പാനൂര്‍ മന്‍സൂര്‍ വധക്കേസ്: 10 പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

 
Panur Mansoor Murder

കണ്ണൂര്‍ പാനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധ കേസിലെ 10 പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ഷിനോസ് അടക്കമുള്ള സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം ലഭിച്ചത്. കോടതി ആവശ്യങ്ങള്‍ക്കൊഴികെ പ്രതികള്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്നതുള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം, ഏപ്രില്‍ ആറിന് രാത്രിയാണ് മന്‍സൂര്‍ കൊല്ലപ്പെടുന്നത്. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് ഏജന്റായിരുന്ന മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെ ലക്ഷ്യമിട്ടുള്ള സിപിഎം ആക്രമണമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബോംബേറില്‍ മന്‍സൂറിന്റെ ഇടതു കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍.

ആക്രമണ സ്ഥലത്തുനിന്നാണ് ഒന്നാം പ്രതി ഷിനോസിനെ പിടികൂടുന്നത്. ഷിനോസിന്റെ ഫോണില്‍നിന്നാണ് മറ്റു പ്രതികളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍, ലോക്കല്‍ പൊലീസില്‍ നിന്നും ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. പ്രതികളെ ഒന്നൊന്നായി പിടികൂടുന്നതിനിടെ, രണ്ടാം പ്രതി രതീഷിനെ കോഴിക്കോട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതും വലിയ വിവാദമായിരുന്നു. പതിനൊന്ന് പേരുള്ള പ്രതിപ്പട്ടികയില്‍ ഒമ്പത് പേരാണ് ജയിലുളളത്. ജാബിര്‍ എന്നയാള്‍ ഇപ്പോഴും ഒളിവിലാണ്.