കള്ളുകുടിച്ചാല്‍ നിങ്ങള്‍ കോമാളിയാകുമോ?

 
കള്ളുകുടിച്ചാല്‍ നിങ്ങള്‍ കോമാളിയാകുമോ?

ലെന്നി ബേണ്‍സ്റ്റീന്‍, ജാസന്‍ ആള്‍ഡാഗ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

മദ്യം ധൈര്യം തരും, ഒരുപാട് തമാശകളും മണ്ടത്തരങ്ങളും കാണിക്കുകയും ചെയ്യാം. നിങ്ങളുടെ ആവര്‍ത്തിച്ചുള്ള മദ്യപ തമാശകള്‍ പലപ്പോഴും കാര്‍ അപകടങ്ങളിലും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലും വഴക്കുകളിലും ഇരയാക്കപ്പെടലുകളിലും മദ്യാസക്തിയിലും മറ്റനേകം പ്രശ്നങ്ങളിലും നിങ്ങളെ കൊണ്ടെത്തിക്കും.

എന്നാല്‍ യൂട്യൂബില്‍ കാണാന്‍ കഴിയുന്ന മദ്യപലോകം അങ്ങനെയല്ല. ഈ പ്രശ്നങ്ങള്‍ കാണിക്കാതെ ആളുകളെ മദ്യലഹരിയില്‍ പല മണ്ടത്തരങ്ങളും ചെയ്യാന്‍ പ്രേരിപ്പിക്കുന്നവയാണ് പലപ്പോഴും യൂട്യൂബ് വീഡിയോകള്‍.

പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയുടെ മദ്യാസക്തി പഠിക്കുന്ന ജേര്‍ണലില്‍ ഒരു പഠനത്തില്‍ ഗവേഷകര്‍ എഴുപതോളം ഏറ്റവും പ്രശസ്തങ്ങളായ മദ്യപ യൂട്യൂബ് വീഡിയോകള്‍ കണ്ടു. ഇവയ്ക്ക് മുഴുവനുമായി 333.2 മില്യന്‍ വ്യൂവാണ് ഉണ്ടായിരുന്നത്. മദ്യപാവസ്ഥയെ യൂട്യൂബില്‍ ചിത്രീകരിച്ചിരിക്കുന്നതിനെ പഠിക്കാനുള്ള ആദ്യശ്രമമായിരുന്നു ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്.

അവരുടെ കണ്ടെത്തലുകള്‍ ആശങ്കാജനകമാണ്. മദ്യത്തെ പറ്റി യൂട്യൂബ് കാണുന്ന ചെറുപ്പക്കാര്‍ക്ക് ലഭിക്കുന്ന ചിത്രം എത്ര വികലമാണ് എന്ന് ഇതിലൂടെ അറിയാം.

“സോഷ്യല്‍മീഡിയയിലൂടെയും സിനിമകളിലൂടെയും ഒക്കെ ഒരുപാട് അബദ്ധങ്ങള്‍ പ്രചരിക്കുന്നുണ്ട്. മദ്യലഹരിയെ ഒരു തമാശയായും പോസിറ്റീവ് ആയ വൈകാരിക-ലൈംഗിക ഫലങ്ങള്‍ ഉള്ളതായും ഒക്കെയാണ് ചിത്രീകരിക്കാറ്.” മുഖ്യഗവേഷകനായ ബ്രയാന്‍ പ്രിമാര്‍ക്ക് പറയുന്നു.

“ആരെങ്കിലും വീഴുന്നതോ എന്തെങ്കിലും തകര്‍ക്കുന്നതോ നമ്മള്‍ കാണും, പിന്നെ കുറെ എഡിറ്റിംഗ് നടത്തിയ ശേഷം നടക്കുന്ന ഒരു തമാശപ്രകടനമാണ് പലപ്പോഴും നമ്മള്‍ കാണുക. സത്യത്തില്‍ ഈ വിക്രിയകള്‍ വളരെ അപകടകരമാണ്.” പ്രിമാര്‍ക്ക് കൂട്ടിച്ചേര്‍ക്കുന്നു.

കള്ളുകുടിച്ചാല്‍ നിങ്ങള്‍ കോമാളിയാകുമോ?

ഒരു ഫിസിഷ്യന്‍ കൂടിയായ പ്രിമാര്‍ക്ക് പറയുന്നത് യഥാര്‍ത്ഥലോകത്തില്‍ മദ്യം ലിവര്‍ സിറോസിസും കുടുംബങ്ങളുടെ തകര്‍ച്ചയും ഗുരുതരമായ അപകടങ്ങളും മാത്രമാണ് സൃഷ്ടിക്കുന്നത്.

