കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

 
Lockdown Kerala

സംസ്ഥാനത്തെ പ്രതിവാര കോവിഡ് അവലോകന യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വൈകിട്ട് 3.30നാണ് യോഗം. അവലോകന യോഗത്തിനുശേഷം കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നത് ഉള്‍പ്പെടെ ഇളവുകള്‍ ചര്‍ച്ച ചെയ്യും. കടകളുടെ പ്രവര്‍ത്തനസമയം രാത്രി പത്തുവരെയാക്കുന്നതും പരിഗണിക്കുന്നുണ്ട്. 

കോവിഡ് വ്യാപനം കുറയുകയും വാക്സിനേഷന്‍ വളരെ വേഗം മുന്നോട്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്നത്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുമെന്നാണ് സൂചന. ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടിയാകും അനുമതി. ബാറുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും. അതേസമയം, ജനസംഖ്യാധിഷ്ഠിത രോഗവ്യാപന അനുപാതം എട്ടിനു മുകളിലുള്ള തദ്ദേശ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തുടരും.

ടിപിആര്‍ 18 ശതമാനത്തിനു മുകളില്‍ തുടരുകയാണെങ്കിലും തിയേറ്ററുകള്‍ തുറക്കണമെന്നും ബസുകളില്‍ നിന്ന് യാത്രചെയ്യാന്‍ അനുമതി നല്‍കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ആരോഗ്യവകുപ്പിന്റെയും കോവിഡ് വിദഗ്ധ സമിതിയുടെയും അഭിപ്രായം കണക്കിലെടുത്താവും തീരുമാനമെടുക്കുക.