ഫാസിസം പോയിട്ട് നമുക്ക് മുന്തിരിത്തോട്ടങ്ങളില്‍ രാപ്പാര്‍ക്കാം

 
ഫാസിസം പോയിട്ട് നമുക്ക് മുന്തിരിത്തോട്ടങ്ങളില്‍ രാപ്പാര്‍ക്കാം

പ്രമോദ് പുഴങ്കര

മാതൃഭൂമിക്ക് സുഗതകുമാരി പോലെയാണ് സി പി ഐ എമ്മിന് എം എ ബേബി. പൊതുബോധം ഇടതുപക്ഷത്തേക്ക് ന്യായമായും ചായുന്നുണ്ടോ എന്ന സംശയം എപ്പോഴൊക്കെ തോന്നുന്നുവോ അതും തങ്ങള്‍ക്കൂടി പിന്താങ്ങേണ്ടിവരുന്ന ചില നിലപാടുകള്‍ അപ്പോഴൊക്കെ സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിടരും ഭൂമി എന്ന ശ്രോതാക്കളാവശ്യപ്പെട്ട ഗാനവുമായി ദേശീയദിനപത്രം ടീച്ചറെ രംഗത്തിറക്കും. ഗോ സംരക്ഷകരെ വെറുതെ വിഷമിപ്പിക്കരുത്. സവര്‍ണര്‍ അവര്‍ണരെ ആക്രമിക്കരുത്. തിരിച്ച് അവര്‍ണര്‍ സവര്‍ണരേയും വിഷമത്തിലാക്കരുത്. ഹിന്ദുക്കള്‍ മുസ്ലീങ്ങളെയും മുസ്ലീങ്ങള്‍ ഹിന്ദുക്കളെയും സ്‌നേഹിക്കണം എന്നിങ്ങനെ ഒന്നൊന്നെടുത്താല്‍ ഒന്നിനൊന്നു മെച്ചം എന്ന മട്ടില്‍ കദളീവനം പോലെ നന്മയുടെ ഉപദേശങ്ങള്‍ ഗദ്യപദ്യമായി കാറ്റിലാടും. ആര്‍ക്കും മോശം പറയാനില്ലാത്ത വാക്കുകള്‍. അല്ല ടീച്ചറെ ഞങ്ങളെപ്പഴാ ഈ സ്വയം പ്രഖ്യാപിത സവര്‍ണരെ ആക്രമിച്ചത്, അല്ല മുസ്ലീങ്ങളെപ്പഴാ ഹിന്ദുക്കള്‍ക്ക് ഭീഷണിയായത്, ഫാസിസം എന്നു പറഞ്ഞ അതേ ശ്വാസത്തില്‍ പറയേണ്ട ഒന്നാണോ മാര്‍ക്‌സിസം എന്നൊക്കെ ചോദിക്കുമ്പോഴേക്കും ഗുരുവായൂര്‍ ഏകാദശിയും ഉണ്ണിക്കണ്ണനുമായി പത്രം കളം മാറിയിരിക്കും.

അതേ തരത്തിലാണ് പൊതുസംവാദങ്ങളില്‍ ബേബി സഖാവ് ഇടപെടുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരിക്കരുത് എന്ന ഉത്തരവിനെ ലംഘിച്ചതിന് ഫറൂഖ് കോളേജില്‍ എട്ട് വിദ്യാര്‍ത്ഥികളെ ക്ലാസിന് പുറത്തുനിര്‍ത്തി (ഗുരുകുലം തന്നെ!) രക്ഷിതാക്കള്‍ വന്നു, മക്കളുടെ സദാചാരഭ്രംശത്തിന് മാപ്പ് പറഞ്ഞു, കല്യാണം കഴിഞ്ഞാല്‍ പോലും പിള്ളേര്‍ രണ്ടടി മാറിനിന്നെ കാര്യം നടത്തൂ എന്നു ഉറപ്പ് കൊടുത്തു തിരിച്ചുകയറി. ഒരു ചെറിയ സംശയം ഇടക്കെവിടെയോ തോന്നിയ ഒരുത്തനെ അവര്‍ കോളേജിന്റെ പടിക്കു പുറത്താക്കുകയും ചെയ്തു. തല്‍ക്കാലം നീ ക്ലാസില്‍ കേറിക്കോ എന്നുള്ള കോടതി ഉത്തരവുമായി അവനവിടെ അലഞ്ഞുനടക്കുന്നു എന്നാണ് കേള്‍വി.

