ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന്; തെരഞ്ഞെടുപ്പ് പരാജയം പ്രധാന ചര്‍ച്ചാവിഷയം

 
bjp

ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഇന്ന് നെടുമ്പാശേരിയില്‍ ചേരും. കേരളത്തില്‍ ബിജെപിയുടെ സംഘടനാച്ചുമതലയുള്ള സി.പി രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം. നിയസഭാ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും.  

പ്രാദേശിക നേതാക്കളുടെ അഭിപ്രായം ഉള്‍പ്പെടുത്തി ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള നാല് സംഘങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് യോഗത്തില്‍ അവതരിപ്പിക്കുക. വിശദമായ ചര്‍ച്ചയ്ക്കുശേഷം റിപ്പോര്‍ട്ട് ദേശീയ നേതൃത്വത്തിന് കൈമാറും. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, മുന്‍ സംസ്ഥാന അധ്യക്ഷന്മാര്‍, ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ കോര്‍ കമ്മിറ്റിയില്‍ പങ്കെടുക്കും.

സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മ വരെയുള്ള വിഷയങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പ്രാദേശിക തലങ്ങളില്‍ നിന്നുവരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ഉയര്‍ന്ന ആരോപണങ്ങളും ഇന്ന് ചര്‍ച്ചയായേക്കും. നേതൃമാറ്റമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നേക്കും.