കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിക്ക് ജാമ്യം; അറസ്റ്റിലായിട്ട് ഒരു വര്‍ഷം

 
bineesh kodiyeri

ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ജാമ്യം ലഭിച്ചത്. പരപ്പന അഗ്രഹാര ജയിലിലിലുള്ള ബിനീഷ് ഇന്നു വൈകിട്ടോ നാളെയോ പുറത്തിറങ്ങും. 

ലഹരിക്കടത്ത് കേസില്‍ പിടിയിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തല്‍. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇ.ഡി പറഞ്ഞിരുന്നു. തുടര്‍ന്ന്, 2020 ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കേസില്‍ നാലാം പ്രതിയാണ്. ജാമ്യഹര്‍ജി ഡിസംബറിലും ഈ ഫെബ്രുവരിയിലും വിചാരണക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഏഴ് മാസത്തിനിടെ 3 ബെഞ്ചുകള്‍ വാദം കേട്ടെങ്കിലും തീരുമാനമായിരുന്നില്ല. ഒടുവില്‍ നടന്ന വാദം ഈ മാസം 7നു പൂര്‍ത്തിയായി. അതേസമയം, പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ ഇ.ഡി ശക്തമായി എതിര്‍ത്തിരുന്നു. 

2020 ഓഗസ്റ്റില്‍ അനൂപ് മുഹമ്മദ്, തൃശൂര്‍ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി അനിഖ എന്നിവരെ ലഹരിക്കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തിരുന്നു. അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ ആദായ നികുതി നല്‍കാതെയുള്ള ഇടപാടുകളെക്കുറിച്ചു സൂചന ലഭിച്ചു. അതോടൊപ്പമാണ് ബിനീഷിന്റെ പേര് ഉയര്‍ന്നു വന്നതും ഇഡി കേസ് രജിസ്റ്റര്‍ ചെയ്തതും. എന്നാല്‍, അനൂപുമായി പരിചയമുണ്ടെന്നും ബംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി പണം വായ്പ നല്‍കിയതല്ലാതെ മറ്റു ഇടപാടുകളില്ലെന്നും ബിനീഷ് മൊഴി നല്‍കി. എന്നാല്‍, അക്കൗണ്ടുകളിലെ പണമിടപാട് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്.