അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബി ഐക്ക് സുപ്രിം കോടതി നിര്‍ദേശം
ബംഗാളില്‍ ക്രൂരമായ ബലാത്സംഗത്തിന് വിധേയായി കൊലപ്പെട്ട ജൂനിയര്‍ വനിത ഡോക്ടറുടെ മൃതദേഹം കണ്ടെത്തുന്നത് ഓഗസ്റ്റ് 9 ന് ആയിരുന്നു. ഇന്ന് (സെപ്തംബര്‍ 9) രാജ്യം നടുങ്ങിയ ആ ഹീന കൃത്യത്തിന് ഒരു മാസം തികയുന്നു. ബംഗാള്‍ ഇപ്പോഴും പ്രതിഷേധത്തിലാണ്. കൊല്‍ക്കത്തയിലെ തെരുവകളില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ തുടരുകയാണ്. സ്ത്രീ സുരക്ഷയാണ് അവര്‍ ഉയര്‍ത്തുന്ന ആവശ്യം. തൊഴിലിടങ്ങളില്‍ പോലും ഒട്ടും സുരക്ഷതിത്വമില്ലാതെയാകുന്ന സ്ത്രീകളുടെ ജീവിതത്തിന്, എന്ത് പരിഹാരം കാണുമെന്നാണ് നിരത്തുകളില്‍ ഇരുന്ന് ശബ്ദമുയര്‍ത്തുന്നവര്‍ ഭരണകൂടത്തോടും നീതി പീഠങ്ങളോടും ചോദിക്കുന്നത്.
ഡോക്ടരുടെ കൊലാപതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ഇപ്പോഴും തുടരുകയാണ്. സുപ്രീം കോടതി സ്വമേധയ കേസ് എടുത്തിരുന്നു. സിബിഐയോട് അടുത്ത ചൊവ്വാഴ്ച്ച ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇന്ന് നടന്ന വാദത്തില്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്ന് നടക്കുന്ന ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ഇതുവരെ 23 രോഗികള്‍ മരണപ്പെട്ടിട്ടുണ്ടെന്നൊരു കണക്ക് ഇന്നത്തെ വാദത്തിനിടയില്‍ ബംഗാള്‍ സര്‍ക്കാര്‍ പരമോന്നത കോടതിയില്‍ ഹാജരാക്കിയിരുന്നു. ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ ബി പരിദ്വാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബഞ്ചാണ് വാദം കേട്ടത്, ഇതേ ബഞ്ചാണ് സ്വമേധ കേസ് എടുത്തതും. നാളെ(ചൊവ്വാഴ്ച്ച) വൈകിട്ട് അഞ്ചു മണിക്കു മുമ്പായി ഡ്യൂട്ടിക്ക് ഹാജരാകുന്ന ഡോക്ടര്‍മാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കരുതെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ച് എല്ലാ പരാതികളും ഉടനടി പരിഗണിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം, തുടര്‍ച്ചയായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍, അവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാം, ഡോക്ടര്‍മാര്‍ സേവിക്കാന്‍ ഉദ്ദേശിക്കുന്ന സമൂഹത്തിന്റെ പൊതുവായ ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
അതേസമയം, ഡോക്ടര്‍ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ വിനീത് ഗോയലിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന സമ്മര്‍ദ്ദം സംസ്ഥാന സര്‍ക്കാരിനു മേല്‍ മുറുകുകയാണ്. ഗവര്‍ണര്‍ സി വി ആനന്ദ ബോസ് ഞായറാഴ്ച്ച മുഖ്യമന്ത്രിക്ക് നല്‍കിയ നിര്‍ദേശം, അടിയന്തിരമായി കാബിനറ്റ് വിളിച്ച് കമ്മീഷണറുടെ കാര്യത്തില്‍ തീരുമാനം എടുക്കണമെന്നാണ്. പൊതുജനാഭിപ്രായം കമ്മീഷണറെ പുറത്താക്കണം എന്നാണെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നത്. സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാരും കമ്മീഷണര്‍ ഗോയലിനെ മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. ഓഗസ്റ്റ് 9ന് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ദിവസം മുതല്‍ അന്വേഷണം അട്ടിമറിക്കാനാണ് കൊല്‍ക്കത്ത പൊലീസ് ശ്രമിക്കുന്നതെന്നാണ് സമരത്തിലുള്ള ഡോക്ടര്‍മാര്‍ ആരോപിക്കുന്നത്.
