UPDATES

ട്രെന്‍ഡിങ്ങ്

ബസിന് കല്ലെറിയുന്നതും തല്ലി ഓടിക്കുന്നതും നല്ല സമരം; സ്നേഹചുംബനം തെറ്റും! കൊള്ളാം കേരളമേ…

മറച്ചു വയ്ക്കപ്പെടേണ്ടതല്ല ചുംബനങ്ങൾ

                       

കൊച്ചി മറൈന്‍ ഡ്രൈവിലെ സദാചാര പോലീസിംഗിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിൽ ചുംബന സമരം  വീണ്ടും ചര്‍ച്ചാ വിഷയം ആയിരിക്കുന്നു. ഫേസ്ബുക്ക് എഴുത്തുകാരില്‍ പലരും അതിനോട് യോജിച്ചും, വിയോജിച്ചും മറ്റു ചിലർ നിക്ഷ്പക്ഷമായും പോസ്റ്റ് ഇട്ടിരിക്കുന്നത് കണ്ടു. ആദ്യമേ തന്നെ പറയട്ടെ. ഒരു സമരരീതി എന്ന നിലയിൽ, ബസിനു കല്ലെറിഞ്ഞും, സാധാരണക്കാരുടെ സഞ്ചാരവകാശം തടഞ്ഞും, ചിലപ്പോൾ ജീവന് പോലും ഭീഷണി ഉയർത്തിയും  നടത്തുന്ന മറ്റു സമരരീതികളിൽ നിന്നും ഒക്കെ വ്യത്യസ്തമായി നടത്തുന്ന ചുംബന സമരത്തോട് പൂർണ യോജിപ്പ് തോന്നുന്നു. മറ്റു രാഷ്ട്രീയ  പ്രസ്ഥാനങ്ങൾക്കും ഇത് അനുകരിക്കാവുന്നതാണ്. പരസ്പര സമ്മതത്തോടെയും പൂർണ സഹകരണത്തോടും ആകണം എന്ന് മാത്രം.

ഇനി ചുംബനസമരത്തെ എതിര്‍ക്കുന്നവരോട് ഒരു ചോദ്യം. പരസ്പര സ്നേഹം, അത് ചുംബനത്തിലൂടെയും ആശ്ലേഷത്തിലൂടെയും പൊതു വേദിയിൽ പ്രകടിപ്പിക്കുന്നതിൽ എന്താണ് തെറ്റ്? എന്റെ ചില സുഹൃത്തുക്കൾ പറഞ്ഞത് അശ്ലീലം എന്നാണ്. മറ്റു ചിലർ പാരമ്പര്യത്തിന് എതിരാണ് എന്നും എഴുതി കണ്ടു. ‘അമ്മ കുഞ്ഞിനെ, ഭാര്യ ഭർത്താവിന്നെ, കാമുകി കാമുകന്മാർ തമ്മിൽ, കൂട്ടുകാർ പരസ്പരം ഒക്കെ പരസ്യമായി തന്നെ ചുംബിക്കുന്നതിൽ എന്താണ് അശ്ലീലം? ചുംബനം എന്നത് ഒരു തരത്തിലുള്ള സ്നേഹപ്രകടനം അല്ലേ? അതിനെ ലൈംഗിക ചുവയിൽ മാത്രമേ നമുക്ക് കാണാൻ സാധിക്കുയുള്ളോ? അശ്ലീലം കാണുന്നവന്റെ കണ്ണിലും മനസിലുമാണ്. സ്നേഹത്തിൽ അശ്ലീലം ഇല്ല.

ഈ അശ്ലീലത്തിനോട് ഉള്ള പേടി കൊണ്ടാണല്ലോ നമ്മുടെ നാട്ടിൽ ഒന്ന് പരസ്യമായി തോളിൽ കൈ ഇട്ടു നടക്കാൻ പോലും സ്ത്രീപുരുഷന്മാർ മടിക്കുന്നത്. പണ്ടത്തെ തലമുറയെ ശ്രദ്ധിച്ചാൽ അറിയാൻ കഴിയും, ഒന്ന് നടക്കാൻ ഇറങ്ങിയാൽ പോലും, ചിലപ്പോൾ ഭർത്താവ് മുന്നിലും,  ഭാര്യയും കുട്ടികളും പുറകിലും ആയിട്ടാവും നടക്കുക . കൂടെ ഒന്നിച്ചു കൈ പിടിച്ചു സ്നേഹത്തോടെ പരസ്യമായി നടക്കാൻ പോലും നമ്മുടെ ‘അശ്ലീല’ബോധം അനുവദിക്കുന്നില്ല. എയർപോർട്ടുകളില്‍ ഭാര്യയെ ഒന്ന് കെട്ടിപ്പിടിച്ചു യാത്ര ചോദിക്കാൻ പോലും ചുറ്റും ആളുകളെ നോക്കി പേടിക്കുന്ന ഭർത്താക്കന്മാരെ കാണാം. ഒരു ചുംബനം കൊടുത്തു യാത്ര അയക്കാൻ മടിക്കുന്ന ഭാര്യമാരെയും. എന്നാൽ പേടി മാറ്റി വച്ചിട്ട് ഒന്ന് ചുംബിച്ചാൽ ചുറ്റും നിന്നും അടക്കിചിരി കേൾക്കാം. ശരിയാണ്, എല്ലാ സ്നേഹപ്രകടനങ്ങൾക്കും അത് പൊതു സ്ഥലത്തു ആയാൽ പാലിക്കേണ്ട അതിർവരമ്പുകൾ ഉണ്ട്. പക്ഷെ കേവലം ഒരു ചുംബനം എങ്ങനെ ഈ അതിരുകൾ ലംഘിക്കുന്നു എന്ന് മനസിലാകുന്നില്ല.

