ബിജെപിക്ക് വോട്ട് നല്‍കരുത്; കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ പ്രചാരണരംഗത്തിറങ്ങും

 
ബിജെപിക്ക് വോട്ട് നല്‍കരുത്; കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ പ്രചാരണരംഗത്തിറങ്ങും

നിയസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചരണത്തിനിറങ്ങാന്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍. ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേരളമുള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ പ്രചാരണരംഗത്തിറങ്ങും.

കര്‍ഷകദ്രോഹനയങ്ങള്‍ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് നല്‍കരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുമെന്ന് കര്‍ഷക സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. മാര്‍ച്ച് 12ന് പശ്ചിമ ബംഗാളില്‍ നിന്നുമാണ് കര്‍ഷകസംഘം ബിജെപി വിരുദ്ധ പര്യടനം ആരംഭിക്കുക. തുടര്‍ന്ന് കേരളം, പുതുച്ചേരി, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെത്തി പ്രചാരണപരിപാടികള്‍ നടത്തും.

ബിജെപിയെ തോല്‍പ്പിക്കണമെന്നു മാത്രമേ പ്രചാരണങ്ങളില്‍ കര്‍ഷകര്‍ ജനങ്ങളോട് അഭ്യര്‍ഥിക്കൂ. പ്രതിപക്ഷത്തെ ഏതെങ്കിലും പാര്‍ട്ടിക്കായി പ്രത്യേകമായി വോട്ടു ചോദിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. 'ബിജെപിക്കെതിരേ കര്‍ഷകര്‍, ബിജെപിയെ ശിക്ഷിക്കുക' എന്നീ മുദ്രാവാക്യങ്ങളുമായാണ് പ്രചാരണപരിപാടി. അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്ക് കര്‍ഷകനേതാക്കള്‍ കത്തയയ്ക്കും. സംസ്ഥാനങ്ങളില്‍ കര്‍ഷകസംഘടനകള്‍ നടത്തുന്ന പ്രചാരണങ്ങളില്‍ ദേശീയനേതാക്കള്‍ പങ്കെടുക്കും.