കോവിഡ് പ്രതിദിന കേസുകള്‍ വീണ്ടും 3000ന് മുകളില്‍; പകുതിയിലധികം രോഗികള്‍ കേരളത്തില്‍ 

 
Delhi Covid

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 30,000 കടന്നു. ഇന്നലെ 34,403 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 320 പേര്‍ കോവിഡ് ബാധിതരായി മരിച്ചു. 37,950 പേര്‍ രോഗമുക്തരായി. 3,39,056 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സജീവ രോഗികളുടെ എണ്ണത്തില്‍ 3,867 പേരുടെ കുറവാണ് ഇന്നലെയുണ്ടായത്. 

രാജ്യത്ത് ഇതുവരെ 3,33,81,728 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,25,98,424 പേര്‍ രോഗമുക്തരായി. 4,44,248 പേര്‍ രോഗബാധിതരായി മരിച്ചു. 1.33 ശതമാനമാണ് മരണനിരക്ക്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ തുടരുമ്പോഴും രോഗമുക്തി നിരക്ക് 97 ശതമാനത്തില്‍ തുടരുകയാണ്. നിലവില്‍ 97.65 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.25 ശതമാനമാണ്. പ്രതിവാര ടിപിആര്‍ 84 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെ തുടരുകയാണ്. നിലവില്‍ ഇത് 1.97 ശതമാനമാണ്. കോവിഡ് പരിശോധന ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 54.92 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക വാക്സിനേഷന്റെ ഭാഗമായി 77.24 കോടി ഡോസ് വാക്സിനാണ് നല്‍കിയത്.

കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതിദിന കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുകളില്‍ പകുതിയും കേരളത്തില്‍ നിന്നാണ്. ഇന്നലെ സംസ്ഥാനത്ത് 17,681 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആകെ കോവിഡ് ബാധിതര്‍ 44,24,046. ഇവരില്‍ 42,09,746 പേര്‍ രോഗമുക്തരായി. മരണം 22,987 ആയി. 1,91,313 പേരാണ് ഇനി ചികിത്സയിലുള്ളത്. സജീവരോഗികളുടെ എണ്ണത്തില്‍ 8,115 പേരുടെ കുറവാണ് ഇന്നലെയുണ്ടായത്.