ചന്ദ്രിക കള്ളപ്പണക്കേസ്; കുഞ്ഞാലിക്കുട്ടി ഇന്ന് ഇ.ഡിക്കു മുന്നില്‍ ഹാജരാകില്ല

 
kunjalikkutty

ചന്ദ്രിക കള്ളപ്പണക്കേസില്‍ മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് ഇ.ഡി മുമ്പാകെ ഹാജരാകില്ല. കുഞ്ഞാലിക്കുട്ടിയോട് ഇന്ന് ഹാജരാകണമെന്നാണ് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇന്ന് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്കു മാറ്റണമെന്നും കുഞ്ഞാലിക്കുട്ടി രേഖാമൂലം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇ.ഡി മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരം. മകന്‍ ആഷിഖിനും ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. 

നോട്ട് നിരോധന കാലയളവില്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവില്‍ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചെന്നാണ് ആക്ഷേപം. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണ് ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവില്‍ വെളുപ്പിച്ചതെന്നും ആരോപണമുണ്ട്. 

ആരോപണം ഉന്നയിച്ച കെ.ടി ജലീലിനെ മൊഴിയെടുക്കാനും തെളിവുകള്‍ ശേഖരിക്കുന്നതിനുംവേണ്ടി ഇ.ഡി ഇന്നലെ നോട്ടീസ് നല്‍കി വിളിപ്പിച്ചിരുന്നു. മൊഴി നല്‍കിയതിനു പിന്നാലെ, ജലീലാണ് കുഞ്ഞാലിക്കുട്ടിയെയും മകനെയും ഇഡി വിളിപ്പിച്ചെന്ന വിവരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കേസില്‍ ഇരുവര്‍ക്കുമെതിരായ തെളിവുകളും രേഖകളും ഇഡിക്ക് കൈമാറിയതായും ജലീല്‍ അറിയിച്ചു.