അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

 
അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

രാകേഷ് സനല്‍

രംഗമ്മയുടെ ഓട്ടോറിക്ഷ ഗേറ്റ് കടന്നു വരുമ്പോഴേക്കും അഗളിയുടെ തണുപ്പിലേക്ക് ചെറുവെയില്‍ കലര്‍ന്നിരുന്നു. അഹാഡ്‌സിലെ ഉയര്‍ന്ന കാമ്പസില്‍ നിന്നുനോക്കിയാല്‍ മഞ്ഞുകച്ചയഴിച്ച മലമുടികള്‍ കാണാം. കാറ്റത്തിളകിയാടുന്ന ഹരിതകമ്പളം പുതച്ച മലത്തട്ടുകള്‍ക്കു താഴെ അങ്ങിങ്ങായി ചെറു വീടുകളും...ഒട്ടധികമില്ല ഇവിടെ നിന്നു ഭവാനിപ്പുഴയിലേക്ക്...

രംഗമ്മയുടെ ഓട്ടോ ട്രെയിനിംഗ് ഹാളിനു മുന്നിലേക്കെത്തുമ്പോഴേക്കും വിഷ്ണുവും സഞ്ജയും വിഘ്‌നേഷും ശശികുമാറുമെല്ലാം ഇഡലിയും കടലക്കറിയും കൂട്ടി പ്രഭാതഭക്ഷണം കഴിച്ചു മടങ്ങി വന്നിരുന്നു. ഓട്ടോയില്‍ നിന്നിറങ്ങിയ കുട്ടികളെയും കൊണ്ട് രംഗമ്മ തന്നെയാണ് മെസിലേക്ക് പോയത്. അവിടെ ആറുസ്വാമിയുണ്ട്. തൊട്ടുപിന്നാലെ ഒന്നു രണ്ടുപേര്‍ കൂടിയെത്തി. മിണ്ടാട്ടമില്ലാതെ കിടക്കുന്ന അഹാഡ്‌സ് ഒന്നുണരുന്നത് ഈ കുട്ടികള്‍ ഇവിടെയെത്തുമ്പോഴാണ്.

കഴിഞ്ഞ അറുമാസമായി എല്ലാ ശനിയാഴ്ച്ചകളിലും അഗളിയില്‍ നിന്നും ഷോളയൂരില്‍ നിന്നും പുതൂരില്‍ നിന്നെല്ലാം ഇവരിവിടെ എത്താറുണ്ട്; പഠിക്കാന്‍... കണ്ണീരിന്റെയും ഇല്ലായ്മകളുടെയും ചൂഷണങ്ങളുടെയും വാര്‍ത്തകള്‍ മാത്രം പറയാനുണ്ടെന്നു കരുതിയ അട്ടപ്പാടിക്ക് പ്രതീക്ഷകളും സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്ന് ഈ കുട്ടികള്‍ മനസിലാക്കി തരുന്നു.

ആദിവാസികളെക്കുറിച്ച് വ്യാകുലപ്പെടുന്നവര്‍ അധികമൊന്നും മിണ്ടാത്ത വിഷയമാണ് ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസം. ഈ ജനവിഭാഗത്തിനു ചെയ്തുകൊടുക്കേണ്ട പ്രധാനപ്പെട്ടതും അത്യാവശ്യമായതുമായ ഈ സേവനത്തില്‍ പൊതുവെ നമ്മള്‍ താത്പര്യം കാണിക്കാറില്ല. അവിടെയാണ് കഴക്കൂട്ടം സൈനിക സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ വ്യത്യസ്തരായത്...

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

പ്രൊജക്ട്‌ ഷൈന്‍
അട്ടപ്പാടിയിലെ ആദിവാസി കുട്ടികളെ സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് യോഗ്യരാക്കുക എന്ന ലക്ഷ്യത്തോടെ കഴക്കൂട്ടം സൈനിക് സ്‌കൂള്‍ 1991 ബാച്ച് അലുമ്നി kazhaks'91 തയ്യാറാക്കിയ 'പ്രൊജക്ട് ഷൈന്‍' ആദിവാസി മേഖലയിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച മാതൃകയാവുകയാണ്. 2016 ജനുവരി 3 ന് നടക്കുന്ന ആള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ എന്‍ട്രന്‍സ് എക്‌സാമിന് പങ്കെടുക്കാന്‍ യോഗ്യരാക്കുക എന്ന ലക്ഷ്യത്തോടെ 24 കുട്ടികള്‍ക്കാണ് ഇവര്‍ പരിശീലനം നല്‍കുന്നത്.

kazhaks'91 ലെ അംഗം ബാബു മാത്യുവും ഭാര്യ ലിറ്റിയും ചേര്‍ന്നാണ് ഈ പദ്ധതിക്കു നേതൃത്വം വഹിക്കുന്നത്. പ്രമുഖ സൈക്കോളജിസ്റ്റായ ബാബുവും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ലിറ്റിയും ബദല്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ ഇടപെടലുകള്‍ നടത്തിവരികയാണ്. സോഷ്യോ-ഇമോഷണല്‍ ലേണിംഗ് (എസ് ഇ എല്‍) എന്ന പ്രക്രിയയിലൂടെ വിദ്യാഭ്യാസം അതാവശ്യപ്പെടുന്ന കുട്ടിക്ക് അവനെ അടുത്തറിഞ്ഞ് പകര്‍ന്നു നല്‍കുക എന്നതാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന ആശയം. അടിച്ചേല്‍പ്പിക്കേണ്ടതല്ല, അറിഞ്ഞു നല്‍കേണ്ട ഒന്നാണ് വിദ്യാഭ്യാസമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

അട്ടപ്പാടി കേന്ദ്രമാക്കി സംഘടിപ്പിച്ച വിദ്യാഭ്യാസ സൗഹൃദ കൂട്ടായ്മയില്‍ പങ്കെടുക്കുക വഴി മനസ്സിലാക്കിയ കാര്യങ്ങളിലൂടെയാണ് ആദിവാസി മേഖലകളിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ പോരായ്മകള്‍ ഇവര്‍ തിരിച്ചറിയുന്നത്. ശരിയായ വിദ്യാഭ്യാസം ഭൂരിഭാഗം കുട്ടികളിലേക്കും എത്തുന്നില്ല എന്നതാണ് ആദിവാസികളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഇവര്‍ മനസിലാക്കി. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നത് അത്ര എളുപ്പമല്ലായിരുന്നു.