പ്രതിഷേധങ്ങള്‍ ഇപ്പോഴും ശക്തമാണ്. ഞായറാഴ്ച്ചയും കൊല്‍ക്കത്ത തെരുവുകളില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി തേടി ഒത്തു കൂടിയത്. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളും പ്രതിഷേധങ്ങളില്‍ പങ്കാളികളായിരുന്നു. ധരംതലയില്‍ നടത്തിയ ഡോക്ടര്‍മാരുടെ സമര പ്രകടനത്തിലും തുടര്‍ന്ന് ജാദവ്പൂരില്‍ കലാകാരന്മാരുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിലും 31 കാരിയുടെ അച്ഛനും അമ്മയും പങ്കെടുത്തിരുന്നു.
മമത ബാനര്‍ജി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധ സ്വരങ്ങളുടെയെല്ലാം മുന നീളുന്നത്. എന്നാല്‍ മമത ചെയ്തത് നീതി അന്വേഷിച്ച് തെരുവില്‍ ഇറങ്ങുകയായിരുന്നു. രാഷ്ട്രീയമായ പ്രതിരോധത്തിനാണ് മുഖ്യമന്ത്രി ഇത്തരം വഴികള്‍ സ്വീകരിച്ചതെങ്കിലും മമത ഭരണകൂടത്തിനെതിരേ ഉയരുന്ന ചോദ്യങ്ങള്‍ നിശബ്ദമാക്കാന്‍ അവര്‍ നടത്തുന്ന പ്രകടനങ്ങള്‍ക്ക് കഴിയുന്നില്ല.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ ഇത്ര വലിയൊരു ക്രൂരത എങ്ങനെ നടന്നു? കൊല്ലപ്പെട്ട ഡോക്ടറുടെ അഭാവം പിറ്റേ ദിവസം രാവിലെ വരെ ആരും എന്തു കൊണ്ട് ശ്രദ്ധിച്ചില്ല എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടത്, സംസ്ഥാന ആഭ്യന്തര-ആരോഗ്യവകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ്. പക്ഷേ, മമത നിശബ്ദയാണ്. ഈ ചോദ്യങ്ങള്‍ കൊല്‍ക്കത്തയിലെ മാത്രമല്ല, രാജ്യത്തെ തെരുവുകളിലെല്ലാം ഉയരുന്നുണ്ട്. ഇതില്‍ മാത്രമല്ല, മമത ബാനര്‍ജി മറുപടി പറയേണ്ട ചോദ്യങ്ങള്‍ വേറെയുമുണ്ട്.
കൊല്ലപ്പെട്ട ഡോക്ടറുടെ പിതൃസഹോദരന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞത്, ആശുപത്രിയില്‍ നിന്നും വിളിച്ചു ചേച്ചിയോട് (കൊല്ലപ്പെട്ട ഡോക്ടറുടെ ഭാര്യ)പറഞ്ഞത് മകള്‍ ആത്മഹത്യ ചെയ്തു എന്നാണ്.
ഡോക്ടറുടെ മൃതശരീരത്തില്‍ 11 മുറിപ്പാടുകളാണ് കണ്ടെത്തിയത്. അവരുടെ ശരീരത്തിന്റെ അരയ്ക്ക് താഴേക്ക് വസ്ത്രങ്ങളില്ലായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ആത്മഹത്യയാണെന്ന് ആശുപത്രിയധികൃതര്‍ പറഞ്ഞത്?. മാതാപിതാക്കള്‍ക്കൊപ്പം ആശുപത്രിയില്‍ എത്തിയ ഒരു ബന്ധു പറയുന്നത്, ഡോക്ടറുടെ കാലുകള്‍ കണ്ടത് അസ്വഭാവികമായ രീതിയില്‍ 90 ഡിഗ്രി അകന്നായിരുന്നുവെന്നാണ്. ദ വയര്‍ ഈ അവകാശവാദം ശരിയാണെന്ന് ക്രൈം സീനില്‍ നിന്നും പകര്‍ത്തിയ ഫോട്ടോഗ്രാഫുകള്‍ പരിശോധിച്ച് സ്ഥിരീകരിക്കുന്നുണ്ട്.
രണ്ട് തവണയാണ് ആശുപത്രിയില്‍ നിന്നും ഡോക്ടറുടെ വീട്ടില്‍ ബന്ധപ്പെട്ടത്. ആശുപത്രി അസിസ്റ്റന്റ് സൂപ്രണ്ട് ആയിരുന്നു ഡോക്ടറുടെ അമ്മയോട് സംസാരിച്ചത്. ആദ്യം അറിയിച്ചത്, മകള്‍ പെട്ടെന്ന് അസുഖ ബാധിതയായെന്നായിരുന്നു. അടുത്ത കോളിലാണ് മകള്‍ ആത്മഹത്യ ചെയ്തുവെന്ന് മാതാപിതാക്കളോട് പറയുന്നത്. kolkata doctor rape murder case one month protest continues supreme court seek report
Content Summary; kolkata doctor rape murder case one month protest continues supreme court seek report