രാജ്യത്ത് അഞ്ചുമാസത്തിന് ശേഷം അറുപതിനായിരം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 291 മരണം

 
രാജ്യത്ത് അഞ്ചുമാസത്തിന് ശേഷം അറുപതിനായിരം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 291 മരണം

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 62,258 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.30,386 പേര്‍ കൂടി രോഗമുക്തി നേടുകയും 291 പേര്‍ കൂടി രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ചുമാസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും രോഗബാധ അറുപതിനായിരം കടക്കുന്നത്. കഴിഞ്ഞദിവസം 59,118 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെല്ലാം രോഗബാധ രൂക്ഷമാണ്. പുതുതായി 62,258 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,19,08,910 ആയി.

1,12,95,023 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 4,52,647 സജീവ കേസുകളാണുള്ളത്. 1,61,240 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായത്. ഇതിനോടകം 5,81,09,773 പേര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. മാര്‍ച്ച് 26 വരെയുള്ള കണക്കുകള്‍ പ്രകാരം 23,97,69,553 സാമ്പിളുകള്‍ പരിശോധിച്ചതായും ഇതില്‍ വെള്ളിയാഴ്ച മാത്രം 11,64,915 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

കഴിഞ്ഞ 15 ദിവസമായി രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വന്‍വര്‍ധനയാണുണ്ടാകുന്നത്. വെള്ളിയാഴ്ച മാത്രം 32,000 ലേറെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. മഹാരാഷ്ട്രയില്‍ ഇന്നലെ 36,902 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം 5515 പേര്‍ക്ക് രോഗബാധ കണ്ടെത്തി. സംസ്ഥാനത്ത് പുതുതായി 1.8 ലക്ഷം പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് കണക്ക്. രോഗവ്യാപനം കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.