അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു; നാല് മരണം, 12 പേര്‍ ആശുപത്രിയില്‍

 
Fishing Boat Tragedy

കരുനാഗപ്പള്ളി അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ശക്തമായ തിരമാലയില്‍ വള്ളം പാറയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അഴീക്കല്‍ സ്വദേശികളായ സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്.

അഴീക്കല്‍ ഹാര്‍ബറിന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. വലിയഴീക്കലില്‍ നിന്നുള്ള ഓംകാരം എന്ന വള്ളം അഴീക്കല്‍ പൊഴിക്ക് സമീപം വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. 16 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. രക്ഷപെട്ട 12 മത്സ്യത്തൊഴിലാളികളെ കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല.