അപൂര്‍ണതയുടെ ഒരു പുസ്തകം എന്ന നിലയില്‍ ജീവിതം

 
അപൂര്‍ണതയുടെ ഒരു പുസ്തകം എന്ന നിലയില്‍ ജീവിതം

ഷാരോണ്‍ വിനോദ്

സ്കൂൾ ഗ്രൗണ്ടിനരികിലെ മരത്തണലിൽ വട്ടം കൂടി ചോറ്റുപാത്രം തുറന്നപ്പോൾ തൊട്ടുകൂട്ടാൻ ഒരു വിദ്വാൻ കാച്ചിയ ഒരു കുസൃതി വർത്തമാനം.

"..കൊച്ചീക്കാരൻ കൊച്ചാപ്പി പറയുന്നു കൊച്ചീക്കാരെല്ലാം കള്ളന്മാരെന്ന്.
കൊച്ചീക്കാരെല്ലാം കള്ളന്മാരെങ്കിൽ കൊച്ചാപ്പീം കള്ളനല്ലേ?
കൊച്ചാപ്പി കള്ളനെങ്കിൽ കൊച്ചാപ്പി പറഞ്ഞത് കള്ളമല്ലേ?
കൊച്ചാപ്പി പറഞ്ഞത് കള്ളമെങ്കിൽ കൊച്ചീക്കാരെല്ലാം നല്ലവരല്ലേ?.."

അതങ്ങനെ അന്തമില്ലാതെ നീണ്ടപ്പോൾ "ഓട്രാ" എന്ന് പറഞ്ഞു വിട്ടെങ്കിലും അതേ ചോദ്യം വീണ്ടും ഒരു താർക്കിക സമസ്യയായി കഴിഞ്ഞ ദിവസം ഒരു പുസ്തകത്തിൽ ഇരുന്നു പുഞ്ചിരിച്ചു. "ലയേഴ്സ് പാരഡോക്സ്" എന്നാണീ പ്രഹേളികയ്ക്ക് പേര്.

പൈതഗോറസ്, അരിസ്റ്റൊറ്റിൽ മുതൽ ബർട്രാന്റ്റ് റസ്സൽ, ഗോഡൽ വരെ ഗണിതത്തെ തത്ത്വശാസ്ത്രത്തോടും കവിതയോടും ജീവിതത്തോടും കൂട്ടിയിണക്കിയവർ ഏറെയാണ്‌. ദൈവീകം എന്ന് കരുതിയ സംഗീതത്തെ അളന്നു തിട്ടപ്പെടുത്തിയ പൈതഗോറസ് ഒരുകാലത്ത് ദൈവത്തിന്റെ പ്രതിപുരുഷനായിരുന്നു. ഗോഡലിന്റെ അപൂർണതാ സിദ്ധാന്തം ഉപയോഗിച്ച് ദൈവത്തിന്റെ അസ്ഥിത്വം തെളിയിക്കാൻ വരെ ശ്രമങ്ങൾ നടന്നു. അനാദികാലം മുതൽ മനുഷ്യനെ വിസ്മയിപ്പിച്ചും ശില്പ്പചാതുരി കൊണ്ട് മനം മയക്കിയും നിലനില്ക്കുന്ന ഗണിതം എന്ന ഗോപുരത്തിന്റെ അടിത്തട്ടിലേക്ക് ഒരു കൊച്ച് മലയാളപുസ്തകം ഇറങ്ങിച്ചെല്ലുന്നു. ആ അടിത്തട്ട് നിലം തോടാതെയാണ് നില്ക്കുന്നത്, കാണുന്നില്ലേ? എന്ന് ചോദിക്കുന്നു. നാം ഇന്ന് കാണുന്ന സാങ്കേതികത പൂർണ്ണമാവുന്ന ഒരു കാലഘട്ടം ഉണ്ടാവില്ല എന്ന് സമർത്ഥിക്കുന്നു. കാരണം ജീവിതം തന്നെ അപൂർണതയുടെ ഒരു സമാഹാരമാണ്. പുസ്തകത്തിന്റെ പേരും അതുതന്നെ - 'അപൂർണതയുടെ ഒരു പുസ്തകം'.

