നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

 
നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

നടി ലക്ഷ്മി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ആകാശവാണിയില്‍ (ഓള്‍ ഇന്ത്യ റേഡിയോ) അവതാരകയായിരുന്നു. മുത്തശി, വൃദ്ധ കഥാപാത്രങ്ങളിലൂടെയാണ് ലക്ഷ്മി കൃഷ്ണമൂര്‍ത്തി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചു.

1970ല്‍ പുറത്തിറങ്ങിയ പട്ടാഭിരാമ റെഡ്ഡിയുടെ 'സംസ്‌കാര' എന്ന കന്നഡ ചിത്രമാണ് ലക്ഷ്മി കൃഷ്ണമൂര്‍ത്തിയുടെ ആദ്യ സിനിമ. ഗിരീഷ് കര്‍ണാഡും സ്‌നേഹലത റെഡ്ഡിയുമടക്കമുള്ളവര്‍ അഭിനയിച്ച ഈ ചിത്രം മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു. 1986ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത 'പഞ്ചാഗ്നി'യിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. എംടിയുടെ 'നാലുകെട്ട്' നോവലിനെ ആധാരമാക്കി ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തിരുന്ന നാലുകെട്ട് ടെലിസീരിയലിലെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. മധുമോഹന്റെ സീരിയലുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ലക്ഷ്മി കൃഷ്ണമൂര്‍ത്തി.

പിറവി (ഷാജി എന്‍ കരുണ്‍ - 1988), വാസ്തുഹാര (ജി അരവിന്ദന്‍ -1991), സാഗരം സാക്ഷി (സിബി മലയില്‍ - 1994), ഉദ്യാനപാലകന്‍ (ഹരികുമാര്‍ - 1996), ഈ പുഴയും കടന്ന് (കമല്‍ - 1996), തൂവല്‍ക്കൊട്ടാരം (സത്യന്‍ അന്തിക്കാട് - 1996), പട്ടാഭിഷേകം (അനില്‍ ബാബു - 1999), വിസ്മയത്തുമ്പത്ത് (ഫാസില്‍ - 2004), അനന്തഭദ്രം (സന്തോഷ് ശിവന്‍ - 2010), മല്ലു സിംഗ് (വൈശാഖ് - 2012) തുടങ്ങി വാണിജ്യ വിജയം നേടിയതും നിരൂപക പ്രശംസ നേടിയതുമായ മലയാള സിനിമകളില്‍ വേഷമിട്ടു. മണിരത്‌നത്തിന്റെ 'കന്നത്തില്‍ മുത്തമിട്ടാള്‍' (2002) എന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു.