ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു; ബിജെപി ആസ്ഥാനത്ത് ഉന്നതതല യോഗം

 
Vijay Rupani

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. അപ്രതീക്ഷിത രാജിക്കാര്യം രൂപാണി തന്നെയാണ് പ്രഖ്യാപിച്ചത്. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം ശേഷിക്കെയാണ് രാജി. ഗവണറെ കണ്ട് രൂപാണി രാജിക്കത്ത് കൈമാറി. അഹമ്മദാബാദ് പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി ഉന്നതതല യോഗം ചേരുകയാണ്. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന.

2016 ആഗസ്റ്റ് മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് രൂപാണി. ആനന്ദി ബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. പട്ടേല്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് വിജയ് രൂപാണി 2017ല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഒരു വര്‍ഷം ബാക്കി നില്‍ക്കെ, അപ്രതീക്ഷിത രാജിയുടെ കാര്യം വ്യക്തമല്ല. ഗുജറാത്തിലെ വിശാല താല്‍പര്യം പരിഗണിച്ചാണ് രാജിയെന്നാണ് രൂപാണി പറയുന്നത്. പാര്‍ട്ടിയുമായി ഒരു പ്രശ്‌നങ്ങളുമില്ല. പാര്‍ട്ടി എന്ത് ചുമതല ഇനി ഏല്‍പിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കും. തന്ന അവസരങ്ങള്‍ക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും അദ്ദേഹം നന്ദിയറിയിച്ചു. ജെ.പി നദ്ദയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും രൂപാണി നന്ദി പറഞ്ഞു.