ഗുജറാത്തില്‍ ദലിത് യുവാവിനെ സവര്‍ണ ജാതിക്കാരിയായ ഭാര്യയുടെ വീട്ടുകാര്‍ വെട്ടിക്കൊന്നു

 
ഗുജറാത്തില്‍ ദലിത് യുവാവിനെ സവര്‍ണ ജാതിക്കാരിയായ ഭാര്യയുടെ വീട്ടുകാര്‍ വെട്ടിക്കൊന്നു

ഗുജറാത്തില്‍ ദലിത് യുവാവിനെ സവര്‍ണജാതിക്കാരിയായ ഭാര്യയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്നു. അഹമ്മദാബാദ് ജില്ലയിലെ വാര്‍മര്‍ ഗ്രാമത്തിലാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയാണ് യുവതിയുടെ വീടിന് മുന്നില്‍ വച്ച് 25കാരനായ ഹരേഷ് കുമാര്‍ സോളങ്കിയെ കൊലപ്പെടുത്തിയത്. വിമന്‍സ് ഹെല്‍പ്പ് ലൈന്‍ സംഘം ഊര്‍മ്മിളയുമായി സംസാരിക്കാന്‍ ശ്രമിക്കവേയാണ് പിതാവ് അടക്കമുള്ളവര്‍ ചേര്‍ന്ന് ഹരേഷ് കുമാറിനെ വെട്ടിയത്. എട്ട് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കേസെടുത്തു. ഊര്‍മ്മിളയുടെ പിതാവ് ദശരഥ് സിംഹ് സാലയാണ് ഒന്നാം പ്രതി.

കച്ചിലെ ഗാന്ധിധാം സ്വദേശിയായ ഹരേഷ് ആറ് മാസം മുമ്പാണ് ഊര്‍മ്മിളയെ വിവാഹം കഴിച്ചത്. എന്നാല്‍ വീട്ടുകാര്‍ ഊര്‍മ്മിളയെ ബലമായി വാര്‍മറിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു. രണ്ട് മാസം ഗര്‍ഭിണിയായിരുന്ന ഊര്‍മ്മിളയെ കാണാനില്ലാതായെന്ന് പൊലീസ് പറയുന്നു. ഹരേഷ് കുമാര്‍ ഹെല്‍പ്പ് ലൈനിന്റെ സഹായം തേടി. ഭാര്യാപിതാവ് ദശരഥ് സാലയെ കണ്ട് സംസാരിച്ച് ഊര്‍മ്മിളയെ തിരികെ കൊണ്ടുവരുന്നതിനായിരുന്നു ഇത്. സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ സഹായം നല്‍കുന്നതിനുള്ളതാണ് അഭയം 181 ഹെല്‍പ്പ് ലൈന്‍. ഇവര്‍ വീടുകളിലെത്തി കൗണ്‍സിലിംഗ് നല്‍കാറുണ്ട്. ഒരു വനിത കോണ്‍സ്റ്റബിളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

കൗണ്‍സിലര്‍ ഊര്‍മ്മിളയുടെ മാതാപിതാക്കളുമായി സംസാരിക്കുമ്പോള്‍ ഹരേഷ് പുറത്ത് സര്‍ക്കാര്‍ കാറിലിരിക്കുകയായിരുന്നു. 20 മിനുട്ടോളം കൗണ്‍സിലിംഗ് നീണ്ടു. കൗണ്‍സിലിംഗ് കഴിഞ്ഞ് കൗണ്‍സിലറും ദശരഥും ഊര്‍മ്മിളയും പുറത്തിറങ്ങി കാറിനടുത്തേയ്ക്ക് ചെന്നു. പെട്ടെന്ന് ദശരഥിനൊപ്പം ചേര്‍ന്ന് ഏഴ് പേര് ഹരേഷിനെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ വാളുകള്‍ കൊണ്ടും കത്തി കൊണ്ടും വടികള്‍ കൊണ്ടും ഇരുമ്പ് കമ്പി കൊണ്ടും ആക്രമിക്കുകയായിരുന്നു. അഭയം ടീമിനേയും ഇവര്‍ ആക്രമിച്ചു. ഉടന്‍ ഹെല്‍പ്പ്‌ലൈന്‍ ടീം പൊലീസിനെ വിളിച്ചു.