ഇതൊന്നും ആധുനിക വിദ്യാഭ്യാസത്തിനു ചേരുന്ന നടപടികളല്ല എന്നു ബേബി കേരളത്തിലെ മുന്‍ വിദ്യാഭ്യാസ മന്ത്രി എന്ന രീതിയില്‍ 'ആദരണീയരെ' എന്ന ഉള്ളില്‍ത്ത ട്ടിയ ബഹുമാനത്തോടെ മാനേജ്‌മെന്റിനോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. പക്ഷേ ഇനിയാണ് കേരളീയ സമൂഹത്തില്‍ നിന്നും ചിന്തിയ രക്തം കലര്‍ന്ന ഒരേട് അദ്ദേഹം നമുക്കായി തരുന്നത്: കേരളത്തില്‍ ആണുങ്ങളും പെണ്ണുങ്ങളും ഒരു കോളേജിലും അങ്ങനെ ഇടകലര്‍ന്നിരിക്കാറില്ല. അതാണ് കാര്യം. അപ്പോ ഇത് ഹിന്ദുത്വ വാദികള്‍ മുസ്ലീം മാനേജ്‌മെന്റിനെതിരായ ആയുധമാക്കുന്നു എന്ന്. സംഭവത്തിലെ വൈരുദ്ധ്യാത്മകത അതാണ് എന്നു സാരം! നമ്മളറിഞ്ഞിടത്തോളം ഹിന്ദു, മുസ്ലീം വര്‍ഗീയവാദികള്‍ ഒത്തൊരുമിക്കുന്ന ഒരു പൊതുവിടം പെണ്ണുങ്ങളെ അടക്കിയൊതുക്കി ഇരുത്തലിലാണ്. ഫാസിസത്തിനെതിരായ പോരാട്ടം ശക്തമാക്കാന്‍ നാളെ മുതല്‍ ലൈംഗികവേഴ്ച്ചവരെ നിര്‍ത്താന്‍ പറഞ്ഞാല്‍ ന്നാ പ്പിന്നെ ഒരിത്തിരി ഫാസിസം ആയിക്കോട്ടെ ല്ലേ, എന്നേ നാട്ടുകാര് പറയൂ. തത്വചിന്തയുടെ ദാരിദ്ര്യം ഇതാണോ എന്തോ!

കോളേജ് മദ്രസയാക്കരുത് എന്നൊക്കെയുള്ള കൂരമ്പുകള്‍ തൊടുക്കുമ്പോഴും സന്ധിയുടെ പുല്‍ത്തൈലം കാത്തുസൂക്ഷിക്കുന്നു അദ്ദേഹം. അങ്ങനെ ആ ദിനുവിനെയും കൂടി തിരിച്ചെടുത്ത് ഈ വിവാദം അവസാനിപ്പിക്കണമെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി കോളേജിന്റെ നടത്തിപ്പുകാരോട് ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ സംഘപരിവാര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് ഇന്ത്യയിലെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ ഫറൂഖ് കോളേജ് വിവാദത്തില്‍ ഇത്തരമൊരു രീതിയില്‍ താന്‍ ഇങ്ങനെ ഇടപെട്ടതെന്നും തന്റെ ഫെയ്‌സ്ബുക്ക് കത്തില്‍ ബേബി പറയുന്നു.

