അച്ഛന്‍ വഴിയില്‍ വീണുമരിച്ചു; ഇരട്ടക്കുട്ടികള്‍ മൃതദേഹത്തിനരികെ കഴിഞ്ഞത് മൂന്ന് മണിക്കൂര്‍

 
Jithin

കൊച്ചി പറവൂരിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന യുവാവ് പുലര്‍ച്ചെ വഴിയില്‍ വീണു മരിച്ചു. മൂന്ന് വയസുള്ള ഇരട്ടക്കുട്ടികള്‍ മൃതദേഹത്തിനരികെ കഴിഞ്ഞത് മൂന്ന് മണിക്കൂറോളം. ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടിനു മുന്നില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കലൂര്‍ പള്ളിപ്പറമ്പില്‍ ജോര്‍ജിന്റെ ഏക മകന്‍ ജിതിന്‍ (29) ആണ് മരിച്ചത്. ഇരട്ടക്കുട്ടികളായ ഏയ്ഡനും ആമ്പര്‍ലിയുമാണ് ജിതിനൊപ്പമുണ്ടായിരുന്നത്. 

രാവിലെ ആറോടെ, പത്രവിതരണത്തിനെത്തിയ അണ്ടിപ്പിള്ളിക്കാവ് ചുള്ളിക്കാട്ട് സി.ടി രാധാകൃഷ്ണനാണ് വഴിയരികില്‍ കരഞ്ഞിരിക്കുന്ന കുട്ടികളെ കണ്ടത്. കുട്ടികള്‍ രണ്ടും അച്ഛനെ വിളിച്ച് പൊട്ടിക്കരയുകയായിരുന്നു. കൈ രണ്ടും നെഞ്ചില്‍ ചേര്‍ത്തുപിടിച്ച നിലയിലായിരുന്നു ജിതിന്റെ ശരീരമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. റിസോര്‍ട്ടില്‍ ഇവര്‍ താമസിച്ച വീടിന്റെ വാതില്‍ തുറന്നുകിടന്നിരുന്നു. കോളിങ് ബെല്‍ അടിച്ചെങ്കിലും ആരും വരാത്തതിനെ തുടര്‍ന്ന് പരിസരത്തെ വീടുകളില്‍ വിവരമറിയിച്ചു. പൊലീസെത്തിയാണ് ജിതിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരണം കഴിഞ്ഞിട്ട് മൂന്നു മണിക്കൂറിലേറെ പിന്നിട്ടിരുന്നു.

ആറു ദിവസം മുന്‍പാണ് വി.പി തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടില്‍ ജിതിനും മക്കളും താമസിക്കാനെത്തിയത്. ചൊവാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ജിതിന്‍ മക്കളോടൊപ്പം മുറിയുടെ വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിവരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മക്കളുമായി പുറത്തിറങ്ങിയ ജിതിന്‍ വീണുമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും. 

റഷ്യന്‍ സ്വദേശിനിയായ ക്രിസ്റ്റീനയാണ് ജിതിന്റെ ഭാര്യ. ഇവര്‍ ജോലി സംബന്ധമായി ബംഗളരൂവിലാണ്. ജിതിന്റെ പിതാവ് ജോര്‍ജ് വിദേശത്താണ്. മാതാവ് ലിസിമോള്‍ ഇടപ്പള്ളി നോര്‍ത്ത് വില്ലേജ് ഓഫീസറാണ്.