ആറ്റിങ്ങലില്‍ മത്സ്യം തട്ടിയെറിഞ്ഞ സംഭവം; നഗരസഭാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

 
alphonsia

തിരുവനന്തപുരം ആറ്റിങ്ങലില്‍ മത്സ്യം തട്ടിയെറിഞ്ഞ സംഭവത്തില്‍ രണ്ട് നഗരസഭാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുബാരക് ഇസ്മയില്‍, ശുചീകരണ തൊഴിലാളി ഷിജു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വഴിയോര കച്ചവടം ഒഴിപ്പിക്കുന്ന കാര്യത്തില്‍ ഇരുവര്‍ക്കും ജാഗ്രതക്കുറവുണ്ടായെന്നാണ് നഗരസഭയുടെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്.

ഈമാസം പത്തിനായിരുന്നു സംഭവം. ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ അല്‍ഫോണ്‍സിയ എന്ന മത്സ്യത്തൊഴിലാളിയുടെ കൈയില്‍നിന്നും മത്സ്യം തട്ടിത്തെറിപ്പിച്ചെന്നായിരുന്നു പരാതി. ജീവനക്കാര്‍ മത്സ്യം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വന്‍ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ്, കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നഗരസഭ നടപടിയെടുത്തത്. 

നേരത്തെ, നഗരസഭ ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെന്‍ഷന്‍. നഗരസഭാ കമ്മീഷനു പുറമേ പൊലീസും കേസ് അന്വേഷിക്കുന്നുണ്ട്.