അസഭ്യം പറഞ്ഞ് മത വിദ്വേഷം: നമോ ടിവി ചാനലിനും അവതാരകക്കുമെതിരെ കേസെടുത്തു

 
Namo TV

മത വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങളും അസഭ്യവര്‍ഷവും നടത്തിയെന്ന പരാതിയില്‍ നമോ ടിവി എന്ന യുട്യൂബ് ചാനലിനെതിരെ കേസെടുത്തു. തിരുവല്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചാനലിന്റെ ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെ 153 എ വകുപ്പ് പ്രകാരം തിരുവല്ല പൊലീസാണ് കേസെടുത്തത്. തിരുവല്ല എസ്എച്ച്ഒക്ക് ലഭിച്ച പരാതിയിലാണ് നടപടി.

നേരത്തെ, നമോ ടിവിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ദുഷ്പ്രചാരണം നടക്കുകയാണ്. നമോ ടിവി എന്ന ചാനല്‍ വഴി വര്‍ഗീയത പ്രചരിപ്പിക്കുന്നു. വെള്ളത്തില്‍ തീപിടിപ്പിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമം. ഒരിക്കലും കേരളം കേള്‍ക്കാത്ത വാക്കുകളാണ് നമോ ടിവിയിലൂടെ കേള്‍ക്കുന്നത്. സോഷ്യല്‍മീഡിയയിലെ ഇത്തരം ദുഷ്പ്രചരണമാണ് കാര്യങ്ങള്‍ വഷളാക്കി വര്‍ഗീയവിദ്വേഷം വര്‍ധിപ്പിക്കുന്നത്. ഇത്തരം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ തെളിവ് സഹിതം പരാതി നല്‍കിയിട്ടും നടപടിയില്ല. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുപോലും നടപടിയില്ല. ഇത്തരം ആളുകള്‍ക്കെതിരെ പൊലീസും സൈബര്‍ പൊലീസും നടപടി സ്വീകരിച്ചില്ലെങ്കില്‍ അപകടമാണെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

നമോ ടിവി റിപ്പോര്‍ട്ടുകള്‍ക്കെതിരെ നേരത്തെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വര്‍ഗീയ പരാമര്‍ശങ്ങളും അസഭ്യ പ്രയോഗങ്ങളും നിറഞ്ഞ റിപ്പോര്‍ട്ടുകളെന്നായിരുന്നു വിമര്‍ശനം. ശ്രീജ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ സ്ത്രീകള്‍ക്കെതിരെ പോലും അസഭ്യവാക്കുകള്‍ പ്രയോഗിച്ചത് നേരത്തെയും വിവാദമായിരുന്നു.