വീഡിയോകള്‍ കണ്ടെത്താനായി പ്രധാനമായും അഞ്ച് സെര്‍ച്ച് വാക്കുകളാണ് യൂട്യൂബില്‍ ഉപയോഗിച്ചത്.- drunk, buzzed, hammered, tipsy,trashed. ഏറ്റവും കൂടുതല്‍ കാണികളുള്ള എഴുപത് വീഡിയോകള്‍ അവയിലെ പ്രധാനഘടകങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചായിരുന്നു പഠനം നടത്തിയത്.

89 ശതമാനം വീഡിയോകളില്‍ പുരുഷന്മാരും 49 ശതമാനം വീഡിയോകളില്‍ സ്ത്രീകളും ഉണ്ടായിരുന്നു. 81 ശതമാനത്തില്‍ ഓഡിയോയില്‍ മദ്യലഹരി കാണിക്കുകയും 69 ശതമാനത്തില്‍ വീഡിയോയില്‍ മദ്യലഹരി ഉള്‍പ്പെടുത്തുകയും ചെയ്തു. 44 ശതമാനം വീഡിയോകളില്‍ ഒരു ബ്രാന്‍ഡ്‌ പറഞ്ഞിരുന്നു.

86 ശതമാനം വീഡിയോകള്‍ കഠിനമായ ലഹരി കാണിക്കുകയും ഇതില്‍ 7 ശതമാനം മാത്രം ലഹരി-അടിമത്തത്തെപ്പറ്റി സംസാരിക്കുകയും ചെയ്തു. 79 ശതമാനം വീഡിയോകളിലും തമാശ ഉപയോഗിച്ചിരുന്നു. 14 ശതമാനത്തില്‍ പുകയിലയുടെ ഉപയോഗവും കാണിച്ചു. കഞ്ചാവും കൊക്കെയ്ന് ഉപയോഗവും 4 ശതമാനം വീതമാണ് കാണാന്‍ കഴിഞ്ഞത്.

14 ശതമാനം വീഡിയോകളില്‍ അക്രമ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു, 19 ശതമാനത്തില്‍ അപകടങ്ങള്‍ കാണിക്കുകയും 24 ശതമാനം വീഡിയോകളില്‍ വാഹനമുപയോഗിക്കുന്ന രംഗങ്ങള്‍ കാണിക്കുകയും ചെയ്തിരുന്നു. വൈകാരികവും സാമൂഹികവും ലൈംഗികവുമായ പോസിറ്റീവ് ഘടകങ്ങള്‍ വീഡിയോകളില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.

ഈ വീഡിയോകളിലെ ഡിസ്ലൈക്കുകള്‍ക്ക് ശരാശരി 23.2 ലൈക്കുകളും ഉണ്ടായിരുന്നു.ഈ വീഡിയോകള്‍ കാണികളുടെ പെരുമാറ്റത്തെ ബാധിക്കുന്നുണ്ടോ? 'അതറിയാന്‍ കഴിയുന്നത്ര ഗവേഷണം ഈ വിഷയത്തില്‍ നടന്നിട്ടില്ലെങ്കിലും സിനിമകളും മറ്റു സംഗീത വീഡിയോകളുമായി ഇവയ്ക്ക് സാമ്യമുള്ളതുകൊണ്ട് കാണികളുടെ പെരുമാറ്റത്തെ ഇത് ബാധിക്കുന്നതായി സംശയിക്കേണ്ടതുണ്ടെന്നു' പ്രിമാര്‍ക്ക് പറയുന്നു. 'യൂട്യൂബ് വീഡിയോകളും സമപ്രായക്കാര്‍ തമ്മിലുള്ള സംഭാഷണങ്ങളും പല തരം പെരുമാറ്റങ്ങള്‍ക്ക് കാരണമാകാം' എന്ന് പ്രിമാര്‍ക്ക് സൂചിപ്പിക്കുന്നു.

ഇങ്ങനെ ചെയ്യൂ, ഇങ്ങനെ പെരുമാറൂ, ഇത് കുടിക്കൂ, ഇത് കഴിക്കൂ എന്നാണു ഈ വീഡിയോകള്‍ ആളുകളോട് പറയുന്നത്.

ഇതേ മാധ്യമത്തെ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദോഷവശങ്ങളെപ്പറ്റിയും കാണിക്കാന്‍ പൊതുആരോഗ്യവക്താക്കള്‍ ശ്രമിച്ചാലേ ഈ അവസ്ഥയോട് കിടപിടിക്കാന്‍ കഴിയൂ എന്ന് പ്രിമാര്‍ക്ക് പറയുന്നു.