പച്ചക്കള്ളമാണെന്ന് അറിഞ്ഞിട്ടും ചില മാധ്യമങ്ങള്‍ ഭാവനയിലൂടെ കഥകള്‍ മെനഞ്ഞ് പ്രചരിപ്പിക്കുന്നു; ആ വേല വേണോ?: മുഖ്യമന്ത്രി

 
പച്ചക്കള്ളമാണെന്ന് അറിഞ്ഞിട്ടും ചില മാധ്യമങ്ങള്‍ ഭാവനയിലൂടെ കഥകള്‍ മെനഞ്ഞ് പ്രചരിപ്പിക്കുന്നു; ആ വേല വേണോ?: മുഖ്യമന്ത്രി

ചില മാധ്യമങ്ങള്‍ ഭാവനയിലൂടെ കഥകള്‍ മെനഞ്ഞ് സര്‍ക്കാരിനെയും ഇടതുമുന്നണിയേയും തകര്‍ക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പച്ചക്കള്ളമാണെന്ന് ബോധ്യമുണ്ടായിട്ടും അതിന് വലിയ പ്രാധാന്യം നല്‍കി മുന്നണിയെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുകയാണ്. ആ വേല വേണോ? തങ്ങള്‍ക്കുകൂടി ബോധ്യമുള്ളത് ചെയ്താല്‍ പോരെ എന്ന് അത്തരക്കാര്‍ ആലോചിക്കുന്നത് നല്ലതാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നാടിനെ പിന്നോട്ടടിപ്പിക്കാനും, തെറ്റായ പ്രചരണം നടത്താനും തയ്യാറായവരുടെ കൂടെയല്ല നമ്മുടെ നാടിന്റെ മനസ് സഞ്ചരിക്കുന്നത്. ആസൂത്രിതമായി സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകളും അപവാദങ്ങളും ആധികാരികമെന്ന നിലയില്‍ പ്രചരിപ്പിക്കാനും അതിലൂടെ എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും തകര്‍ത്തുകളയാനും ചില മാധ്യമങ്ങള്‍ ഈ ഘട്ടത്തില്‍ ശ്രമിച്ചിട്ടുണ്ട്. വികലമായ ചില മനസുകള്‍ ചില അസംബന്ധങ്ങള്‍ വിളിച്ചുപറഞ്ഞെന്ന് വരും. അതിനൊക്കെ വലിയ പ്രാധാന്യം കൊടുത്ത്, വലിയ കാര്യം വന്നിരിക്കുന്നു എന്ന മട്ടില്‍ വാര്‍ത്ത ചമച്ച് ചില മാധ്യമങ്ങള്‍ തരം താണ രീതി പിന്തുടര്‍ന്നു. ജനങ്ങളെ പരമാവധി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇത്തരക്കാരുടെ ലക്ഷ്യം. എന്നാല്‍ അത്തരം കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ ജനം തയ്യാറായില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ കഴിഞ്ഞ നാലര വര്‍ഷത്തെ വികസന പദ്ധതികള്‍ക്കും, ജനക്ഷേമ പരിപാടികള്‍ക്കും ജനം വലിയ പിന്തുണ നല്‍കി. ആ പിന്തുണയുടെ തുടര്‍ച്ചയാണ് ഈ വിജയം.

തിരഞ്ഞെടുപ്പ് കാലത്ത വലിയ അപവാദ പ്രചാരണമാണ് മുന്നണിക്കും സര്‍ക്കാരിനുമെതിരെ ഉണ്ടായത്. കേന്ദ്ര ഏജന്‍സികളെ വരെ ഉപയോഗിച്ച് സര്‍ക്കാരിനെതിരെ നീക്കം നടത്തി. അതിന് വലതുപക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ചു. ഇപ്പോഴെങ്കിലും തെറ്റായ മാര്‍ഗ്ഗം സ്വീകരിച്ചവര്‍ പുനരാലോചന നടത്തി ശരിയായ രീതി പിന്തുടരണം. നാടിന്റെ അഭിവൃദ്ധിക്ക് ഉതകുന്ന തീരുമാനം എടുക്കണം. അതിനര്‍ത്ഥം എല്‍ഡിഎഫിനെ എല്ലാവരും പിന്താങ്ങണം എന്നല്ല. സര്‍ക്കാരിനെതിരെ ആരോഗ്യകരമായ വിമര്‍ശനം സ്വാഭാവികമായി സ്വാഗതം ചെയ്യുന്നു. വിമര്‍ശനത്തില്‍ കഴമ്പുണ്ടെങ്കില്‍, പിഴവുണ്ടെങ്കില്‍ അത് തിരുത്തി പോകാന്‍ സര്‍ക്കാരിന് സഹായകരമാകും. ദുഃസ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ തീരുമാനമെടുത്ത വോട്ടന്മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.