അങ്ങനെയിരിക്കെയാണ് kazhaks'91 ന്റെ സില്‍വര്‍ ജൂബിലി ആഘോഷം നടക്കുന്നത്. പൊതുകാര്യപ്രസക്തമായ എന്തെങ്കിലും സേവനം നടത്തണം എന്ന നിര്‍ദേശം സംഘത്തില്‍ നിന്നും ഉയര്‍ന്നുവന്നപ്പോഴാണ് ബാബു ആദിവാസിമേഖലയിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെന്ന പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. തെരഞ്ഞെടുത്ത കുറച്ചു കുട്ടികളെ സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് സജ്ജരാക്കുക, എസ് ടി വിഭാഗത്തിന് റിസര്‍വേഷനുമുണ്ട്. ആ നിര്‍ദേശം എല്ലാവരും കൈയടിച്ചു പിന്താങ്ങി. അങ്ങനെയാണ് പ്രൊജക്ട് ഷൈന്‍ രൂപം കൊള്ളുന്നത്. പ്രധാന ചുമതല ബാബുവിനെ തന്നെ ഏല്‍പ്പിച്ചു.

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

Pix credit & Rights : Krishna Kumar

പ്രതിസന്ധികള്‍ കടുത്തത്

കാര്യങ്ങള്‍ വിചാരിച്ചയത്ര എളുപ്പവുമല്ലായിരുന്നു.പ്രതിസന്ധികള്‍ കടുത്തതായിരുന്നു.ബാബുവിനും ലിറ്റിക്കും മുന്നില്‍ ഉണ്ടായിരുന്ന പ്രധാന വെല്ലുവിളികള്‍ ഇവയായിരുന്നു;

അട്ടപ്പാടിയില്‍ പ്രധാനമായും മൂന്നുവിഭാഗങ്ങളാണുള്ളത്; ഇരുളര്‍, മുഡുഗര്‍, കുറുമ്പര്‍. ഇവര്‍ക്കെല്ലാം ഇവരുടേതായ ഭാഷകളുണ്ട്. സ്‌കൂളുകളില്‍ വരുന്ന കുട്ടികള്‍ പരസ്പരം സംസാരിക്കുന്നത് അവരവരുടെ ഭാഷയിലാണ്. പലപ്പോഴും അധ്യാപകര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നതും ഭാഷയാണ്. മലയാളം അവര്‍ക്ക് അത്ര പെട്ടെന്നു ദഹിക്കുന്ന ഒന്നല്ല.

അട്ടപ്പാടിയില്‍ മേഖലയില്‍ അറ് സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളുണ്ട്. അണ്‍എയ്ഡഡ് സ്‌കൂളുകള്‍ വേറെയും .എന്നിരുന്നാലും സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ കുറവ്. സ്‌കൂളില്‍ ചേര്‍ക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും ഇടയില്‍വച്ച് പഠനം ഉപേക്ഷിക്കുകയാണ്.

മാതാപിതാക്കളുടെ ശ്രദ്ധയില്ലായ്മ, തങ്ങളുടെ കുട്ടികള്‍ കൃത്യമായി സ്‌കൂളുകളില്‍ പോകുന്നുണ്ടോ, പഠിക്കുന്നുണ്ടോ എന്നു തിരക്കുന്ന മാതാപിതാക്കള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്.

ആദിവാസി മേഖലയിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് ഇതെല്ലാം പ്രധാന തടസ്സങ്ങളാണ്. പെട്ടെന്നൊരു മാറ്റം അസാധ്യവും. ഇവിടെയാണ് വെല്ലുവിളികള്‍ ഏറ്റെടുക്കാം എന്ന ധൈര്യം ബാബുവും ലിറ്റിയും പ്രകടിപ്പിക്കുന്നത്.


ആദ്യം ചെയ്തത് അട്ടപ്പാടിയിലേക്ക് ഒരു യാത്ര നിശ്ചയിക്കുകയായിരുന്നു. കുട്ടികളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഊരുകള്‍ കയറിയിറങ്ങി, മാതാപിതാക്കളോടു സംസാരിച്ചു. കുട്ടികളെ കണ്ടു സംസാരിച്ചു. കാര്യങ്ങള്‍ക്കൊക്കെ ഒരു തുടക്കംവച്ചിട്ടു തിരിച്ചുപോന്നു. രണ്ടാഴ്ച്ച കഴിഞ്ഞു വീണ്ടുമൊരു യാത്ര. ഇത്തവണ ആദിവാസി മേഖലയില്‍ പ്രവര്‍ത്തനം നടത്തുന്നവരുമായി ബന്ധപ്പെട്ടു. തങ്ങളുടെ ഉദ്ദേശ്യം അറിയിച്ചപ്പോള്‍ വേണ്ട സഹായം ചെയ്യാന്‍ എല്ലാവരും തയ്യാര്‍. ആ പ്രതീക്ഷയില്‍ തിരിച്ചുപോന്നു. അടുത്ത യാത്ര പ്രതീക്ഷയോടെയായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. ചെയ്യാം എന്നു പറഞ്ഞവരെയൊന്നും കണ്ടില്ല. പക്ഷേ നിരാശരായില്ല. വീണ്ടും ഒന്നില്‍ നിന്നും തുടങ്ങി. ഇത്തവണ ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍മാരെ കണ്ടു, ആത്മാര്‍ത്ഥമായി ആദിവാസി ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അവരുടെ തന്നെ കൂട്ടത്തിലുള്ളവരെ കണ്ടു. അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി.

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

സൈനിക് സ്‌കൂള്‍ പ്രവേശനത്തിനുള്ള പ്രധാന ക്രൈറ്റീരിയകളില്‍ ഒന്ന് പ്രായപരിധിയാണ്. 2005 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ച ആണ്‍കുട്ടികളെയാണ് വേണ്ടത്. പക്ഷേ ഈ പ്രായത്തിലുള്ള കുട്ടികളെ കണ്ടെത്തുക എന്നത് അത്രയെളുപ്പമല്ലായിരുന്നു. ഒരു ഊരില്‍ ഇതേ പ്രായത്തിലുള്ള ഒരു കുട്ടിയാകും ഉണ്ടാവുക. പിന്നെ സ്‌കൂളുകളെ ആശ്രയിക്കാന്‍ തീരുമാനിച്ചു. ആണ്‍ എയ്ഡഡ് സ്‌കൂളുകളെ ഒഴിവാക്കി. പക്ഷെ അവിടെയും പ്രശ്‌നങ്ങള്‍ ബാക്കിയായി.

