യുഡിഎഫിലും അതൃപ്തി പുകയുന്നു; യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ആര്‍എസ്പി 

 
RSP

ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ കോണ്‍ഗ്രസില്‍ തുടരുന്നതിനിടെ യുഡിഎഫ് യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍എസ്പിയുടെ തീരുമാനം. ഉഭയകക്ഷി ചര്‍ച്ച ആവശ്യപ്പെട്ട് കത്ത് നല്‍കി 40 ദിവസമായിട്ടും നടപടിയില്ലാത്തതുകൊണ്ടാണ് തീരുമാനം. ഇക്കാര്യം കോണ്‍ഗ്രസിനെ അറിയിച്ചതായും ആര്‍എസ്പി നേതാക്കള്‍ പറഞ്ഞു. ഭാവി പരിപാടികള്‍ സെപ്റ്റംബര്‍ നാലിന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. 

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ തുടരുന്നതില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അത് മുന്നണിയിലും പ്രശ്‌നമാകുമെന്നായിരുന്നു അസീസിന്റെ മുന്നറിയിപ്പ്. യുഡിഎഫ് തെറ്റ് തിരുത്തണം. ഇന്നത്തെ നിലയില്‍ പോയാല്‍ മതിയാകില്ലെന്ന് വ്യക്തമാക്കി ജൂലൈ 28ന് കത്ത് നല്‍കി. 40 ദിവസമായിട്ടും ആര്‍എസ്പിയെ ചര്‍ച്ചക്ക് വിളിക്കാത്തതിലാണ് അത്യപ്തിയുള്ളത്. യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനമെടുത്തത് അതിനാലാണെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച് യുഡിഎഫിനുള്ളില്‍ ഉഭയകക്ഷി
ചര്‍ച്ച നടത്തണമെന്നായിരുന്നു ആര്‍എസ്പി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് കത്ത് നല്‍കിയെങ്കിലും യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസനോ, പ്രതിപക്ഷ നേതാവ് വി.ഡി സതീശനോ തീരുമാനം എടുക്കാത്തതാണ് ആര്‍എസ്പിയെ ചൊടിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് യോഗത്തിനുശേഷം ഉഭയകക്ഷിയോഗം മതിയെന്ന നിലപാടിലാണ് മുന്നണി നേതൃത്വം. ഇതോടെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി സെക്രട്ടറിയേറ്റ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്. ഉഭയകക്ഷി ചര്‍ച്ച കഴിഞ്ഞതിനു ശേഷം മാത്രം യോഗത്തില്‍ പങ്കെടുത്താല്‍ മതിയെന്നാണ് തീരുമാനം.