പേര് നാറ്റിക്കരുത്; തന്റെ പേരിലുള്ള റോഡില്‍ മാലിന്യം തള്ളുന്നതിനെതിരെ പി.ആര്‍ ശ്രീജേഷ്

 
Sreejesh Road

തന്റെ പേരിട്ടിരിക്കുന്ന റോഡില്‍ മാലിന്യം തള്ളുന്നതിനെതിരെ ഇന്ത്യന്‍ ഹോക്കി താരവും ഒളിമ്പ്യനുമായ പി.ആര്‍ ശ്രീജേഷ്. 'ഇതാണ് എന്റെ പേരിട്ടിരിക്കുന്ന റോഡിനെ നാട്ടുകാര്‍ അലങ്കരിക്കുന്ന വിധം. കുന്നത്തുനാട്, കിഴക്കമ്പലം വില്ലേജ് ഓഫീസര്‍മാര്‍ വിഷയം ശ്രദ്ധിക്കണം. ആവശ്യമായ നടപടിയെടുക്കണം' എന്നാണ് റോഡിലെ മാലിന്യങ്ങളുടെ ചിത്രങ്ങള്‍ സഹിതം ശ്രീജേഷ് ട്വിറ്ററില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 100 ശതമാനം സാക്ഷരത, സാമാന്യബോധം പൂജ്യം എന്ന തലക്കെട്ടിലാണ് ട്വീറ്റ്. ട്വീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ടാഗ് ചെയ്തിട്ടുണ്ട്.

കിഴക്കമ്പലം-കുന്നത്തുനാട് പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന റോഡിലാണ് ദുരവസ്ഥ. കാലങ്ങളായി ആളുകള്‍ മാലിന്യം തള്ളുന്നത് ഈ റോഡിലാണ്. നാട്ടുകാര്‍ ഇക്കാര്യം പല തവണ പരാതിയായി ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായില്ല. അതിനിടെയാണ്, ശ്രീജേഷ് വീടിനു മുന്നിലെ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത്. ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയശേഷമായിരുന്നു ഇക്കാര്യം ട്വീറ്റ് ചെയ്തത്.