സബ് കളക്ടര്‍ പി ബി നൂഹിന്‍റെ ഇടപെടല്‍
അപ്പോഴാണ് സബ് കളക്ടര്‍ പി ബി നൂഹിനെ കണ്ടുമുട്ടാനിടയായത്. അട്ടപ്പാടിയുടെ ചുമതല അദ്ദേഹത്തിനായിരുന്നു. ആദിവാസിമേഖലയെക്കുറിച്ച് മാസത്തില്‍ ഒരു സര്‍വേ റിപ്പോര്‍ട്ട് തയ്യാക്കേണ്ടതായുണ്ട്. ഇതിനായി അഹാഡ്‌സില്‍ സബ് കളക്ടര്‍ ക്യാമ്പ് ചെയ്യാറുണ്ട്. ഒരു ദിവസം ബാബുവും ലിറ്റിയും നൂഹിനെ സന്ദര്‍ശിച്ചു. വളരെ നല്ല സഹകരണമായിരുന്നു നൂഹില്‍ നിന്നും കിട്ടിയത്. പ്രയോജനകരമായ പ്രവര്‍ത്തികള്‍ ആദിവാസികള്‍ക്ക് ലഭിക്കണമെന്ന ആഗ്രഹം ഉള്ളയാളായിരുന്നു അദ്ദേഹം. തന്റെ മുന്നില്‍ അവതരിപ്പിച്ച ആശയത്തോട് നൂഹ് പൂര്‍ണമായും യോജിച്ചു. ഇതുസംബന്ധിച്ച് ഒരു പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. നാല്‍പ്പതോളം കുട്ടികള്‍ക്ക് തങ്ങള്‍ പരിശീലനം നല്‍കാന്‍ തയ്യാറാണ് എന്നു കാണിച്ചു ആവശ്യങ്ങള്‍ വിവരിക്കുന്ന ഒരു റിപ്പോര്‍ട്ട് ബാബു സബ് കളക്ടര്‍ക്കു സമര്‍പ്പിച്ചു. സബ് കളക്ടര്‍ വഴി ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാനുള്ള നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് എത്തിയെങ്കിലും കാര്യങ്ങള്‍ക്ക് നീക്കുപോക്കുണ്ടായില്ല.

പക്ഷെ സബ് കളക്ടര്‍ പിന്മാറാന്‍ തയ്യാറായില്ല. ഇത്തവണ നിര്‍ദേശം ഉത്തരവാക്കി ബിപിഒയ്ക്ക് നല്‍കി. രണ്ടുപേര്‍ ബിപിഒ ഓഫിസില്‍ നിന്നു ബാബുവിനും ലിറ്റിക്കുമൊപ്പം ചേര്‍ന്നു. അഗളി, കൂക്കുംപാറ, കാരയറ, ജല്ലിപ്പാറ, ഷോളയൂര്‍, കോടത്തറ എന്നീ സ്‌കൂളുകളില്‍ നിന്നും കുട്ടികളെ കണ്ടെത്താന്‍ നീക്കം ഉണ്ടാകുന്നത് ഇങ്ങനെയാണ്( ഇതില്‍ ഒന്നൊഴിച്ച് ബാക്കിയെല്ലാം സര്‍ക്കാര്‍ സ്‌കൂളുകളാണ്). അഞ്ചാം ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാായിരുന്നു ലക്ഷ്യമിട്ടത്. കാരണം സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയെന്നത് കുറച്ചു കട്ടിയാണ്. സിബിഎസ്‌സി സിലബസിലാണ് പരീക്ഷ. ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി, ഇന്റലിജന്‍സ് ടാലന്റ് എന്നിവ കുട്ടികള്‍ക്ക് ഉണ്ടായിരിക്കണം. അത്യാവശ്യം കാലിബര്‍ ഉള്ള കുട്ടികള്‍ക്കെ പരീക്ഷയില്‍ പങ്കെടുത്തിട്ടു കാര്യമുള്ളൂ. സൈനിക് സ്‌കൂളില്‍ പ്രവേശനത്തിനൊപ്പം നവോദയ സ്‌കൂളിലേക്കും കുട്ടികളെ പ്രവേശനത്തിനു തയ്യാറാക്കുക എന്ന മറ്റൊരു ഉദ്ദേശം കൂടി ഇവര്‍ക്കുണ്ടായിരുന്നു. നവോദയിലേക്കുള്ള പ്രവേശനം സൈനിക് സ്‌കൂളുമായി നോക്കുമ്പോള്‍ താരതമ്യേന എളുപ്പവുമാണ്.

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

സ്‌കൂളുകളില്‍ നിന്നു സമ്മിശ്ര പ്രതികരണമാണ് ഇവര്‍ക്ക് കിട്ടിയത്. ചില സ്‌കൂളുകള്‍ ഒരു മണിക്കൂറുനുള്ളില്‍ തന്നെ കുട്ടികളുടെ ലിസ്റ്റ് നല്‍കി. ചിലരുടെ പുറകെ ദിവസങ്ങളോളം നടന്നിട്ടാണ് കാര്യം സാധിച്ചത്. ചിലരാകട്ടെ ലിസ്റ്റ് നല്‍കിയതുപോലുമില്ല. തങ്ങളുടെ സ്‌കൂളില്‍ നിന്നും കുട്ടികള്‍ പോയാല്‍ അതേതെങ്കിലും രീതിയില്‍ തങ്ങള്‍ക്കു തന്നെ പാരയാകുമോ എന്ന ഭയമായിരുന്നു അവര്‍ക്ക്. എല്ലാം കഴിഞ്ഞ് 37 കുട്ടികളുടെ ലിസ്റ്റ് കൈയില്‍ കിട്ടി. ഇതോടെ 2015 ജൂലൈ നാലാം തീയതി പരിശീലന പദ്ധതിക്ക് തുടക്കം കുറിക്കാം എന്ന തീരുമാനത്തില്‍ എത്തി. വിവരങ്ങള്‍ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അടക്കം എല്ലാവരെയും അറിയിച്ചു.

