അഭയ കൊലക്കേസ്; ഫാദര്‍ തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സെഫിയുടെയും ശിക്ഷാവിധി ഇന്ന്

 
അഭയ കൊലക്കേസ്; ഫാദര്‍ തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സെഫിയുടെയും ശിക്ഷാവിധി ഇന്ന്

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുക. 28 വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. രാവിലെ പതിനൊന്നോടെ സിബിഐ പ്രത്യേക കോടതി ജഡ്ജി കെ. സനില്‍ കുമാറാണ് ശിക്ഷ വിധിക്കുക.

ഇരുവര്‍ക്കുമെതിരെ സിബിഐ ചുമത്തിയ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ കോടതി ശരിവെച്ചിരുന്നു. പ്രതികള്‍ തമ്മിലുള്ള ശാരീരികബന്ധം കണ്ടതിനെത്തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അഭയയെ തലയ്ക്കടിച്ച് വീഴ്ത്തിയശേഷം കിണറ്റിലിട്ടുവെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. കോണ്‍വെന്റില്‍ അതിക്രമിച്ചു കടന്നെന്ന കുറ്റവും തോമസ് കോട്ടൂരിനെതിരെ ചുമത്തിയിട്ടുണ്ട്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ചാകും ഇന്ന് ശിക്ഷ വിധിക്കുക. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമേല്‍ സ്വാധീനവും തെളിവ് നശിപ്പിക്കലും ഉള്‍പ്പെടെ സംഭവിച്ച കേസില്‍ പരമാവധി ശിക്ഷ വേണമെന്നാകും പ്രോസിക്യൂഷന്‍ വാദം. അതേസമയം, പ്രായവും അസുഖങ്ങളും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്നാകും പ്രതിഭാഗത്തിന്റെ ആവശ്യം.

ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കേസില്‍ ഇന്നലെ വിധി പറഞ്ഞത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്തള്ളിയ കേസ് കൊലപാതകമാണെന്നു കണ്ടെത്തിയത് സിബിഐയാണ്. എട്ട് സാക്ഷികളോളം കൂറുമാറിയ കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും മൂന്നാം സാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴിയുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ഒന്നും മൂന്നും പ്രതികളാണ്. കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാലാം പ്രതി മുന്‍ എഎസ്ഐ വി.വി.അഗസ്റ്റിനെയും കുറ്റപത്രത്തില്‍നിന്നു സിബിഐ ഒഴിവാക്കിയിരുന്നു.

1992 മാര്‍ച്ച് 26ന് രാത്രിയാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം ബിസിഎം കോളജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അഭയ. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സംഭവം ആത്മഹത്യയെന്ന് എഴുതിത്തള്ളി. 1993 മാര്‍ച്ച് 23നാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐ ഏറ്റെടുത്തത്. കൊലപാതകത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് തവണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി ഉത്തരവിനെ തുടര്‍ന്ന് 2007ല്‍ സിബിഐയുടെ പുതിയ അന്വേഷണസംഘം തുടരന്വേഷണം ആരംഭിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ തെളിവ് നശിപ്പിച്ചതും അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതടക്കമുള്ള സിബിഐ കണ്ടെത്തലുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവായി.

2008 നവംബര്‍ 19ന് ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് സിബിഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയെന്നാണ് സിബിഐ കുറ്റപത്രം. ഫാദര്‍ ജോസ് പുതൃകയിലിനെ വിടുതല്‍ ഹര്‍ജി പരിഗണിച്ചു പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കി. ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രിംകോടതിയെ വരെ സമീപിച്ചു. പ്രതികളുടെ ആവശ്യം സുപ്രിംകോടതിയും തള്ളിയതോടെ വിചാരണ ആരംഭിച്ചു.

കേസില്‍ 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൂറുമാറി. മൂന്നാം സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴിയായിരുന്നു നിര്‍ണായകം. പ്രതിഭാഗത്തുനിന്നും സാക്ഷികളാരും ഉണ്ടായിരുന്നില്ല. ഈ മാസം 10 നാണ് വാദം പൂര്‍ത്തിയായത്. അതേസമയം, മകളുടെ നീതിക്കായി ആഗ്രഹിച്ച അഭയയുടെ മാതാപിതാക്കള്‍ ഐക്കരക്കുന്നേല്‍ തോമസും ലീലാമ്മയും അതു കേള്‍ക്കാന്‍ ജീവിച്ചിരിപ്പില്ല.