ലഖിംപുര്‍ ഖേരി അക്രമം: ആരോപണവിധേയര്‍ ആരൊക്കെ? എത്രപേരെ അറസ്റ്റ് ചെയ്തു? തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി 

 
Supreme Court

യുപി സര്‍ക്കാര്‍ വെള്ളിയാഴ്ച തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

ലഖിംപുര്‍ ഖേരിയില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരുടെ മരണത്തിനിടയാക്കിയ അക്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. അക്രമ സംഭവത്തില്‍ ആരൊക്കെയാണ് ആരോപണവിധേയര്‍? അവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ? എന്നിങ്ങനെയുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. വെള്ളിയാഴ്ച തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അക്രമത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെയും ചീഫ് ജസ്റ്റിസിന് ലഭിച്ച കത്തുകളുടെയും അടിസ്ഥാനത്തില്‍ കോടതി സ്വമേധയായെടുത്ത കേസിലാണ് നടപടി. ചീഫ് ജസ്റ്റിനൊപ്പം ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ നാളെ വീണ്ടും വാദം കേള്‍ക്കും. 

സംഭവത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ കത്ത് നല്‍കിയിരുന്നതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. യുപി സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് കത്തെഴുതിയ അഭിഭാഷകരില്‍ ഒരാളായ ശിവകുമാര്‍ ത്രിപാഠി കോടതിയില്‍ പറഞ്ഞു. അക്രമത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കോടതി പറഞ്ഞു. അതേസമയം, ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നടന്നതെന്നായിരുന്നു യുപി സര്‍ക്കാരിനായി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഗരിമ പ്രസാദ് കോടതിയില്‍ പറഞ്ഞത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അലഹബാദ് ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചിട്ടുണ്ട്. ആവശ്യമായ മറ്റു നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

എട്ട് പേരുടെ മരണത്തിനിടയാക്കിയ അക്രമം ദൗര്‍ഭാഗ്യകരമായാണ് കോടതിയും കാണുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏത് ജഡ്ജിയെയാണ് ജുഡീഷ്യല്‍ കമ്മീഷനായി നിയോഗിച്ചതെന്നും അദ്ദേഹം ആരാഞ്ഞു. എന്നാല്‍, ജഡ്ജിയുടെ പേര് അറിയുന്നതിനുള്ള സമയം അനുവദിക്കണമെന്നും വെള്ളിയാഴ്ച റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാമെന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു. അക്രമത്തെക്കുറിച്ച് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ എന്ത് നടപടിയുണ്ടായെന്ന് കണ്ടെത്തണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. 

കേസില്‍ ആരൊക്കെയാണ് ആരോപണവിധേയരെന്നും അവര്‍ അറസ്റ്റിലായിട്ടുണ്ടോയെന്നും അറിയാന്‍ ബെഞ്ചിന് ആഗ്രഹമുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചതായാണ് പരാതികളിലുള്ളത്. ആരൊക്കെയാണ് ആരോപണ വിധേയര്‍? എഫ്‌ഐആറില്‍ ആരുടെയൊക്കെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്? എത്രപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്? ഇതെല്ലാം തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വേണമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. 

കൊല്ലപ്പെട്ട ഒരാളുടെ മാതാവ്, മകനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ ഗുരുതരാവസ്ഥയിലാണെന്ന സന്ദേശം ലഭിച്ചതായി, വാദത്തിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു. അവര്‍ക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരിനോട് ബന്ധപ്പെട്ട് എത്രയും വേഗം അത് ലഭ്യമാക്കണം. ആവശ്യമായ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍, ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. വിഷയത്തില്‍ വിശദമായ വാദം നാളെ തുടരും.