ഫാസിസം പോയിട്ട് നമുക്ക് മുന്തിരിത്തോട്ടങ്ങളില്‍ രാപ്പാര്‍ക്കാം

സ്ത്രീ-പുരുഷ ബന്ധങ്ങളുടേയും ലൈംഗികതയുടേയും സ്വാതന്ത്ര്യം എന്നത് മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ഒരു പ്രധാന മേഖലയാണെന്നും അത്തരം സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന്റെ ഇണ്ടാസുകളിലൂടെയല്ല മറിച്ച് പൊതുസമൂഹത്തിലെ ചലനങ്ങളിലൂടെയാണ് ഉയര്‍ന്നു വരിക എന്നും ബേബിക്കറിയാഞ്ഞിട്ടാകില്ല. കേരളത്തില്‍ ഇത്തരം ചര്‍ച്ചകളും പ്രശ്‌നങ്ങളും ഉയര്‍ന്നു വരുന്നത് കേവലം സംഘി-മദ്രസ തുരുത്തുകളോടുള്ള പ്രതികരണം ആയി മാത്രമല്ല. അത് ഒരു പ്രത്യേക രീതിയില്‍ അടിച്ചമര്‍ത്തിയ സ്ത്രീപുരുഷ ബന്ധങ്ങളെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ കൂടുതല്‍ ഉദാരമായ തലത്തിലേക്ക് കൊണ്ടുപോകാനുള്ള ഒരു ഉല്‍ക്കര്‍ഷേച്ഛയാണ്. അത്തരം സാമൂഹ്യസംഘര്‍ഷങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ അതില്‍ തീര്‍ത്തും പ്രതിലോമാകരമായ പക്ഷത്തു നില്‍ക്കാനേ മതപൗരോഹിത്യം തയ്യാറാകൂ. അതാണവരുടെ നിലനില്പ്പും. മതങ്ങള്‍ക്ക് സ്വാതന്ത്ര്യബോധമുള്ള മനുഷ്യനോളം മറ്റാരെയും പേടിയില്ല. എന്നാലീ സാമൂഹ്യസാഹചര്യത്തില്‍ അതിനെ കൂടുതല്‍ സമരോത്സുകമായ സാമൂഹിക ഇടപെടലാക്കി മാറ്റാതെ, ഒതുക്കിത്തീര്‍ക്കാനാണ് ബേബി ശ്രമിക്കുന്നത്. ഇത് സാമൂഹ്യസംഘര്‍ഷങ്ങള്‍ എങ്ങനെ നല്ല സൂചനകളാകുന്നു, അല്ലെങ്കില്‍ രാഷ്ട്രീയായുധങ്ങളാകുന്നു എന്ന തിരിച്ചറിവില്ലാതെ പോകുന്നതിന്റെ പ്രശ്‌നമാണ്. അല്ലെങ്കില്‍ അതുണ്ടാകേണ്ട എന്ന പിന്തിരിപ്പനായ, അവസരവാദപരമായ ഒരു തിരിച്ചറിവിന്റെ പ്രകടനമാണ്. ഇതായിരുന്നു ന്യായമെങ്കില്‍ കേരളവര്‍മ്മ കോളേജില്‍ ആല്‍ത്തറയില്‍ അയ്യപ്പനും കാന്റീനില്‍ 'ബഫല്ലോ മീറ്റും' നല്കി പ്രശ്‌നം തീര്‍ക്കാമായിരുന്നു. അല്ലെങ്കില്‍ വീട്ടില്‍നിന്നും കൊണ്ടുവരുന്ന ഇറച്ചി പടിഞ്ഞാറെക്കോട്ട ഭാഗത്തേക്കുള്ള മതിലിനോടു ചേര്‍ന്നുള്ള പൊന്തയിലിരുന്ന് കഴിക്കാവുന്നതാണ് എന്ന ഒത്തുതീര്‍പ്പില്‍ അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍ അത്തരം പ്രശ്‌നങ്ങളെ കേവലമായ ഒരു പ്രായോഗിക ഒത്തുതീര്‍പ്പില്‍ അവസാനിപ്പിക്കാനല്ല, അത് സാമൂഹ്യമായ സംഘര്‍ഷങ്ങളില്‍ പുരോഗമനപരമായ നിലപാടിലേക്കുള്ള സമരമാക്കി മൊത്തം സമൂഹത്തിലും പടര്‍ത്താനാണ് കമ്മ്യൂണിസ്റ്റുകാര്‍ അടക്കമുള്ള പുരോഗമനചേരി ശ്രമിക്കേണ്ടത്.

