'മുഖ്യമന്ത്രി പിതൃതുല്യന്‍, അദ്ദേഹത്തിന് ശാസിക്കാം, തിരുത്താം; കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം തുടരും'

 
KT Jaleel
ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാം

മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനും എ.ആര്‍ നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം ഇഡി അന്വേഷിക്കണമെന്നുമുള്ള ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയതിനു പിന്നാലെ പ്രതികരണവുമായി കെ.ടി ജലീല്‍. മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണെന്ന് ജലീല്‍ പറഞ്ഞു. അദ്ദേഹത്തിന് തന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാനത്തെ സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നായിരുന്നു ഇഡി അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യത്തോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. ഇഡിയുടെ ചോദ്യംചെയ്യലോടുകൂടി ജലീലിന് ഇഡിയില്‍ വിശ്വാസം കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നത്. സഹകരണ ബാങ്കില്‍ ഇഡി അന്വേഷണം സാധാരണ ഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരമൊരു ആവശ്യമുണ്ടായത് ശരിയല്ല. ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാനത്തുതന്നെ സംവിധാനങ്ങളുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.