അപൂര്‍ണതയുടെ ഒരു പുസ്തകം എന്ന നിലയില്‍ ജീവിതം

'അപൂർണതയുടെ ഒരു പുസ്തകം' പ്രവീണ്‍ ചന്ദ്രന്റെ കന്നി നോവലാണ്‌. കണക്കു പറഞ്ഞു കൂലി വാങ്ങാനുള്ള ഗണിതം പോലും അറിയില്ലെന്ന് പരിഹാസം കേൾക്കുന്ന, ചെയ്യുന്ന തൊഴിലിനു വേണ്ടിയുള്ള മിനിമം സാങ്കേതികജ്ഞാനത്തിന് അപ്പുറം ഒന്നുമില്ലാത്ത ഒരാളെക്കൊണ്ട് ഒറ്റയിരുപ്പിനു ഈ പുസ്തകം വായിപ്പിക്കുന്നതിൽ പ്രവീണ്‍ചന്ദ്രൻ വിജയിക്കുന്നു എന്നത് അനുഭവസാക്ഷ്യം. ബൌദ്ധിക ജാടകൾക്ക് ഒന്നും വഴിപ്പെടാതെ ഫിക്ഷന്റെ മുറുക്കം വിടാതെ ഗണിതത്തിന്റെയും ജീവിതത്തിന്റെയും ഇഴകൾ കൂട്ടിത്തുന്നി നമ്മെ ചിന്തിപ്പിക്കുന്ന ഒരു കൊച്ചു കഥ. ഒന്നല്ല, ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഹൈപ്പർലിങ്ക് ചെയ്തു പലപല കഥകൾ.

മലയാളിയുടെ സൈബർ ജീവിതം ഇത്രയേറെ പുഷ്ടിപ്പെട്ടിട്ടും സാഹിത്യത്തിൽ ആ ജീവിതത്തെ അഡ്രസ്സ് ചെയ്തിരിക്കുന്നത് നന്നേ കുറവാണ്. ആധുനിക ശാസ്ത്രശാഖകളെ സംബോധന ചെയ്യുന്നതിലും പലപ്പോഴും ഈ ഭാഷ പരാജയപ്പെടുന്നുണ്ട്. സാഹിത്യവും സാങ്കേതിക വിദ്യാഭ്യാസവും അന്യോന്യം ബഹിഷ്ക്കരിക്കുന്നു എന്ന നിലയിലുള്ള കേരളത്തിലെ കലാലയസാഹചര്യം. സാഹിത്യാഭിരുചി അധികപ്പറ്റാവുന്ന ഐടി ജോലിസാഹചര്യങ്ങൾ. ഫേസ്ബുക്ക് പോസ്റ്റുകൾ, ബ്ലോഗ്‌ കുറിപ്പുകൾ തുടങ്ങിയവ നമുക്ക് നൽകിയ ശ്രദ്ധാന്യൂനത. ഇവയ്ക്കൊക്കെ ഇടയിലേക്കാണ് യുവാക്കളുടെ വായന ആവശ്യപ്പെട്ടുകൊണ്ട് സൈബർ സമാന്തരജീവിതം, ഹാക്കിംഗ്, സാങ്കേതിക കുറ്റകൃത്യങ്ങൾ തുടങ്ങിയവ കഥാപരിസരമാക്കുന്ന ഒരു പുസ്തകം കടന്നു വരുന്നത്.

ടെലികോം സ്ഥാപനത്തിൽ എഞ്ചിനീയറായ നരേന്ദ്രൻ, കൂട്ടുകാരി സൂസന്ന, ആ ജീവിതത്തിലേക്ക് കടന്നു വരുന്ന ഭുവനേഷ് എന്ന ചെറുപ്പക്കാരൻ. ഇവരെ ചുറ്റിപ്പറ്റി വികസിക്കുന്ന കഥ ഒരു ടെക്നിക്കൽ ത്രില്ലർ സ്വഭാവത്തോടെ വായനക്കാരനെ പിടിച്ചിരുത്തുന്നുണ്ട്. രഹസ്യവിവരങ്ങൾ ചോർന്ന് നഷ്ടപ്പെട്ട തൊഴിലും, ഭുവനേഷ് എന്ന പുതിയ അയൽവാസിയുടെ വരവും കൂട്ടിമുട്ടുന്നിടത്ത് ഇതൊരു whydunit നോവൽ ആയി പരിണമിക്കുന്നു. അവിടെ നിന്ന് കഥ ഹൈപ്പർലിങ്ക് ചെയ്ത് ഒരു കോളേജ് പരിസരത്തേക്കും, രാമനാഥൻ എന്ന ഗണിത അധ്യാപകനിലേക്കും പോകുന്നു. പിന്നീട് കഥ പല കൊച്ചു കഥകളിലേക്കും ബ്രൌസ് ചെയ്ത് നീങ്ങുന്നതും അപൂർണമായ ഒരു കഥയിൽ ചെന്നിടിച്ച് ബാക്ക് റ്റു പേജ് ബട്ടണ്‍ അമർത്തും പോലെ തിരിച്ച് വരുന്നതും മലയാളസാഹിത്യത്തിന് ഒരു പുതുമയാണ്.