കേരളീയ സമൂഹത്തിലെ ഏറ്റവും ജീര്‍ണിച്ച സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളില്‍ ഒന്നു സ്ത്രീകളുടെ 'അടക്കം, ഒതുക്കം'' കുടുംബത്തില്‍പ്പിറന്ന പെണ്ണ്' എന്നൊക്കെയുള്ള നിലകളില്‍ വിശേഷിപ്പിക്കപ്പെടുന്ന അലങ്കരിച്ച അടിമയുടേതാണ്. ഇതിന്റെ പ്രതിഫലനമായാണ് ആണ്‍, പെണ്‍ ബന്ധങ്ങളില്‍ ഉണ്ടാക്കിവെച്ചിട്ടുള്ള പ്രകൃതിവിരുദ്ധമായ അകലങ്ങളും. ചുംബനസമരമായാലും ഫറൂഖ് കോളേജിലെ 'മുട്ടിയുരുമ്മല്‍' പ്രശ്‌നമായാലും ഒക്കെ പുറത്തുവരുന്നത് ഈ അവസ്ഥക്കെതിരെ കേരളീയ സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളാണ്. ഈ പ്രതിഷേധങ്ങള്‍ക്ക് പുരുഷാധിപത്യ വ്യവസ്ഥയെയോ, അതിന്റെ ആശയമണ്ഡലത്തെയോ ഒറ്റയടിക്ക് മാറ്റാനുള്ള ശക്തിയുണ്ടെന്നൊന്നും ആരും അവകാശപ്പെടുന്നില്ല. പക്ഷേ അത്തരം മാറ്റങ്ങളിലേക്കുള്ള യാത്ര തുടങ്ങുന്നത് ഇങ്ങനെയൊക്കെയാണ് എന്നറിയുന്നില്ലെങ്കില്‍ മറ്റെന്തൊക്കെയായാലും ബേബി ഒരു സാമൂഹ്യശാസ്ത്ര വിദ്യാര്‍ത്ഥിയല്ല.

സംഘപരിവാറും ഇന്ത്യയില്‍ മോദി ഭരണം അവര്‍ക്ക് നല്കിയ ഭരണകൂട പിന്തുണയും ഇത്തരം പ്രശ്‌നങ്ങള്‍ ഉയരുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അവര്‍ ആയുധമാക്കുന്നു എന്നാണ് വിഷയത്തിലെ തന്റെ നിലപാടുകള്‍ക്ക് ന്യായമായി ബേബി ഉയര്‍ത്തിക്കാട്ടുന്നത്. പഴഞ്ചന്‍ മൂല്യബോധങ്ങളുമായും, വ്യവസ്ഥാപിതമായ അവസരവാദ ബന്ധങ്ങളുമായും ഏറ്റുമുട്ടാന്‍ തയ്യാറല്ലാത്ത ഒരുതരം രാഷ്ട്രീയ സൃഗാല കൗശലം മാത്രമാണത്. സംഘപരിവാറിന്റെ ഭൂരിപക്ഷ വര്‍ഗീയതയുടെ ഹിംസാത്മകതയേയും അതിന്റെ ആശയപ്രചാരണത്തെയും നേരിടുന്നത് സംഘപരിവാറും മുസ്ലീം മത മൗലികവാദികളും ഒരേപോലെ കൊണ്ടുനടക്കുന്ന സ്ത്രീവിരുദ്ധവും അസംബന്ധവുമായ മൂല്യങ്ങള്‍ക്ക് ചൂട്ടുപിടിച്ചു കൊണ്ടാകരുത്.

ബേബി പറയുന്നതു ഈ സംഭവം വലിയൊരു വിവാദമാക്കി ഫറൂഖ് കോളേജിനെ അപമാനിക്കാന്‍ ഹിന്ദുത്വ വര്‍ഗീയവാദികളില്‍ നിന്നും ശ്രമമുണ്ടായി എന്നാണ്. തീര്‍ച്ചയായും അതുണ്ടായി. അങ്ങനെ ഉണ്ടായില്ലെങ്കിലെ അത്ഭുതമുള്ളൂ. പക്ഷേ അതുകൊണ്ട് ഫാറൂഖ് കോളേജിലെ പ്രശ്‌നം ഉയര്‍ത്തുന്ന സാമൂഹ്യ പ്രശ്‌നത്തെ അവഗണിക്കാനാവില്ല. ആ വിഷയത്തെ വെറുമൊരു ന്യൂനപക്ഷ കോളേജ് വിഷയമാക്കാതെ, അതിനെ ഹിന്ദുത്വഇസ്ലാമികത പുലഭ്യം പറച്ചിലാക്കാതെ, സജീവമായ ചര്‍ച്ചയാക്കി, ആരോഗ്യകരമായ സ്ത്രീപുരുഷ ബന്ധങ്ങളിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കും ഒരു സമൂഹം എന്ന നിലയില്‍ നാം ഇനിയും എത്രയോ ദൂരം നടക്കേണ്ടതുണ്ട് എന്ന ലജ്ജാകരമായ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നതിന് ശ്രമിക്കേണ്ടത് ഇടതുപക്ഷമാണ്. ഈ വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയച്ചുമതല അതാണ്. അല്ലാതെ ഫാസിസം പോയിട്ടു നമുക്ക് മുന്തിരിത്തോട്ടങ്ങളില്‍ രാപ്പാര്‍ക്കാം, ഇപ്പോള്‍ നീ വീട്ടിലേക്ക് തിരിച്ച് പോയ്‌ക്കോ ചന്ദ്രികേ, എന്ന് പറയുന്നതല്ല.

