കോഴിക്കോട്ടെ വിവാദ അറബി കല്യാണം; ഉമ്മയ്ക്കും മകള്‍ക്കും പിന്നാലെ പോലീസ്

 
കോഴിക്കോട്ടെ വിവാദ അറബി കല്യാണം; ഉമ്മയ്ക്കും മകള്‍ക്കും പിന്നാലെ പോലീസ്

കെ.പി.എസ്. കല്ലേരി

ഒരുകാലത്ത് കേരളത്തിന്റെ തോരാകണ്ണീരായിരുന്നു അറബി കല്യാണം. പ്രായമാവാത്ത പെണ്‍കുട്ടികളെ അറബിക്ക് പിടിച്ചുകൊടുത്ത് അറബിയുടെ കൊതിതീര്‍ന്ന ശേഷം വലിച്ചറിയുന്ന പ്രാകൃതമായ രീതി. കേരളത്തില്‍ വിശേഷിച്ച് മലബാറായിരുന്നു അറബി കല്യാണങ്ങളുടെ കേളീരംഗം. ഇതിനെതിരെ പ്രബുദ്ധകേരളം ഒന്നടങ്കം രംഗത്തെത്തിയപ്പോള്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടോളമായി അറബി കല്യാണം വാര്‍ത്തകള്‍ക്ക് പുറത്തായിരുന്നു. പക്ഷെ വര്‍ഷങ്ങള്‍ക്കുശേഷം അറബി കല്യാണത്തിന് കോഴിക്കോട്ടും മലപ്പുറത്തുമായി ഒരു ഇരകൂടി ഉണ്ടായി എന്നറിഞ്ഞത് ഞെട്ടലോടെയാണ് നാം കേട്ടത്. ബ്രേക്കിംങ് ന്യൂസുകളും വാര്‍ത്തകളും പരമ്പരകളും സാമൂഹ്യ ഇടപെടലുകളും പ്രഭാഷണ പരമ്പരകളുമെല്ലാമായി മാസങ്ങളോളം അങ്ങനെ ആ അറബി കല്യാണം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു.

അതിനുശേഷം ഒരു വര്‍ഷവും രണ്ടു മാസവും കഴിഞ്ഞു. കേരളം ഞെട്ടിയ അറബി കല്യാണത്തില്‍ ഇരയ്ക്കും പ്രതിയായ അറബിക്കും പിന്നീടെന്ത് സംഭവിച്ചു എന്ന അന്വേഷണവുമായി വെറുതെ ഇറങ്ങിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. പ്രതിയായ അറബിയെ വിദേശത്ത് നിന്ന് അറസ്റ്റ് ചെയ്യേണ്ട പൊലീസ് ഇപ്പോള്‍ വാദിയായ പെണ്‍കുട്ടിക്കും അവളുടെ ഉമ്മയ്ക്കും പിറകെയാണ്. കേസില്‍ ഹൈക്കോടതി ഇടപെട്ടിട്ടും പ്രതിയായ അറബിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ഇരയുടെ ഉമ്മയെ കല്യാണത്തിന് ഒത്താശ ചെയ്തു എന്ന പേരില്‍ കൂട്ടുപ്രതിയാക്കി അറസ്റ്റ് ചെയ്യാന്‍ നടക്കുകയാണ് കോഴിക്കോട്ടെ പൊലീസ്. മഞ്ചേരിയിലെ വീട്ടിലും ഇവരുടെ ബന്ധുവീടുകളിലുമായി പൊലീസ് നിരന്തരം കയറിയിറങ്ങാന്‍ തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ ഉമ്മയും മകളും ഒളിവില്‍ പോയിരിക്കുകയാണ്. അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതൊഴിവാക്കാനായി ഇവര്‍ക്കുവേണ്ടി കേസ് കൈകാര്യം ചെയ്യുന്ന വക്കീല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നു. വാദി പ്രതിയായ സാഹചര്യത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത് ഹൈക്കോടതി തടയുകയും ചെയ്തിട്ടുണ്ട്.