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

എന്നാല്‍ ബാബുവിനെയും ലിറ്റിയെയും വീണ്ടും ഞെട്ടിക്കുന്നതായിരുന്നു ആദ്യദിനം. 37 പേരില്‍ അന്നുവന്നത് വെറും 17 വിദ്യാര്‍ത്ഥികള്‍ മാത്രം. ഇത്രയെങ്കിലും കുട്ടികള്‍ വന്നല്ലോ എന്നു പിന്നീട് ആശ്വാസം കണ്ടെത്തി. പക്ഷേ ആ ആശ്വാസവും അധികം നീണ്ടു നിന്നില്ല. കുട്ടികള്‍ക്ക് അവരൊരു സ്ക്രീനിംഗ് ടെസ്റ്റ് നടത്തി. ഫലം കൂടുതല്‍ ഞെട്ടിക്കുന്നതായിരുന്നു. അടിസ്ഥാനമായ കാര്യങ്ങള്‍ പോലും ആ കുട്ടികള്‍ക്ക് അറിയില്ല. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അവര്‍ നടത്തിയ സ്‌ക്രീനിംഗ് ടെസ്റ്റ് മൂന്നാം ക്ലാസ് യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു. എന്നിട്ടുപോലും യാതൊരു പ്രതീക്ഷയും നല്‍കുന്ന റിസള്‍ട്ടായിരുന്നില്ല ഉണ്ടായത്.

മലയാളം അവര്‍ക്ക് എത്രത്തോളം കട്ടിയാണെന്ന് ബാബുവും ലിറ്റിയും തിരിച്ചറിയുന്നതും അപ്പോഴാണ്. സാധാരണ ഉപയോഗത്തിലുള്ള വാക്കുകള്‍പോലും ആ കുട്ടികള്‍ക്ക് മനസിലാകുന്നില്ല. ഉദാഹരണത്തിന് 'ഉത്സവം' എന്നാല്‍ എന്താണെന്ന് അറിയില്ല. അവര്‍ക്ക് 'ഉത്സവം' എന്നാല്‍ 'നോമ്പി'യാണ്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ സൈനിക് സ്‌കൂള്‍ പ്രവേശനം എന്നത് നടക്കാത്ത കാര്യമാണെന്നു ബാബുവിന് ബോധ്യമായി. പക്ഷെ ഇതൊരു ചലഞ്ചാണ്. ഈ കുട്ടികള്‍ക്ക് എഴുത്തും വായനയെങ്കിലും പഠിപ്പിച്ചുകൊടുക്കണം. ലക്ഷ്യം ആ തരത്തിലേക്കവര്‍ മാറ്റി.

അഹാഡ്സ് കാമ്പസില്‍ ക്ലാസുകള്‍ ആരംഭിക്കുന്നു
പി ബി നൂഹ് അവിടെയും ഒരു സഹായം ചെയ്തു കൊടുത്തു, അഹാഡ്‌സിന്റെ കാമ്പസ് വിട്ടുകൊടുത്തു. ആഴ്ച്ചയില്‍ എല്ലാ ശനിയാഴ്ച്ചയും ക്ലാസ്. മൊത്തം നൂറ്റമ്പത് മണിക്കൂര്‍ ക്ലാസ് എടുക്കുക എന്നതായിരുന്നു ആദ്യം നിശ്ചയിച്ച ലക്ഷ്യം. രാവിലെ 8.30 മുതല്‍ വൈകിട്ട് മൂന്നുവരെയായിരുന്നു ക്ലാസ് സമയം നിശ്ചയിച്ചിരുന്നത്. കുട്ടികള്‍ക്കായി ഉച്ചഭക്ഷണം ഒരുക്കാനും തീരുമാനമായി.

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

പിറ്റേ ശനിയാഴ്ച്ച. ബാബുവും ലിറ്റിയും വെള്ളിയാഴ്ച്ച രാത്രിയില്‍ തന്നെ അഹാഡ്‌സില്‍ എത്തി. രാവിലെ ഒമ്പതര കഴിഞ്ഞിട്ടും ഒറ്റ കുട്ടിയും എത്തിയിട്ടില്ല. എതാണ്ട് പത്തരയോടെയാണ് കുട്ടികള്‍ ഓരോരുത്തരായി വരാന്‍ തുടങ്ങിയത്. അപ്പോഴാണ് മറ്റൊരു പ്രശ്‌നം ബാബുവിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. കുട്ടികള്‍ മനപൂര്‍വം താമസിക്കുന്നതല്ല. കിലോമീറ്ററുകള്‍ താണ്ടിവേണം പല കുട്ടികള്‍ക്കും ഇവിടെയെത്താന്‍. കാട്ടുവഴികളുടെ ദുര്‍ഘടങ്ങള്‍ താണ്ടിയെത്തുമ്പോഴേക്കും ഇവര്‍ക്ക് ഇങ്ങോട്ടേക്കുള്ള വാഹനങ്ങള്‍ കിട്ടാതെ പോകും. പിന്നെ അതിനുവേണ്ടി കാത്തുനില്‍ക്കണം. അത്രയ്ക്കു കഷ്ടപ്പെട്ടു പഠിക്കാന്‍ താത്പര്യമുള്ളവരും കുറവാണ്. ഈ പ്രശ്‌നമാണ് ആദ്യം പരിഹരിക്കേണ്ടതെന്നു മനസ്സിലായി. ഒരു ജീപ്പും രണ്ടു ഓട്ടോറിക്ഷകളും കുട്ടികളെ കൊണ്ടുവരുന്നതിനായി ഏര്‍പ്പാടു ചെയ്യുന്നത് അങ്ങനെയാണ്. രംഗമ്മയും സണ്ണിയുമൊക്കെ തങ്ങളുടെ ഓട്ടോറിക്ഷകളില്‍ കുട്ടികളെ കൊണ്ടുവരാന്‍ തുടങ്ങി. ഒരു നിശ്ചിത തുക വാങ്ങുന്നുണ്ടെങ്കിലും ബാബുവും ലിറ്റിയും ചെയ്യുന്ന നന്മയുടെ കൂടെ നില്‍ക്കുന്നവരാണ് സണ്ണിയും രംഗമ്മയും. ഇവരെ കൂടാതെ ഡോക്ടര്‍ പ്രഭുദാസ്, ആദിവാസി ഭാഷയ്ക്ക് ലിപി ചമയ്ക്കുകയും അതില്‍ പുസ്തകം എഴുതുകയുമൊക്കെ ചെയ്ത നാരായണേട്ടന്‍, സബ് കളക്ടര്‍ പി ബി നൂഹ് തുടങ്ങിയവരൊക്കെ ലിറ്റിക്കും ബാബുവിനും പൂര്‍ണ പിന്തുണയോടെ കൂടെ നിന്നു.