അപൂര്‍ണതയുടെ ഒരു പുസ്തകം എന്ന നിലയില്‍ ജീവിതം

"ഒന്ന് മുതൽ അനന്തതയിൽ എത്തുന്ന സംഖ്യകളുടെ ഗണത്തിലാണോ, നൂറു മുതൽ തുടങ്ങുന്ന സംഖ്യകളുടെ ഗണത്തിലാണോ കൂടുതൽ അംഗങ്ങളുള്ളത്? എണ്ണൽ സംഖ്യയുടെ അനന്തതയെക്കാൾ വലുതാണ്‌ അവിഭാജ്യസംഖ്യകളുടെ അനന്തത എന്ന അറിവ് നമ്മെ കുഴക്കും."

ബെസ്റ്റ് ഓഫ് അഴിമുഖം

വഴി തെറ്റിയ യാത്രാ വര്‍ത്തമാനങ്ങള്‍; മാസിഡോണിയ , അമേരിക്ക, പോളണ്ട്
ദി ഷിവാഗോ അഫയര്‍ ഒരു പുസ്തകം മാത്രമല്ല; റഷ്യന്‍ ഭൂതകാല വായനകൂടിയാണ്
അനുഭവങ്ങള്‍ ആഘാതമാകുമ്പോള്‍
മായ ഏഞ്ചലോവ്: എല്ലാ ശൈത്യങ്ങള്‍ക്കുമപ്പുറം
മാര്‍ക്വേസിനെ വിവര്‍ത്തനം ചെയ്യുമ്പോള്‍

രാമനാഥന്റെ ഗണിതപാഠങ്ങൾ ഇരുട്ടത്ത് ആകാശത്ത് നോക്കിക്കിടന്നപ്പോൾ നമുക്കുണ്ടാക്കിയ സുഖകരമായ വിഭ്രാന്തിയിലേക്ക് കൊണ്ടുപോകുന്നു. ഇത്തരം ഭ്രമങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അക്കില്ലസ്സും ആമയും ഓട്ടമത്സരം നടത്തിയാൽ ആര് ജയിക്കും എന്ന ചോദ്യത്തിന് മൂവായിരം വർഷത്തെ പഴക്കമുണ്ട്. ആമ തുടങ്ങുന്നത് നൂറു വാര മുന്നിൽ നിന്നാണെങ്കിൽ അക്കില്ലിസ് എങ്ങനെ ആമയെ തോൽപ്പിക്കും. ഇതിനു സീനോസ് പാരഡോക്സ് എന്നാണു വിളിപ്പേര്. ഏത് ചലിക്കുന്ന വസ്തുവും ഏറ്റവും ചെറിയ സമയത്തിന്റെ ഇടവേളയിൽ ചലനരഹിതമാണ് എന്ന കുഴപ്പിക്കുന്ന തോന്നൽ അരിസ്റ്റൊട്ടിൽ മുന്നോട്ടു വച്ച് സഹസ്രാബ്ദങ്ങൾ പലതു കഴിഞ്ഞിരിക്കുന്നു. "കാത്തിരിപ്പ്" എന്ന ഏറ്റവും പുതിയ കഥയിലൂടെ ആനന്ദ് അതേ ചോദ്യം വീണ്ടും ചോദിക്കുമ്പോൾ നമ്മൾ ഇത്ര കാലം കൊണ്ട് അറിഞ്ഞതൊക്കെ നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നു.

