സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മലപ്പുറത്ത് വീട് തകര്‍ന്ന് രണ്ടു കുട്ടികള്‍ മരിച്ചു

 
RAIN

വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകള്‍

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വെള്ളിയാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

പല ജില്ലകളിലും മഴ കനത്ത നാശം വിതച്ചിട്ടുണ്ട്. മലപ്പുറം കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് മണ്ണിടിഞ്ഞുവീണ് വീട് തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു. ചേന്നാരി മുഹമ്മദ്കുട്ടിയുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7 മാസം) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. ഉടന്‍തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാലക്കാട്ടും കനത്ത മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരവും കല്ലുംവീണ് ഗതാഗതം തടസപ്പെട്ടു. പത്താം വളവിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മണ്ണിടിഞ്ഞത്. ഗതാഗത തടസം നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മണ്ണാര്‍ക്കാടുനിന്ന് ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ചുനീക്കി. എന്നാല്‍ പാറക്കല്ലുകള്‍ നീക്കാന്‍ കഴിഞ്ഞിട്ടില്ല.

തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, നെയ്യാര്‍, പേപ്പാറ സംഭരണികളില്‍നിന്നു മുന്‍കരുതലായി വെള്ളം തുറന്നുവിട്ടു തുടങ്ങി. കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നാലു ടീമുകളെ കേരളത്തില്‍ വിന്യസിക്കും. നിലവില്‍ സംസ്ഥാനത്തുള്ള രണ്ടു ടീമുകള്‍ക്കു പുറമേയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അഭ്യര്‍ഥന പ്രകാരം തമിഴ്‌നാട് ആരക്കോണത്തുനിന്നുള്ള നാലു ടീം കൂടി കേരളത്തില്‍ എത്തുന്നത്. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളിലായി നാലു ടീമിനെയും, പത്തനംതിട്ട ഇടുക്കി എന്നിവിടങ്ങളില്‍ ഓരോ ടീമും ഉണ്ടാകും.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി തീരങ്ങളിലും മാലിദ്വീപ് തീരങ്ങളിലും കനത്ത കാറ്റ് ഉണ്ടാകും എന്നാണ് കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുക. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനം നടത്തരുതെന്ന് മുന്നറിയിപ്പുണ്ട്.

ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാലും 14ന് രാത്രി വരെ ഇടുക്കി ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചു കലക്ടര്‍ ഉത്തരവിട്ടു. വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെയാണ് യാത്രാനിരോധനം. അവശ്യ സര്‍വീസുകള്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും നിരോധനം ബാധകമല്ല. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

വരുംദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനം

ഓറഞ്ച് അലെര്‍ട്ട്
12: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
13: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
14: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം
15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

യെല്ലോ അലെര്‍ട്ട്
12: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
13: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
14: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
15: എറണാകുളം, ഇടുക്കി, കണ്ണൂര്‍