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

ഇതിനിടയില്‍ ചില ശുഭകാര്യങ്ങളും ഉണ്ടായി. ആദ്യം വന്ന പതിനേഴുപേരെ കൂടാതെ പുതിയതായും കുട്ടികള്‍ വരാന്‍ തുടങ്ങി. ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ മറ്റൊരു പ്രശ്‌നം. എതാണ്ട് പതിനൊന്നു പന്ത്രണ്ടു മണിയാകുമ്പോഴെ കുട്ടികള്‍ വയറില്‍ കൈയമര്‍ത്തി ഞെരിപിരികൊള്ളുന്നു. കാരണം തിരക്കിയപ്പോഴാണ് മനസിലാക്കുന്നത്. ഇവര്‍ രാവിലെ ഒന്നും കഴിക്കാതെയാണ് വരുന്നത്. അതിനും പരിഹാരം കണ്ടെത്തി. രാവിലെ പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് ഊണ്, വൈകുന്നേരം ലഘുഭക്ഷണം. ഇവയെല്ലാം തന്നെ പുറത്തുനിന്നു വാങ്ങാതെ പാകം ചെയ്‌തെടുക്കുകയാണ്. ഇതിനായി ഒരു സ്ത്രീയെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

ബാബുവും ലിറ്റിയും അടിസ്ഥാനപരമായി അധ്യാപകരല്ല. അതുകൊണ്ടു തന്നെ ഇവര്‍ക്ക് സഹായത്തിനായി ഒന്നു രണ്ടു ടീച്ചേഴ്‌സിന്റെ സഹായം തേടി. പ്രത്യേക വേതനം നല്‍കി കൊണ്ടായിരുന്നു ഈ ടീച്ചര്‍മാരുടെ സേവനം ലഭ്യമാക്കിയത്. പക്ഷേ ഒന്നു രണ്ടു ദിവസം കൊണ്ടു തന്നെ ചില കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ആ ടീച്ചര്‍മാരുടെ രീതി തങ്ങളുടെ ലക്ഷ്യത്തിന് ഒരിക്കലും സഹായകമാകില്ല. അവര്‍ തനി ടീച്ചര്‍മാരാണ്. കുട്ടികളെ ഭയപ്പെടുത്തി പഠിപ്പിക്കുന്ന നമ്മുടെ പരമ്പരാഗത അധ്യാപക സമ്പ്രദായത്തിന്റെ വക്താക്കള്‍. എന്തുകൊണ്ടാണ് ആദിവാസി മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം അരഡസനോളം ഉണ്ടെങ്കിലും കുട്ടികള്‍ക്ക് കൃത്യമായ വിദ്യാഭ്യാസം ലഭിക്കാത്തതെന്ന് ഇവരുടെ രീതികളില്‍ നിന്നും തന്നെ മനസ്സിലാക്കാം. തങ്ങള്‍ക്കു കിട്ടിയിരിക്കുന്ന പോര്‍ഷനുകള്‍ ലഭ്യമായ പിരീഡുകളില്‍ തീര്‍ത്തുവിടുകമാത്രമാണ് പലരും ചെയ്യുന്നത്. അവര്‍ക്ക് കുട്ടികളുടെ മനോവിചാരങ്ങളെക്കുറിച്ചോ സാഹചര്യങ്ങളെക്കുറിച്ചോ ഒന്നുംതന്നെ അറിയേണ്ടതില്ല. മറ്റെല്ലാമെന്നതുപോലെ അധ്യാപനവും ഒരു ജോലി മാത്രമായി കാണുന്നവര്‍.

കാര്യങ്ങള്‍ സുഖകരമായി പോകില്ല എന്നുകണ്ടതോടെ സഹായത്തിനു വന്ന ടീച്ചര്‍മാരുടെ സേവനങ്ങള്‍ തത്കാലം മതിയാക്കാന്‍ ബാബു തീരുമാനിച്ചു. പക്ഷേ അവര്‍ തേടിയപോലെ ഒരാള്‍ അവരെ തേടിവന്നു; ലേഖ. എംഎസ് സി ബിഎഡ്ഡുകാരിയാണ്. പുറത്തുനിന്നു വന്നവരാണ് ലേഖയുടെ മാതാപിതാക്കളെങ്കിലും ലേഖയും സഹോദരിമാരും ജനിച്ചതും വളര്‍ന്നതുമെല്ലാം ആദിവാസികള്‍ക്കിടയിലാണ്. ഷോളയൂര്‍ പഞ്ചായത്തിലെ വയലൂരാണ് താമസം. അധ്യാപകവൃത്തിയിലേക്ക് യാദൃശ്ചികമായി എത്തിയതാണെങ്കിലും ഷോളയൂര്‍ സ്‌കൂളില്‍ ഗസ്റ്റ് ആയി ജോലി ചെയ്യുന്ന ലേഖ ഇപ്പോള്‍ മനസിലാക്കുന്നു, ഇതു തന്നെയാണ് താന്‍ എത്തപ്പെടേണ്ടിയിരുന്ന കര്‍മ്മമേഖല. ആദിവാസി ജീവിതങ്ങളെ അടുത്തറിഞ്ഞ ലേഖയ്ക്ക് ഈ കുട്ടികള്‍ക്ക് കൃത്യമായ വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവശ്യകത നന്നായി അറിയാം.

എഴുപതും എണ്‍പതും കുട്ടികളായിരിക്കും ഒരു ക്ലാസില്‍ ഉണ്ടാവുക. ഇവരെയെല്ലാം ശ്രദ്ധിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കില്ല. അവര്‍ വരുന്നു എടുക്കാനുള്ള പാഠം അവസാനിപ്പിച്ചു പോകുന്നു, അതാണ് പതിവ്. കുട്ടികള്‍ കൃത്യമായി സ്‌കൂളില്‍ വരുന്നുണ്ടോ പഠിക്കുന്നുണ്ടോ എന്നൊന്നും തിരക്കാറില്ല. മാതാപിതാക്കളുടെ കാര്യവും അങ്ങനെയാണ്. തന്റ കുട്ടി സ്‌കൂളില്‍ പഠിക്കുന്നുണ്ടോ എന്നുപോലും അറിയാത്ത മാതാപിതാക്കളുമുണ്ട്. കുട്ടികള്‍ക്ക് വേണ്ടത് അവരെ കെയര്‍ ചെയ്യുന്നുണ്ട് എന്ന തോന്നലാണ്. അതേപോലെ മാതാപിതാക്കളെ കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ബോധവാന്മാരാക്കണം. ഇതു രണ്ടും സ്‌കൂളുകളില്‍ നടക്കാറില്ല. പക്ഷേ ഇവിടെ അത്തരമൊരു അന്തരീക്ഷമാണ് ഉള്ളത്. അതുകൊണ്ടു തന്നെയാണ് ഈ പദ്ധതിയുടെ ഭാഗമാകാന്‍ എന്നെ പ്രേരിപ്പതും ലേഖ പറയുന്നു.

