എടാ, എടീ വിളി വേണ്ട; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ സര്‍ക്കുലര്‍

 
Covid Police

പൊതുജനങ്ങളെ എടാ, എടീ എന്ന് വിളിക്കേണ്ടതില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി അനില്‍കാന്തിന്റെ സര്‍ക്കുലര്‍. സഭ്യമായ ഭാഷയില്‍ വേണം ആളുകളെ അഭിസംബോധന ചെയ്യേണ്ടത്. പൊതുജനങ്ങളോടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും. പത്ര, ദൃശ്യ മാധ്യമങ്ങള്‍ വഴിയോ, സോഷ്യല്‍ മീഡിയ വഴിയോ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടന്‍ തന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്നാണ് കര്‍ശന നിര്‍ദേശം. സേനയുടെ സല്‍പ്പേരിന് അപകീര്‍ത്തി ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ യൂണിറ്റ് മേധാവിമാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. പൊതുജനത്തോടുള്ള പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ച് നിരന്തര പരാതികള്‍ ഉയര്‍ന്നതിനു പിന്നാലെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ സര്‍ക്കുലര്‍.