February 13, 2025 |

‘ബലാത്സംഗത്തിനെതിരെ ശക്തമായ നിയമം നടപ്പിലാക്കണം’

പ്രധാനമന്ത്രിക്ക് വീണ്ടും കത്ത് അയച്ച് മമത ബാനർജി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തെഴുതി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബലാത്സംഗക്കേസുകൾ കൈകാര്യം ചെയ്യുന്നതിനായി കർശനമായ പുതിയ നിയമം വേണമെന്ന ആവശ്യം ഉന്നയിച്ചാണ് കത്തയച്ചിരിക്കുന്നത്. കൊൽക്കത്തയിൽ ആർജി കാർ മെഡിക്കൽ കോളേജിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടാമത്തെ കത്തും അയക്കുന്നത്. Kolkata Doctor Rape-Murder Case

ഇത് വളരെ സെൻസിറ്റീവ് വിഷയമായിട്ടും തനിക്ക് മറുപടി ലഭിച്ചില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഹീനമായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ കർശനമായ നിയമനിർമ്മാണത്തിൻ്റെ ആവശ്യകതയും ചൂണ്ടികാണിച്ചു. ബലാത്സംഗ സംഭവങ്ങളിൽ കർശനമായ കേന്ദ്ര നിയമനിർമ്മാണം നടത്തേണ്ടതിനെ കുറിച്ചും അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് മാതൃകാപരമായ ശിക്ഷ നൽകേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും ഊന്നിപറഞ്ഞു കൊണ്ട് 2024 ഓഗസ്റ്റ് 22- ന് കത്തയച്ചിരുന്നു. എന്നാൽ നിർണ്ണായക വിഷയത്തെ സംബന്ധിച്ചുള്ള കാര്യത്തിൽ തനിക്ക് മറുപടി ലഭിച്ചില്ലെന്നും മമത രണ്ടാമത് അയച്ച കത്തിൽ പറയുന്നു.

“ഇത്തരം തന്ത്രപ്രധാനമായ ഒരു വിഷയത്തിൽ നിങ്ങളുടെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ല. എന്നാൽ, എൻ്റെ കത്തിൽ ഉന്നയിച്ച പ്രശ്നത്തിൻ്റെ ഗൗരവം കഷ്ടിച്ച് അഭിസംബോധന ചെയ്യുന്ന മറുപടിയാണ് വനിതാ ശിശുവികസന മന്ത്രിയിൽ നിന്ന് ലഭിച്ചത്. ഈ പൊതു മറുപടിയിൽ വിഷയത്തിൻ്റെ ഗൗരവവും സമൂഹത്തിൽ അതിൻ്റെ പ്രസക്തിയും വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ലെന്നാണ് എൻ്റെ അഭിപ്രായം,” മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു. കത്തിന്റെ പകർപ്പും പങ്കുവച്ചിട്ടുണ്ട്.

മമത ബാനർജി നുണ പ്രചാരണം നടത്തുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ അവകാശപ്പെട്ടു. ആഗസ്റ്റ് 25 ന് കേന്ദ്രമന്ത്രി അന്നപൂർണാ ദേവി മമത ബാനർജിക്ക് മറുപടി നൽകിയിരുന്നു. ബലാത്സംഗം, പോക്‌സോ കേസുകൾ കൈകാര്യം ചെയ്യാൻ പശ്ചിമ ബംഗാൾ സർക്കാർ ഫാസ്റ്റ് ട്രാക്ക് കോടതികളൊന്നും സ്ഥാപിച്ചിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയതായും അദ്ദേഹം പറയുന്നു. ബലാത്സംഗത്തിന് വധശിക്ഷ നൽകുന്ന നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കുന്നതിനായി ബംഗാളിൽ ഉടനീളം കോളേജ് തലങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ടിഎംസി പദ്ധതിയിടുന്നതയാണ് വിവരം.

അതേ സമയം ഐഎംഎ നടത്തിയ പഠനത്തിൽ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും പ്രത്യേകിച്ച് ഡോക്ടർമാർ രാത്രി ഷിഫ്റ്റുകളിൽ സുരക്ഷിതരല്ലെന്ന അഭിപ്രായമാണ് മുന്നോട്ട് വച്ചത്. സ്വയരക്ഷയ്ക്കായി ആയുധങ്ങൾ കൊണ്ടുനടക്കേണ്ട സാഹചര്യത്തിലാണെന്നും ചിലർ പറയുന്നു. രാത്രി ഷിഫ്റ്റുകളിൽ 45 ശതമാനം പേർക്കും ഡ്യൂട്ടി റൂം പോലും ലഭിക്കാറില്ല.ബലാത്സംഗം കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാർക്കിടയിൽ രാത്രി ഷിഫ്റ്റുകളിലെ സുരക്ഷാ ആശങ്കകൾ വിലയിരുത്താൻ ആയി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഓൺലൈനിലൂടെയാണ് സർവേ നടത്തിയത്. 3,885 വ്യക്തിഗത പ്രതികരണങ്ങളോടെ, ഈ വിഷയത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ പഠനമാണിതെന്ന് ഐഎംഎ അവകാശപ്പെട്ടു. Kolkata Doctor Rape-Murder Case

Content summary;Kolkata Doctor Rape-Murder Case: Mamata Banerjee Sends Another Letter to PM Modi

×