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

ബാബു മാത്യു സംസാരിക്കുന്നു
ബാബു പറയുന്നതും ഇതു തന്നെയാണ്. വിദ്യാഭ്യാസത്തിന്റെ തെറ്റായ രീതിയാണ് നമ്മള്‍ കുട്ടികള്‍ക്ക് പകരുന്നത്. ഒരു കുട്ടിയെ നമുക്ക് ഭയപ്പെടുത്തി പഠിപ്പിക്കാം. പക്ഷെ അവന്‍/അവള്‍ യഥാര്‍ത്ഥ വിദ്യാഭ്യാസം നേടുന്നവനാകില്ല. കുട്ടികളുടെ മാനസിക സാമൂഹിക പ്രശ്‌നങ്ങള്‍ മനസിലാക്കണം. പുറം ലോകത്തിന്റെ സാധ്യതകള്‍ ഇവരെ പറഞ്ഞു മനസിലാക്കാന്‍ ആരും തയ്യാറാകുന്നില്ല. ആദിവാസികളെ അവരുടെ ഭാഷയില്‍ പഠിക്കാനും ജീവിക്കാനും അനുവദിക്കണമെന്നാണ് ചിലരുടെ ആവശ്യം. അതുകൊണ്ട് എന്താണ് നേട്ടം. ആ ഭാഷകള്‍ക്ക് ഒരു ലിപിയുണ്ടോ? ഇനി ലിപി ഉണ്ടാക്കി അവരെ അതേ ഭാഷയില്‍ പത്തുവരെയോ അല്ലെങ്കില്‍ പ്ലസ് ടു വരെയോ പഠിപ്പിക്കാം. അതു കഴിഞ്ഞാല്‍? അവര്‍ക്ക് ഒരു നല്ല ജോലിക്കായി ശ്രമിക്കാന്‍ ഇതുമതിയോ? അവര്‍ക്ക് എംബിബിഎസിനോ എഞ്ചിനിയറിംഗിനോ കമ്പ്യൂട്ടര്‍ സയന്‍സിനോ പഠിക്കാന്‍ അവവരുടെ ഭാഷ മതിയാകുമോ? അവരുടെ സംസ്‌കാരം നിലനിര്‍ത്താനാണ് പുറം ഭാഷകള്‍ പഠിപ്പിക്കരുതെന്ന് പറയുന്നതെങ്കില്‍ അതവരോട് ചെയ്യുന്ന ചതിയാണ്. മലയാളികള്‍ ഇംഗ്ലീഷും ഹിന്ദിയും മറ്റുഭാഷകളും പഠിച്ചതുകൊണ്ട് അവന്റെ സത്വം നഷ്ടപ്പെടുത്തിയിട്ടുണ്ടോ? ആദിവാസിക്ക് പുറം ലോകവുമായി സംവദിക്കണമെങ്കില്‍ അവന്റെ ഭാഷമതിയാകുമോ? ഇനി ഇതൊന്നും വേണ്ട, അവനെ അവന്റെ ലോകത്തു തനിച്ചു വിടുക എന്നാണ് പറയുന്നതെങ്കില്‍ നാളെ തന്നെ നമ്മളെല്ലാവരും അവരുടെ മണ്ണില്‍ നിന്നും എന്നന്നേക്കുമായി ഇറങ്ങണം. അതിനു തയ്യാറാണോ? സര്‍ക്കാരുകള്‍ കോടികളാണ് ആദിവാസി ക്ഷേമത്തിനായി ചെലവഴിക്കുന്നത്. എന്തുണ്ടായി? ആദിവാസിക്ക് ഇപ്പോഴും പ്രശ്‌നങ്ങളല്ലേ. ആദിവാസികളുടെ യഥാര്‍ത്ഥപ്രശ്‌നം എന്താണ്? അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള തിരിച്ചറിവ് ഇല്ല എന്നതാണ് അവര്‍ നേരിടുന്ന യഥാര്‍ത്ഥപ്രശ്‌നം. അവര്‍ക്ക് അവരെ തിരിച്ചറിയാന്‍ കഴിയുന്നില്ല. അവരുടെതെന്നു കരുതുന്ന പ്രശ്‌നങ്ങള്‍ പുറംലോകത്തെ മനുഷ്യന്‍ പറഞ്ഞുകൊടുക്കുന്നതാണ്, അതിനുള്ള പ്രതിവിധിയും അവന്‍ തന്നെ കണ്ടെത്തി കൊടുക്കുന്നു. ദീര്‍ഘനാളായി ഈ പ്രശ്‌നവിധികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നുവരെ അവയൊന്നും പൂര്‍ണപരിഹാരത്തില്‍ എത്തിയിട്ടില്ലെന്നുമാത്രം. അപ്പോള്‍ യഥാര്‍ത്ഥ ചികിത്സ എന്താണ്? ആദിവാസികളില്‍ വിദ്യാഭ്യാസം നല്‍കുക, അതിലൂടെ അവര്‍ അവരെ തിരിച്ചറിയും സ്വയം ചോദ്യം ചോദിക്കാന്‍ പഠിക്കുകയും ചെയ്യും.

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍


ഇവിടെ കുട്ടികളോട് ഞങ്ങള്‍ ചോദിക്കും വലുതാകുമ്പോള്‍ ആരാകാനാണ് നിങ്ങള്‍ക്ക് ഇഷ്ടമെന്ന്. എല്ലാവരുടെ ലക്ഷ്യം ഒരു ഡ്രൈവര്‍ ആവുക എന്നതായിരുന്നു. വളരെ അഭിമാനത്തോടെയാണതു പറയുന്നത്. അവരുടെ ഉള്ളില്‍ ഡ്രൈവറാണ് മേന്മയുള്ളവന്‍. അവരെ കളിയാക്കാന്‍ വരട്ടെ. അവര്‍ കാണുന്നത് അതുമാത്രമാണ്. പുറംലോകത്തെ തൊഴില്‍ സാധ്യതകളെ കുറിച്ച് അവര്‍ അജ്ഞരാണ്. അവര്‍ക്ക് പലതും അറിയില്ല. അതൊക്കെ അരും അവര്‍ക്കും പറഞ്ഞുകൊടുക്കുന്നില്ല എന്ന സാഹചര്യത്തെയാണ് നാം പരിഹസിക്കേണ്ടതും കുറ്റപ്പെടുത്തേണ്ടതും.