2013 ജൂണ്‍ 13നാണ് കോളിളക്കം സൃഷ്ടിച്ച അറബി കല്യാണം നടന്നത്. ഒരു കാലത്ത് മുസ്‌ലീം പെണ്‍കുട്ടികളുടെ തോരാക്കണ്ണീരായ അറബി കല്യാണം വീണ്ടുമെന്ന വാര്‍ത്ത പൊതു സമൂഹം ഞെട്ടലോടെയാണ് ശ്രവിച്ചത്. മഞ്ചേരി സ്വദേശിനിയായ 17കാരിയായിരുന്നു ഇര. കോഴിക്കോട്ടെ സിയസ്‌കോ അനാഥാലയം അധികൃതരാണ് പെണ്‍കുട്ടിയെ യാതൊരു മാനദണ്ഡവും പാലിക്കാതെ അറബിക്ക് കല്യാണം കഴിച്ച് കൊടുത്തത്. 15 ദിവസത്തെ വിവാഹ ജീവിതത്തിനിടെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചശേഷം ഇയാള്‍ രാജ്യം വിട്ടു. ചെല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ പരാതിയെത്തുടര്‍ന്നാണ് സംഭവം വെളിച്ചത്ത് വന്നതും പൊലീസ് കേസെടുത്തതും. കോഴിക്കോട് കുറ്റിച്ചിറയിലെ സിയസ്‌കോ അനാഥാലയത്തില്‍ ചെറുപ്പം മുതല്‍ താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ അനാഥാലയം അധികൃതര്‍ നിര്‍ബന്ധിച്ചാണ് യുഎഇ സ്വദേശിയായ ജാസിം മുഹമ്മദ് അബ്ദുള്‍കരീമിന്(28) വിവാഹം ചെയ്തു കൊടുത്തത്. ഇയാളെ വിവാഹം ചെയ്താല്‍ അനാഥാലയത്തിന് വലിയ ഗുണമുണ്ടാവുമെന്നു പറഞ്ഞ് നിര്‍ബന്ധിച്ചാണ് വിവാഹത്തിന് സമ്മതിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞത്. അറബിയെ വിവാഹം ചെയ്തില്ലെങ്കില്‍ അനാഥാലയത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിയുമുണ്ടായി. വിവാഹത്തിനുശേഷം ഗള്‍ഫിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ 15 ദിവസത്തെ ദാമ്പത്യ ജീവിതത്തിനുശേഷം തന്നെ നാട്ടിലിട്ട് അറബി പോവുകയായിരുന്നെന്നാണ് പെണ്‍കുട്ടി പോലീസിന് നല്കിയ തന്റെ മൂന്നു പേജുള്ള പരാതിയില്‍ പറഞ്ഞത്. കോഴിക്കോട്ടും കുമരകത്തും വെച്ച് അറബിയും കൂട്ടുകാരുമെല്ലാം തന്നെ പീഡിപ്പിച്ചതായും മഞ്ചേരിയിലെ ശിശുക്ഷേമ സമിതിയില്‍ നല്‍കിയ പരാതിയില്‍ അവള്‍ പറഞ്ഞിരുന്നു. ഗള്‍ഫിലേക്ക് മടങ്ങുമ്പോള്‍ ആകെ നല്‍കിയത് 12000രൂപ. വിദേശത്തെത്തിയശേഷം രണ്ടാഴ്ച കഴിഞ്ഞ് ഫോണില്‍ വിളിച്ചാണ് വിവാഹ ബന്ധം ഒഴിയുന്നതായി അറബി പറഞ്ഞതെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.