'കേരളത്തിലെ വളരെ ലിബറലായി പേരെടുത്ത വിദ്യാലയമായ മേരി റോയിയുടെ കോട്ടയത്തെ പള്ളിക്കൂടത്തില്‍ ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഒരു മീറ്റര്‍ അകലം പാലിച്ചേ സംസാരിക്കാവൂ എന്ന ചട്ടം ഇപ്പോഴും നിലനില്ക്കുന്നു' എന്ന് വാസ്തവത്തില്‍ ബേബി പറഞ്ഞപ്പോഴാണ് കേരളീയരില്‍ ഏറെപ്പേരും അറിഞ്ഞിരിക്കുക. ഇത്തരം മനോരോഗികളാണ് കേരളത്തില്‍ ലിബറല്‍ പട്ടം കെട്ടിയാടുന്നത് എന്നത് നമ്മുടെ ഗതികേടിനെയാണ് കാണിക്കുന്നത്.

ഫാസിസം പോയിട്ട് നമുക്ക് മുന്തിരിത്തോട്ടങ്ങളില്‍ രാപ്പാര്‍ക്കാം

ഈ പ്രശ്‌നത്തില്‍ ഫാറൂഖ് കോളേജിനെ ഒറ്റപ്പെടുത്തി മാനംകെടുത്താനുള്ള ശ്രമത്തെയാണ് ബേബി അപലപിക്കുന്നത്. ഫറൂഖ് കോളേജ് എന്നല്ല ആണിനും പെണ്ണിനും ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യാന്‍ വരെ ബുദ്ധിമുട്ടുള്ള ഒരു മനോനിലയുള്ള കേരളത്തില്‍ ഈ ചര്‍ച്ച അങ്ങനെ പ്രത്യേക മാനക്കേടായി ആരും എടുക്കേണ്ടതില്ല. കേരളത്തിലെ ക്രിസ്ത്യന്‍ മത പൗരോഹിത്യത്തിനും ഇക്കാര്യത്തില്‍ ഇതേ നിലപാടാണുള്ളതെന്ന് അവരുടെ വിദ്യാഭ്യാസസ്ഥാപങ്ങള്‍ നോക്കിയാലറിയാം. പിന്നെ ഫറൂഖ് കോളേജ് അധികാരികള്‍ പ്രതിനിധീകരിക്കുന്ന മതമൂല്യങ്ങള്‍ പുരുഷന്മാരേ ഉത്തേജിപ്പിക്കുന്ന സൃഷ്ടികളായി മാത്രം സ്ത്രീകളെ കാണുന്ന വൈകൃതമാണെന്ന വിളിച്ചുപറയുമ്പോള്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഹിന്ദുത്വ ഫാസിസത്തിന്റെ ചെലവില്‍ നടന്നുപോകേണ്ട കള്ളക്കച്ചവടത്തിന്റെ ആശങ്കയാണത്. അക്കാര്യത്തില്‍ ഇടതുപക്ഷം പങ്കിടേണ്ടത് സമാനമായ ആശങ്കയല്ല. ഹിന്ദുത്വ വര്‍ഗീയവാദികളുടെ ഭരണത്തില്‍ മാത്രമല്ല, ലോകത്തിലെവിടെയും ഇന്നുവരെ ഇസ്ലാമിന്റെ പേരില്‍ വന്ന എല്ലാ ഭരണകൂടങ്ങളും സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് അക്കാര്യത്തില്‍ ഇവരെല്ലാം ഒരേതൂവല്‍ പക്ഷികളാണ്.