ഞങ്ങളുടെ അലുമ്നിയില്‍ ഉള്ളവരൊക്കെ ഇന്ത്യയില്‍ തന്നെ പലയിടത്തും വിദേശങ്ങളിലുമായി പല ജോലികള്‍ ചെയ്യുന്നവരാണ്. ഇവരില്‍ പലരും കുടുംബ സമേതം ക്ലാസുകളില്‍ പങ്കെടുക്കാന്‍ എത്തും. ഞാനവരോടൊക്കെ പറയുന്നൊരു നിബന്ധന, ഇവിടെ നിങ്ങള്‍ ഈ കുട്ടികളിലൊരാളായി അവര്‍ക്കു മനസിലാക്കുന്ന ഭാഷയില്‍ വേണം സംസാരിക്കാനും കൂട്ടംചേരാനും. എങ്കില്‍ മാത്രമെ അവരില്‍ നമ്മുടെ സ്വാധീനം ചെലുത്താന്‍ പറ്റൂ. ഞങ്ങളുടെ കൂടെയുള്ളവര്‍ എന്റെ പ്രതീക്ഷകള്‍ക്കും അപ്പുറമാണ് ഈ കുട്ടികളോട് ഇടപഴകയിത്. ഇപ്പോള്‍ നിങ്ങളീ കുട്ടികളോട് ചോദിക്കു, വലുതാകുമ്പോള്‍ ആരാകണമെന്ന്. അവര്‍ പറയും എനിക്ക് ഡോക്ടര്‍ ആകണം, എഞ്ചിനീയറാകണം, കമ്പ്യൂട്ടര്‍ പഠിക്കണം, ആര്‍മിയില്‍ പോകണം എന്നൊക്കെ.

ഞങ്ങളുടെ സമീപനത്തിലൂടെയാണ് ആ കുട്ടികള്‍ക്ക് പ്രതീക്ഷാനിര്‍ഭരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത്. ഇപ്പോള്‍ കുട്ടികളെക്കാള്‍ ഉത്സാഹം അവരുടെ മാതാപിതാക്കള്‍ക്കാണ്. അവര്‍ക്ക് തങ്ങളുടെ കുട്ടികള്‍ പഠിക്കണമെന്ന് ആഗ്രഹം ഉണ്ട്. ആഴ്ച്ചയില്‍ ഒരു ദിവസമാണ് ഞങ്ങള്‍ക്ക് അവരുമായി നേരിട്ട് ഇടപഴകാന്‍ സാധിക്കുന്നുള്ളൂവെങ്കിലും ഇപ്പോഴുള്ള 24 കുട്ടികളുടെയും മാതാപിതാക്കളുമായി മറ്റുള്ള ദിവസങ്ങളില്‍ ഫോണില്‍ സംസാരിക്കാന്‍ ശ്രമിക്കും. അവരുടെ ജീവിതത്തെകുറിച്ചും കുട്ടിയുടെ വിദ്യഭ്യാസത്തെ കുറിച്ചും അവര് പഠിക്കേണ്ടതിന്റെ ആവശ്യകതകളെ കുറിച്ചുമെല്ലാം ഞങ്ങള്‍ സംസാരിക്കും. ക്ലാസുകള്‍ ഉള്ള ദിവസം മൂന്നു മണി കഴിഞ്ഞു കുട്ടികളുടെ ഊരുകളില്‍ നേരിട്ടു ചെന്നു അവരുടെ ജീവിതസാഹചര്യങ്ങള്‍ മനസിലാക്കി. പല കുട്ടികളുടെ ജീവിതകഥ ദൈന്യത നിറഞ്ഞതാണ്. ആദിവാസി സമൂഹത്തിന്റെ അരക്ഷിതാവാസ്ഥയുടെ ഇരകള്‍ അവിടുത്തെ കുട്ടികളാണ്. അച്ഛനുമമ്മയും വെവ്വേറെ വിവാഹങ്ങള്‍ കഴിച്ചുപോയി ജീവത്തില്‍ അനാഥത്വം അനുഭവിക്കുന്നവര്‍ തുടങ്ങി മാതാപിതാക്കളുടെ ലഹരിയുടെ ഇരകളായി ശാരീരികമായും മാനസികമായും പീഢനങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍വരെ ഉണ്ട്. ഇവരുടെയൊന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ആരും തിരക്കുന്നില്ല എന്നതാണ് വാസ്തവം. ഒന്നു ശ്രമിച്ചാല്‍ ഈ കുട്ടികളെ വഴിതെറ്റാതെ നമ്മുടെ കൂടെ കൂട്ടാവുന്നതേയുള്ളൂ. ആ ശ്രമങ്ങളാണ് കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞങ്ങള്‍ നടത്തിയത്. ഇതുവഴി കുട്ടികളെക്കാള്‍ അവരുടെ അച്ഛനമ്മമാരുടെ പിന്തുണ നേടിയെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഇപ്പോള്‍ കുട്ടികളെ അവര്‍ തന്നെ മുന്‍കൈയെടുത്തു ക്ലാസിന് അയക്കുകയാണ്. കഴിഞ്ഞ ഓണത്തിന് ഞങ്ങള്‍ ഒരു ക്യാമ്പ് നടത്തിയിരുന്നു. കഴിഞ്ഞ പൂജ ഹോളിഡേയ്ക്കും മാതാപിതാക്കളെ ഉള്‍പ്പെടുത്തി മറ്റൊന്നു കൂടി നടത്തി. ക്രിസ്തുമസിനും നടത്തി. അതു കുട്ടികളെ ക്യാമ്പില്‍ താമസിപ്പിച്ചു സംഘടിപ്പിച്ചതായിരുന്നു. കുട്ടികളെ വിടാന്‍ മാതാപിതാക്കള്‍ക്ക് യാതൊരു മടിയും ഇല്ലായിരുന്നു. അവരുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞതാണ് കാരണം. ഇതൊക്കെ ഇവിടെയുള്ള സ്‌കൂളുകള്‍ക്കും സാധിക്കാവുന്ന കാര്യങ്ങളാണ്. അവര്‍ ഇതിനൊക്കെ തുനിഞ്ഞിരുന്നെങ്കില്‍ വലിയമാറ്റം തന്നെ ഉണ്ടാകുമായിരുന്നു; ബാബു പറയുന്നു.

