സിപിഎമ്മില്‍ വിഭാഗീയത അവസാനിച്ചിട്ടില്ല; ഐസക്കിനെ തഴഞ്ഞതിന്റെ ഉത്തരവാദിത്വം പിണറായി വിജയനെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

 
സിപിഎമ്മില്‍ വിഭാഗീയത അവസാനിച്ചിട്ടില്ല; ഐസക്കിനെ തഴഞ്ഞതിന്റെ ഉത്തരവാദിത്വം പിണറായി വിജയനെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

സിപിഎമ്മില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നും പ്രമുഖരെ തഴഞ്ഞത് അതിന്റെ തെളിവാണെന്നും കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. സ്ഥാനാര്‍ഥികളെ അടിച്ചേല്‍പ്പിക്കുന്നതിനാലാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയര്‍ന്നത്. ഇത് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരുടെ വോട്ട് കുറയാന്‍ ഇടയാക്കും. ധനമന്ത്രി തോമസ് ഐസക്കിന് സീറ്റ് നിഷേധിച്ചതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്നു അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പിണറായി വിജയന്‍ അറിയാതെ സിപിഎം സ്ഥാനാര്‍ഥികളെ തീരുമാനിക്കില്ലെന്നും ബര്‍ലിന്‍ ചൂണ്ടിക്കാട്ടി. പി ജയരാജനും ജി സുധാകരനും ഉള്‍പെടെയുള്ള പ്രമുഖരെ തഴഞ്ഞതുകൊണ്ട് പാര്‍ട്ടിക്ക് ഇത്തവണ വോട്ടുകള്‍ നഷ്ടമാകും. എങ്കിലും പിണറായി സര്‍ക്കാരിന്റെ ഭരണ മികവില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

പി. ജയരാജന് സീറ്റ് നല്‍കാത്തതിലും പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ട്. പാര്‍ട്ടിക്കായി ത്യാഗം ചെയ്തയാളെ ഒഴിവാക്കുന്നത് ശരിയല്ല. ഡോ. തോമസ് ഐസക്കിനെയും ജി. സുധാകരനെയും ഒഴിവാക്കരുതായിരുന്നു. അഴിമതി തൊട്ടുതീണ്ടാത്ത നേതാവാണ് ജി സുധാകരന്‍. അദ്ദേഹത്തെയും ഒഴിവാക്കി. പ്രമുഖര്‍ക്ക് സീറ്റ് നിഷേധിച്ചതിന്റെ ഉത്തരവാദിത്തം പിണറായി വിജയനാണെന്നും ബര്‍ലിന്‍ കുറ്റപ്പെടുത്തി. ജില്ലാ കമ്മിറ്റികള്‍ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കണം. അല്ലാതെ മുകളില്‍ നിന്ന് കെട്ടിയിറക്കരുതെന്നും അദ്ദേഹം പറഞ്ഞു.