സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്ന്; തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യും

 
സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്ന്; തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യും

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ സിപിഎം, സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. സിപിഎം സെക്രട്ടേറിയേറ്റ് എകെജി സെന്ററിലും സിപിഐ നിര്‍വാഹക സമിതി എംഎന്‍ സ്മാരകത്തിലുമാണ് ചേരുക. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ പദവികളെക്കുറിച്ചും ചര്‍ച്ച ചെയ്യും.

വിവാദങ്ങളും ആരോപണങ്ങളും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവുമൊക്കെ നിറഞ്ഞുനിന്ന സാഹചര്യത്തിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ച വിജയം ഇടതുപാര്‍ട്ടികള്‍ക്ക് ആവേശം നല്‍കുന്നതാണ്. എന്നിരുന്നാലും ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ച സീറ്റുകളില്‍ വന്ന വ്യത്യാസവും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും പിഴവുണ്ടായിട്ടുണ്ടോ എന്നതുള്‍പ്പെടെ കാര്യങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും. തിരിച്ചടിയുണ്ടായ ഇടങ്ങളെക്കുറിച്ച് പ്രത്യേകം ചര്‍ച്ച ചെയ്യും.

കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ഉപാധ്യക്ഷന്മാര്‍ എന്നിവരുടെ കാര്യവും ചര്‍ച്ചയാകും. കേവല ഭൂരിപക്ഷമില്ലാത്ത ഇടങ്ങളില്‍ വിമത, സ്വതന്ത്ര വിജയികളുടെ പിന്തുണയോടെ അധികാരത്തിലേറുമ്പോള്‍ സ്വീകരിക്കേണ്ട ഉപാധികള്‍ ഉള്‍പ്പെടെ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ പ്രക്ഷോഭം ശക്തമാക്കാനും മുന്നണി ആലോചിക്കുന്നുണ്ട്.