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

ഇതിനിടയിലും ചില ദുഷ്പ്രവണതകളെ നേരിട്ട് ചോദ്യം ചെയ്യേണ്ട സാഹചര്യങ്ങളും ബാബുവിനും ലിറ്റിക്കും ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഉള്ളവര്‍ ആദിവാസികളോട് പുലര്‍ത്തുന്ന മനോഭാവമാണ് അവിടെയൊക്കെ കണ്ടതെന്നു ബാബു പറയുന്നുണ്ട്. സൈനിക് സ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷ ഫോമുകള്‍ക്കൊപ്പം ജാതി-ബര്‍ത്ത്- ഡൊമിസിയല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഇതിനൊക്കെ ആഴ്ച്ചകളോളമാണ് ഈ കുട്ടികളുടെ മാതാപിതാക്കളെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലുള്ളവര്‍ നടത്തിച്ചത്. ഓര്‍ക്കണം ദുര്‍ഘടമായ വഴികളിലൂടെ കിലോമീറ്ററുകള്‍ നടന്നാണ് ഓരോ മാതാപിതാക്കളും ഈ ഓഫിസുകളില്‍ കയറിയിറങ്ങി നടന്നത്.അതും അവരുടെ ജോലികള്‍ പോലും ഉപേക്ഷിച്ച്. നിസാരമായ കാര്യങ്ങളാണ്, അവിടെയും അധികാരമുള്ളമവന്റെ അഹന്ത പ്രകടമാക്കുന്നു. ഇതിലും വലിയ ദ്രോഹമാണ് ചില സ്‌കൂളുകളില്‍ നിന്നും ഉണ്ടായത്. കേവലം അറ്റസ്‌റ്റേഷനുപോലും ദിവസങ്ങളോളം ഈ പാവങ്ങളെ നടത്തിച്ചിട്ടുണ്ട്. നവോദയിലേക്ക് അപേക്ഷ പോകേണ്ടത് അതാതു സ്‌കൂളുകളില്‍ നിന്നാണ്. അതൊക്കെ ഇതുവരെയായിട്ടും ചെയ്തിട്ടില്ല എന്നാണ് അറിഞ്ഞിരിക്കുന്നത്. ഇവരൊക്കെയാണോ ആദിവാസികള്‍ക്ക് ഉദ്ധരിക്കാന്‍ നടക്കുന്നവര്‍?

അടുത്തമാസം മൂന്നാം തീയതി കോഴിക്കോടു വച്ചാണ് പരീക്ഷ. എത്രകുട്ടികള്‍ ഈ പരീക്ഷയില്‍ വിജയിക്കുമെന്ന് അറിയില്ല. കൂടുതല്‍ മെച്ചമെന്നു തോന്നിയവരെ പ്രത്യേക ഗ്രൂപ്പാക്കി തിരിച്ചൊക്കെ ഞങ്ങള്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഒരുപക്ഷേ 24 പേരില്‍ നാലുപേരെങ്കിലും വിജയിക്കാം. അതുതന്നെ വലിയ നേട്ടമാണ്. ശരിയാവണ്ണം വായിക്കാനോ എഴുതാനോ കണക്കു ചെയ്യാനോ അറിയാത്ത കുട്ടികളായിരുന്നു ഇവര്‍. അവരുടെ വിദ്യാഭ്യാസ രീതികള്‍ക്കും ചിന്താ രീതികള്‍ക്കും നല്ലൊരു മാറ്റം വരുത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഓപ്പറേഷന്‍ ഷൈന്‍ എന്ന പ്രൊജകട് മൂന്നിനു നടക്കുന്ന പരീക്ഷ കൊണ്ട് അവസാനിച്ചേക്കാം. പക്ഷെ യഥാര്‍ത്ഥലക്ഷ്യം ഇനിയും മുന്നില്‍ കിടക്കുകയാണ്. ചെയ്യാന്‍ ഒത്തിരി കാര്യങ്ങള്‍ ബാക്കി. ആദിവാസികളെ തങ്ങള്‍ക്കു കുഴിക്കാനുള്ള നനഞ്ഞ മണ്ണായി കാണാത്തവരുടെ പിന്തുണയോടെ കൂടുതല്‍ കുട്ടികള്‍ക്ക് ശരിയായ രീതിയില്‍ വിദ്യാഭ്യാസം നല്‍കണം; ബാബുവും ലിറ്റിയും ഒരുപോലെ പ്രതീക്ഷ പങ്കുവയ്ക്കുന്നു.

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍

പട്ടിണി, മരണം, ഭൂമി, കൃഷി എന്നിവയുടെ പേരിലെല്ലാം നമ്മള്‍ ആദിവാസിക്കുവേണ്ടി സമരത്തിനിറങ്ങുകയും വാര്‍ത്തയെഴുതുകയുമൊക്കെ ചെയ്യുന്നു. ഇതുവരെ ആദിവാസിയുടെ വിദ്യാഭ്യാസത്തിനു വേണ്ടി നാം ഉറക്കെ ശബ്ദിച്ചു കേട്ടില്ല. സ്‌കൂളുകള്‍ ഉണ്ടാക്കിയിട്ടതുകൊണ്ടോ കുറെ അധ്യാപകരെ നിയമിച്ചതുകൊണ്ടോ ഉത്തരവാദിത്വം കഴിഞ്ഞെന്നു കരുതരുത്. അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി വേണം അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍. ആദിവാസികള്‍ക്കിടിയില്‍ നിന്നു തന്നെ ഉന്നവിദ്യാഭ്യാസം നേടിയവരും ഉയര്‍ന്ന ജോലി കിട്ടിയവരും ഉണ്ടെന്ന യാഥാര്‍ത്ഥ്യം മറന്നിട്ടല്ല ഇതു പറയുന്നത്. അതൊന്നും ചില അത്ഭുതങ്ങളെന്നപോലെ സംഭവിച്ചാല്‍ പോര. ബാബുവും ലിറ്റിയുമൊക്കെ കാണിച്ചു തരുന്നതുപോലെ ചില മാതൃകകള്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നു തന്നെ പിന്തുടരേണ്ടതുണ്ട്. വിദ്യാഭ്യാസം നേടി തന്നെ ആദിവാസി അവനെ തിരിച്ചറിയട്ടേ..അവന്റെ പ്രശ്‌നങ്ങള്‍ സ്വയം മനസിലാക്കട്ടെ. അങ്ങനെ വരികില്‍ നമ്മുടെ സഹായം ഇല്ലാതെ തന്നെ അവന്റെ പ്രശ്‌നം അവന്‍ പരിഹരിച്ചോളും... അതാണ് വേണ്ടതും...

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

അട്ടപ്പാടിക്ക് പറയാനുണ്ട് ചില നല്ല വര്‍ത്തമാനങ്ങള്‍