സാങ്കേതികത, ഹാക്കിംഗ്, പ്രോഗ്രാമിംഗ് സബ്കൾച്ചർ തുടങ്ങിയവ ഒക്കെ രചനാപരിധിയിൽ കൊണ്ടുവന്നിട്ടുള്ള സാഹിത്യകൃതികൾ മലയാളത്തിൽ വളരെ ചുരുക്കമാണ്. ആ നിലയിൽ ഇത് മലയാളനോവലിന്റെ ഒരു പുതിയ വഴിവെട്ടൽ പ്രക്രിയയാണ്. ലോകത്ത് ഒരു ഹാക്കർക്കും തകർക്കാൻ കഴിയാത്ത ഒരു സാങ്കേതിക പദ്ധതി നിർമ്മിക്കാൻ കഴിയുമോ, പൂർണതയിൽ നിന്ന് അപൂർണതയിലേക്ക് വികസിക്കുന്ന പ്രപഞ്ചത്തിൽ നിന്നുകൊണ്ട്? ഗോഡലിന്റെ അപൂർണതാസിദ്ധാന്തത്തിന്റെ ചുവടുപിടിച്ച് ഇല്ല എന്ന് നോവലിസ്റ്റ് ഈ കഥയിലൂടെ സമര്‍ഥിക്കുന്നു. ജീവിതത്തിൽ നാം മുറുകെ പിടിക്കുന്ന സ്വകാര്യതകൾ സൈബർ ലോകത്ത് അത്ര സ്വകാര്യമാക്കാൻ നമ്മെക്കൊണ്ട് സാധിക്കില്ല എന്ന് ഗണിതത്തിലൂടെ പറഞ്ഞുവെക്കുമ്പോൾ ഈ നോവൽ ഒരു ചർച്ചയിലേക്ക് നമ്മെ ക്ഷണിക്കുന്നുണ്ട്‌. ഒരു മൊബൈലിന്റെ വിലയന്വേഷിച്ചു എന്ന തെറ്റിന് നോക്കുന്ന സൈറ്റുകൾ എല്ലാം മൊബൈലുമായി എന്നെ മാടിവിളിക്കുന്നത് കാണുമ്പോൾ സെക്യൂരിറ്റി എന്ന വാക്ക് ഇവിടെ ഒരു തമാശയാണ് എന്നറിയുന്നു.

അപൂര്‍ണതയുടെ ഒരു പുസ്തകം എന്ന നിലയില്‍ ജീവിതം

സാങ്കേതിക കലാലയങ്ങളും ഐടി മേഖലയിൽ ജോലി ചെയ്യുന്നവരുടെയും വായന ആവശ്യപ്പെടുന്ന ഒരു കൃതിയാണ് "അപൂർണതയുടെ ഒരു പുസ്തകം". കമ്പനികൾ ജോലികാര്യങ്ങൾക്കായി നൽകുന്ന ലാപ്ടോപ്പിനെ വരിയുടക്കപ്പെട്ടത് എന്നാണ് നോവലിൽ വിളിക്കുന്നത്. സാഹിത്യം പോലെയുള്ള മേഖലകളിൽ ഇവിടങ്ങളിൽ വരിയുടയ്ക്കല്‍ ഏകദേശം വിജയകരമായി മുന്നേറുമ്പോൾ പ്രവീണിനെ പോലെയുള്ളവരുടെ കുതറലുകൾ ശ്രദ്ധിക്കപ്പെടെണ്ടതുണ്ട്. ശുദ്ധശാസ്ത്രത്തിന്റെ വഴിയടച്ച് പ്രയുക്തശാസ്ത്രം വളരാൻ വെമ്പുന്ന കാലത്ത് വിശേഷിച്ചും.

സമമിതികളും ആവർത്തനങ്ങളും
പ്രകൃതിയെ മനോഹരമാക്കുന്നു.
സംഖ്യകൾ ശ്രേണികൾ കൊണ്ടും
ദൃശ്യങ്ങൾ പ്രതിഫലനങ്ങൾകൊണ്ടും
ശബ്ദങ്ങൾ സമയക്രമങ്ങൾകൊണ്ടും
ആവർത്തിക്കപ്പെടുന്നു
ഹൈപ്പർലിങ്കുകൾകൊണ്ട് അറിവിന്റെ വലക്കണ്ണികൾ
സങ്കീർണവും മനോഹരവുമാകുന്നു
- പ്രവീണ്‍ ചന്ദ്രൻ

(കുട്ടനാട് സ്വദേശിയായ ഷാരോണ്‍ ഇപ്പോള്‍ ബാംഗ്ളൂര്‍ ഐ.ബി.എമ്മില്‍ ജോലി ചെയ്യുന്നു)

അഴിമുഖം പ്രസിദ്ധീകരിച്ച ഷാരോണിന്റെ മറ്റൊരു ലേഖനം: രാഷ്ട്രവര്‍ണനയുടെ നാലു ഭ്രാന്തന്‍ കാലങ്ങള്‍