ബാലുശ്ശേരിയില്‍ അക്രമം; ഓഫീസിന് തീയിട്ടു, കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്

 
ബാലുശ്ശേരിയില്‍ അക്രമം; ഓഫീസിന് തീയിട്ടു, കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് ശമനമില്ല. ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് - സി പി എം സംഘര്‍ഷം തുടരുകയാണ്. ഉണ്ണികുളത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് തീയിട്ടു. കഴിഞ്ഞദിവസം ഉണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായിരുന്നു അക്രമണം.

ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് തീയിട്ടതു കൂടാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് ആക്രമിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കിഴക്കെവീട്ടില്‍ ലത്തീഫിന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. കാര്‍ അടിച്ചു തര്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രി പ്രദേശത്ത് എല്‍ഡിഎഫ് - യുഡിഎഫ് സംഘര്‍ഷമുണ്ടായിരുന്നു. ബാലുശ്ശേരി കരുമലയില്‍ ആണ് സി പി എം - കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടായത്. കഴിഞ്ഞദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ പത്തോളം പേര്‍ക്ക് പരുക്കുണ്ട്. ഉണ്ണികുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്ക്.

അതേസമയം കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചവര്‍ക്കെതിരെ നിസ്സാര വകുപ്പു മാത്രം ചുമത്തിയെന്ന പരാതി അന്വേഷിച്ച് ജില്ലാ പൊലീസ് മേധാവി ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. വ്യക്തികളുടെ സ്വത്ത് നശിപ്പിക്കലുമായി ബന്ധപ്പെട്ട നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയില്ലെന്നാണു പ്രധാന പരാതി.കായംകുളം ഡിവൈഎസ്പി നിയമപരമായി ചെയ്യേണ്ട കര്‍ത്തവ്യങ്ങളും ഉത്തരവാദിത്തങ്ങളും നിര്‍വഹിച്ചില്ലെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ ഏബ്രഹാം നല്‍കിയ പരാതിയില്‍ പറയുന്നു.

മാര്‍ച്ച് 31നാണ് കായംകുളം വടക്കു കൊച്ചുമുറിയിലെ അരിതയുടെ വീടിനുനേരെ ആക്രമണമുണ്ടായത്. അതിനു തൊട്ടുമുന്‍പ് വീടിന്റെ വിഡിയോ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സലിം ബാനര്‍ജി എന്നയാള്‍ അറസ്റ്റിലായി. പ്രതി സിപിഎം അനുഭാവിയാണെന്ന് അരിത ആരോപിച്ചിരുന്നു. എന്നാല്‍, ഇയാളുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞത്.