ഇനി ബേബി പറയാത്ത ചില വശങ്ങള്‍ക്കൂടി ഈ വിഷയത്തിലുണ്ട്. അത് ലൈംഗികതയെക്കുറിച്ചുള്ള കേരളീയ സമൂഹത്തിന്റെ കടുത്ത നിശബ്ദതയാണ്. ഇടകലര്‍ന്നിരുന്നാലും അതില്‍ ലൈംഗികതയില്ല എന്ന ഉറപ്പുമായാണ് അത്തരം ഇടപെടലുകള്‍ക്കുള്ള സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന പലരും ചര്‍ച്ചയില്‍ ഇറങ്ങുന്നത്. സദാസമയവും ലിംഗാഗ്രങ്ങള്‍ കൊണ്ട് ചിന്തിക്കുന്ന ജന്തുക്കളല്ലല്ലോ മനുഷ്യന്‍. എന്നാല്‍ സ്ത്രീപുരുഷന്മാര്‍ക്ക് പരസ്പരം ശാരീരികാകര്‍ഷണവും ലൈംഗികാസക്തിയും തോന്നുന്നത് മാപ്പപേക്ഷയോടെ പറയേണ്ട കാര്യമല്ല. കോളേജിലും അതൊക്കെ തോന്നിയേക്കാം. അങ്ങനെ തോന്നാത്തവരുണ്ടെങ്കില്‍ ഹാ കഷ്ടം! എന്നെ പറയാനാവൂ. 'കൗമാര മധുരമാം ഞങ്ങള്‍ താന്‍ സൗഹാര്‍ദ്ദത്തിന്‍ /ഹേമാഭയാലേ മനോരമ്യമായി സായംകാലം'.

ശാരീരിക ആകര്‍ഷണം തോന്നാന്‍ തീവ്രമായ പ്രണയത്തിന്റെ അകമ്പടിയൊന്നും വേണ്ടെന്ന് സകലര്‍ക്കുമറിയാം. അങ്ങനെ രണ്ടുപേര്‍ക്ക് പരസ്പര ആകര്‍ഷണം തോന്നിയാല്‍ അവരെ തുറിച്ചുനോക്കാത്ത സമൂഹമായി മാറാന്‍ നമുക്കെന്തുകൊണ്ടു കഴിയുന്നില്ല എന്നാണ് ബേബി ഉറക്കെ ചോദിക്കേണ്ടിയിരുന്നത്. അതിന്റെ പ്രതിസ്ഥാനത്ത് സകല മതമൗലികവാദികളെയും സദാചാര ഗുണ്ടകളെയും കയറ്റിനിര്‍ത്തിയാണ് വിചാരണ ചെയ്യേണ്ടയിരുന്നത്. ഈ വിവാദം ദിനുവിനെ തിരിച്ചെടുത്ത് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പറയുകയല്ല, (അയാളെ തിരിച്ചെടുക്കേണ്ടത് ഒരു ഔദാര്യമല്ലല്ലോ) കേരളത്തിലെ കോളേജുകളിലെ പ്രകൃതി വിരുദ്ധമായ നിയമങ്ങള്‍ ലംഘിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്യുകയാണ് ബേബി ചെയ്യേണ്ടിയിരുന്നത്.

ഇത്രയും കാലത്തെ ഈ വേര്‍തിരിവ് മഹോത്സവം ലൈംഗിക മനോരോഗികളുടെ ഒരു സമൂഹത്തെയാണ് കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. സ്‌കൂളിലെ മൂത്രപ്പുരയിലെ പച്ചയിലത്തെറികളില്‍ നിന്നും തീവണ്ടിയിലെ മൂത്രപ്പുരയില്‍ പരിചയക്കാരി സ്ത്രീകളുടെ മൊബൈല്‍ നമ്പര്‍ എഴുതിവെച്ച്, ഒരു സ്വപ്ന ലിംഗവും വരച്ചുവെക്കുന്ന ഭയം ജനിപ്പിക്കുന്ന ആണ്‍മനോരോഗികളെയാണ് ഈ പാരമ്പര്യം നമുക്ക് സമ്മാനിച്ചത്. ഒരു പുരുഷനുമായി സ്വതന്ത്രമായി ഇടപെടാന്‍ ആത്മധൈര്യം ഒരു സ്ത്രീക്കില്ലാത്തവണ്ണം ഒരു സമൂഹത്തെയാണ് നാം രൂപപ്പെടുത്തിയത്. എന്നിട്ടും വിവാദം അവസാനിപ്പിക്കാനാണ് ബേബി സഖാവിന് തിടുക്കം!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഫാസിസം പോയിട്ട് നമുക്ക് മുന്തിരിത്തോട്ടങ്ങളില്‍ രാപ്പാര്‍ക്കാം