ജമ്മു കാശ്മീരില്‍ അപ്‌നി പാര്‍ട്ടി നേതാവ് തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു; പത്ത് ദിവസത്തിനിടെ അഞ്ചാമത്തെ സംഭവം

 
JK Apni Party

ജമ്മു കാശ്മീരില്‍ അപ്നി പാര്‍ട്ടി (ജെകെഎപി) നേതാവിനെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. ദക്ഷിണ കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ കുല്‍ഗാമിലെ ദേവ്സര്‍ പ്രദേശവാസിയായ ജെകെഎപി നേതാവ് ഗുലാം ഹസ്സന്‍ ലോണാണ് അജ്ഞാതരായ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ പാര്‍ട്ടി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കൊലയാണിത്. ദിവസങ്ങള്‍ക്കുമുമ്പ് കുല്‍ഗാം ജില്ലയില്‍ ഒരു ബിജെപി നേതാവിനെ ഭീകരര്‍ വധിച്ചിരുന്നു. ഹോംഷാലിബാഗ് നിയോജകമണ്ഡലം ബിജെപി അധ്യക്ഷന്‍ ജാവിദ് അഹമ്മദ് ദറിനെ ബ്രസലൂവിലെ വീടിനു പുറത്തുവെച്ചാണ് തീവ്രവാദികള്‍ വധിച്ചത്. ആഗസ്റ്റ് ഒമ്പതിന് ബിജെപി സര്‍പഞ്ച് ഗുലാം റസൂല്‍ ദാറും ഭാര്യയും തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു. രജൗരി ജില്ലയിലെ ബിജെപി നേതാവ് ജസ്ബീര്‍ സിംഗിന്റെ വീട്ടില്‍ തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ ഗ്രനേഡ് എറിഞ്ഞ് ഒരു കുട്ടിയെയും കൊലപ്പെടുത്തിയിരുന്നു.