വെടിയാന്‍ അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. സങ്കീര്‍ണമായ ഈ സമയത്ത് പരമാവധി സംയമനം പാലിക്കാനാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ ആഹ്വാനം.

ഇസ്മായില്‍ ഹനിയയുടെ കൊലപാതകം ഉയര്‍ത്തുന്ന മറ്റു ചില ചോദ്യങ്ങളുമുണ്ട്. അറിയപ്പെടുന്ന നയതന്ത്രവിദഗ്ധനായിരുന്നു ഹനിയ. മറ്റ് രാജ്യങ്ങളുമായി അദ്ദേഹം നിരന്തരം ചര്‍ച്ചകള്‍ നടത്തി വന്നിരുന്നു. ഗാസ വെടി നിര്‍ത്തലിന് വേണ്ടിയും ഇസ്രയേല്‍ തടവുകാരെ മോചിപ്പിക്കുന്ന കാര്യത്തിലും ഹനിയ സജീവമായി ഇടപെട്ടു കൊണ്ടിരുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകരുതെന്ന് ഇസ്രയേല്‍ ഭരണകൂടം ആഗ്രഹിച്ചതിന്റെ ഫലമാണോ ഹനിയ വധത്തിന് പിന്നിലെന്നാണ് പ്രധാനമായൊരു ചോദ്യം.

ഗാസ വെടിനിര്‍ത്തല്‍ മധ്യസ്ഥ ചര്‍ച്ചയില്‍ സുപ്രധാന പങ്കു വഹിക്കുന്ന ഖത്തറും ഈജിപ്തും പുതിയ സംഭവ വികാസങ്ങളില്‍ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ്. ഹനിയയുടെ കൊലപാതകം മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തിരിച്ചടിയാകുമെന്നാണ് ഇരു രാജ്യങ്ങളും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു ഭാഗത്തെയാളുകള്‍ മറുഭാഗത്ത് നിന്നുള്ള മധ്യസ്ഥനെ കൊന്നു കളഞ്ഞാല്‍ എങ്ങനെയാണ് ചര്‍ച്ചകള്‍ വിജയിക്കുന്നതെന്നായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനി എക്‌സില്‍ കുറിച്ചത്.

അതേസമയം, സാഹചര്യങ്ങള്‍ കൂടുതല്‍ പ്രകോപനപരമാക്കുന്ന വാക്കുകളായിരുന്നു ബുധനാഴ്ച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവില്‍ നിന്നുണ്ടായത്. ഹനിയയുടെ കൊലപാതകത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും ഹിസ്ബുള്‍ കമാണ്ടറെ ഇല്ലാതാക്കിയത് ഇസ്രയേല്‍ ആണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. അതിനപ്പം നെതന്യാഹൂ ഉറപ്പിച്ച് പറഞ്ഞത്, ഗാസയിലെ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ്. യുദ്ധം അവസാനിപ്പിക്കണമെന്ന് നാട്ടിലും പുറത്തുമുള്ളവര്‍ എന്നോട് ആവശ്യപ്പെടാത്ത ഒരാഴ്ച്ച പോലും കടന്നു പോയിട്ടില്ല. അന്നൊന്നും ഞാനവരുടെ വാക്കുകള്‍ക്ക് ചെവി കൊടുത്തിട്ടില്ല, ഇന്നും കൊടുക്കുകയില്ല’ ഇതായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്.  killings of ismail haniyeh and hezbollah commander iran and hamas vows revenge 

Content Summary; killings of ismail haniyeh and hezbollah commander iran and hamas vows revenge

×