രാഷ്ട്രീയ മര്യാദ കോടിയേരിക്കു മാത്രമോയെന്ന് വി മുരളീധരന്‍; മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് ബിജെപി

 
രാഷ്ട്രീയ മര്യാദ കോടിയേരിക്കു മാത്രമോയെന്ന് വി മുരളീധരന്‍; മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് ബിജെപി

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണന്‍ മാറി നിന്നതിന് പിന്നില്‍ രാഷ്ട്രീയ മര്യാദയല്ല മറിച്ച് ഗത്യന്തരമില്ലാതെയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. രാഷ്ട്രീയ മര്യാദയാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നിലെങ്കില്‍ അതിനും മുന്‍പേ സ്ഥാനമൊഴിയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

സിപിഎമ്മില്‍ കോടിയേരി ബാലകൃഷ്ണനു മാത്രമാണോ രാഷ്ട്രീയ മര്യാദ ബാധകമാകുന്നതെന്ന് ചോദ്യം ഉയര്‍ത്തിയ കേന്ദ്ര മന്ത്രി വ്യക്തികള്‍ സ്ഥാനങ്ങള്‍ക്ക് അനുസരിച്ച് നിലപാടും മാറ്റുകയാണ് പാര്‍ട്ടിയെന്നും കുറ്റപ്പെടുത്തി. പാര്‍ട്ടി ഭാരവാഹി കേസില്‍പ്പെടുന്നതിനേക്കാള്‍ വലുതാണ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി അഴിമതിക്കേസില്‍ ഉള്‍പ്പെടുന്നതെനായിരുന്നു ലാവ്ലിന്‍ കേസില്‍ സിപിഎം നിലപാട്. എന്നാല്‍ പിണറായി ജനപ്രതിനിധിയും കോടിയേരി പാര്‍ട്ടി ഭാരവാഹിയുമായപ്പോള്‍ ആ നിലപാട് തിരിച്ചായോ എന്നു പാര്‍ട്ടി വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ഗത്യന്തരമില്ലാതെയാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയും മാതൃകയാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കള്ളക്കടത്തിലും അനുബന്ധ അഴിമതികളിലും അന്വേഷണം തന്റെ നേര്‍ക്കാണെന്ന് ബോധ്യമായിട്ടും മുഖ്യമന്ത്രി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

മയക്കുമരുന്ന് - കള്ളപ്പണ കേസില്‍ മകന്‍ ബിനീഷ് കൊടിയേരി കുടുങ്ങിയതോടെയാണ് കൊടിയേരി രാജിവെച്ചത്. ദേശവിരുദ്ധ സ്വഭാവമുള്ള സ്വര്‍ണ്ണക്കള്ളക്കടത്തില്‍ തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായിട്ടും അഡീഷണല്‍ സെക്രട്ടറിയെ ഇ.ഡി വിളിപ്പിച്ചിട്ടും മുഖ്യമന്ത്രി രാജിവെക്കാത്തത് മലയാളികളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ ടീം സ്വര്‍ണ്ണക്കടത്തുകാരുമായി ബന്ധപ്പെട്ടെന്ന ഇ.ഡിയുടെ റിപ്പോര്‍ട്ട് ഗൗരവതരമാണ്. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന് നാണംകെടും മുമ്പ് രാജിവെക്കാന്‍ സി.പി.എം കേന്ദ്ര നേതൃത്വം പിണറായിയെ ഉപദേശിക്കണം. തിരഞ്ഞെടുപ്പില്‍ തിരിച്ചടി മണത്ത് നിക്കക്കള്ളിയില്ലാതെയാണ് കൊടിയേരി സ്ഥാനം ഒഴിഞ്ഞത്. അതുകൊണ്ടൊന്നും സി.പി.എമ്മും എല്‍.ഡി.എഫും രക്ഷപ്പെടില്ല. സിപിഎം ഉന്നത നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണമെന്ന് ബി.ജെ.പി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.