കോഴിക്കോട്ടെ വിവാദ അറബി കല്യാണം; ഉമ്മയ്ക്കും മകള്‍ക്കും പിന്നാലെ പോലീസ്

വിവാഹം ചെയ്ത ആള്‍ മടങ്ങിയതോടെ സിയസ്‌കോ അധികൃതര്‍ പെണ്‍കുട്ടിയെ അനാഥാലയത്തിലേക്ക് തന്നെ തിരിച്ച് കൊണ്ടുവന്നു. അവിടുന്ന് രക്ഷപ്പെട്ടതിനുശേഷമാണ് പെണ്‍കുട്ടി മഞ്ചേരിയിലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി മുമ്പാകെ പരാതി നല്‍കിയത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഒരു വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ ഈ അറബി മറ്റൊരു പെണ്‍കുട്ടിയേയും വിവാഹം കഴിച്ചതായി വിവരം ലഭിച്ചു. മാധ്യമങ്ങളും പൊതുസമൂഹവും പ്രശ്‌നം ഏറ്റെടുത്തതോടെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അന്വേഷണവും അറസ്റ്റുമെല്ലാം തകൃതിയിലുണ്ടായി. എന്നാല്‍ സംഭവം നടന്നിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും കേസിലെ പ്രധാന പ്രതിയായ അറബിയെ ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന് അറസ്റ്റ് ചെയ്യാനുള്ള നടപടിയൊന്നും ഇതുവരെ നടന്നിട്ടില്ല. നടന്നില്ലെന്നുമാത്രമല്ല ഇരയേയും ഇരയുടെ ഉമ്മയേയും പിന്നാലെ നടന്ന് ഭീഷണിപ്പെടുത്തുകയും കേസില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിക്കുകയുമാണ് പൊലീസ് ചെയ്യുന്നതെന്ന് കേസ് കൈകാര്യം ചെയ്യുന്ന അഡ്വ.സി.പി.സമദ് പറഞ്ഞു. തുടക്കത്തില്‍ വലിയതോതില്‍ പണം വാഗ്ദാനം ചെയ്ത് പരാതിയില്‍ നിന്ന് പിന്‍വാങ്ങാനായിരുന്നു സമ്മര്‍ദ്ദം. പിന്നീടത് ഭീഷണിയായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഉമ്മ നീതി തേടി ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടയില്‍ മന്ത്രിമാരേയും മുഖ്യമന്ത്രിയേവരെ കണ്ടിട്ടും ഒന്നും നടന്നില്ല. കേസില്‍ ഹൈക്കോടതി ഇടപെട്ടപ്പോഴാണ് പെണ്‍കുട്ടിയുടെ ഉമ്മയെ 13-ആം പ്രതിയാക്കി പൊലീസ് കേസെടുത്തത്. പിന്നീട് അറബിയെ പിടികൂടാനുള്ള നടപടിക്രമങ്ങള്‍ നടത്തുന്നതിന് പകരം ഉമ്മയെ പിടികൂടാനായി പൊലീസിന്റെ ശ്രമമെന്ന് സമദ് പറയുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

തല്ലി കുറ്റവാളിയാക്കുന്ന കേരളാ പോലീസ്; ചേരാനെല്ലൂരിലെ ലീബയുടെ ലോക്കപ്പനുഭവം
മധുരിക്കില്ല പതിനാറ് - ഡോ. ഖദീജ മുംതാസുമായുള്ള അഭിമുഖം
കേരളം ഓടുന്നത് റിവേഴ്സ് ഗിയറില്‍ - എം.എന്‍ കാരശേരി
കേരളം എന്ന ഭ്രാന്താലയം
സൂര്യനെല്ലി: തലതാഴ്‌ത്തേണ്ടത് കുറ്റവാളികളാണ്‌

കേസിലെ മറ്റ് പ്രതികളുടെ കാര്യത്തില്‍ വലിയ താത്പര്യം കാണിക്കാക്കാത്ത പോലീസിന്റെ ഈ നടപടി കേസില്‍ നിന്ന് പിന്‍ വാങ്ങാന്‍ ഉമ്മയ്ക്കും മകള്‍ക്കും നേരെയുള്ള സമ്മര്‍ദ്ദ തന്ത്രമായി വേണം കരുതാന്‍. വലിയ പോലീസ് വാനിലാണ് കോഴിക്കോട് ടൗണ്‍പൊലീസ് ഇപ്പഴും ഉമ്മയെ തേടി നടക്കുന്നത്. പിടികൊടുക്കാതിരിക്കാനായി ഉമ്മ പലപല വീടുകള്‍ മാറിമാറി താമസിക്കുകയാണ്. ഈ ഉമ്മയ്ക്കും മകള്‍ക്കും എവിടെയാണ് നീതിയെന്ന് വക്കീല്‍ ചോദിക്കുമ്പോള്‍ ആരാണ് മറുപടി പറയേണ്ടത്...!..?