ഇനി ചുംബനസമരം നമ്മുടെ പാരമ്പര്യത്തെ തകര്‍ക്കും എന്ന് വിലപിക്കുന്നവരോട് ഒരു വാക്ക്. നമ്മുടെ സംസ്കാരത്തിൽ പരസ്യ സ്നേഹപ്രകടനങ്ങൾ അനുവദനീയം അല്ല എന്നാണോ? എന്നാൽ ആക്രമം അനുവദനീയം ആണ് താനും. നല്ല ന്യായീകരണം. ഞാൻ മനസ്സിലാക്കിയിടത്തോളം, ഇവിടെ ആകുലത സ്ത്രീ ശരീരത്തിന് ഏൽക്കുന്ന കളങ്കം ആണ്. പവിത്രമായി കരുതപ്പെടുന്ന സ്ത്രീ ശരീരം പരസ്യമായി കളങ്കപ്പെടുന്നു എന്ന ആശങ്ക. നമ്മുടെ പാരമ്പര്യത്തിൽ സ്ത്രീയുടെ സ്ഥാനം അടുക്കള പുറത്തും, കിടപ്പറയിലും ആണല്ലോ. അത്തരം സ്ത്രീകള്‍ പരസ്യമായി പുരുഷനോടൊപ്പം ചേർന്ന് ചുംബനം കൊണ്ട് ഈ വക പാരമ്പര്യങ്ങളെ എല്ലാം തകർക്കുന്നു . സ്വന്തം പവിത്രത തെളിയിക്കാൻ വേണ്ടി അഗ്നിശുദ്ധി നടത്തേണ്ടി വന്ന സീതയുടെ പാരമ്പര്യം ആണല്ലോ ഭാരതത്തിലെ സ്ത്രീകൾക്ക് ഉള്ളത്. അഗ്നിശുദ്ധി വരുത്തിയിട്ട് കൂടി കാട്ടിൽ തിരസ്കരിക്കപ്പെട്ട സീതയെ കൂടി ഓർമ്മയിൽ സൂക്ഷിക്കുന്നത് നന്ന്.

എത്ര അഗ്നിശുദ്ധി വരുത്തിയാലും സ്ത്രീ ശരീരത്തിന്റെ  പവിത്രത നിർണയിക്കുന്നത് ഒരു പുരുഷൻ ആണ് എന്ന് എല്ലാ പുരാണങ്ങളും നമ്മെ  ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു .  ഈ പവിത്രതയെ കുറിച്ച് ഉള്ള സങ്കല്‍പങ്ങൾ തന്നെ ആണ്,  കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി കന്യക ആയിരിക്കണം എന്ന് നിഷ്കർഷിക്കാൻ കാരണം. പുരുഷന് ബാധകം അല്ലാത്ത പവിത്രത, അതിന്റെ പരീക്ഷ ഇന്നും സ്ത്രീകൾ നൽകിക്കൊണ്ടിരിക്കുന്നു. കല്യാണരാത്രിയിലും മറ്റും രക്തം ഒഴുകാഞ്ഞതിൽ ഭാര്യയുടെ പവിത്രതയെ ചോദ്യം ചെയ്തു കത്തെഴുതുന്ന ചില ഭർത്താക്കന്മാരെ ഉപദേശിച്ചു നന്നാക്കാൻ ശ്രമിക്കുന്ന ചിലസെക്സോളജിസ്റ്റുകളെ കണ്ടിട്ടുണ്ട്.

പരസ്യമായി ചുംബിക്കുന്നത് പ്രതീകവത്കരിക്കുന്നത് സ്ത്രീശരീരത്തിന്റെ അവിശുദ്ധി ആണ് . തകർന്നു പോകുന്നത് നമ്മൾ കെട്ടിപ്പൊക്കിയ കുറെസങ്കല്‍പ്പങ്ങളും.  അവയൊക്കെ തന്നെ തകരേണ്ടതു അനിവാര്യവും .  അപലപിക്കപ്പെടേണ്ടത് സമരരീതി ആക്രമണം ആകുമ്പോഴും മനുഷ്യ ജീവന് ഭീഷണി ആകുമ്പോഴും ആണ്. അത് സ്നേഹം പ്രകടിപ്പിക്കാൻ ഉള്ള മാർഗം ആകുമ്പോൾ അല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റൂബി ക്രിസ്റ്റിന്‍

റൂബി ക്രിസ്റ്റിന്‍

യുകെ യോര്‍ക്ക് സര്‍വ്വകലാശാലയില്‍ ഗവേഷക. ജേര്‍ണലിസം, മാനേജ്മെന്‍റ് എന്നിവയില്‍ ബിരുദം

More Posts

Share on

മറ്റുവാര്‍ത്തകള്‍