പീഡന പരാതി ഒത്തുതീര്‍പ്പാക്കാനുള്ള ഇടപെടല്‍; മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്, കേസെടുക്കില്ല

 
AK Saseendran

കേസ് പിന്‍വലിക്കണമെന്നോ, ഭീഷണി സ്വരമോ ഫോണ്‍ സംഭാഷണത്തില്‍ ഇല്ലെന്ന് നിയമോപദേശം

പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിയെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്. സംഭവത്തില്‍ മന്ത്രിക്കെതിരെ കേസെടുക്കില്ല. പീഡന പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന മന്ത്രിയുടെ ഭാഷാപ്രയോഗത്തില്‍ തെറ്റില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. കേസ് പിന്‍വലിക്കണമെന്നോ, ഭീഷണി സ്വരമോ ഫോണ്‍ സംഭാഷണത്തില്‍ ഇല്ലെന്നുമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ പൊലീസിന് നല്‍കിയ നിയമോപദേശം.

നിഘണ്ടു ഉദ്ധരിച്ചാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. ഇംഗ്ലീഷ്-മലയാളം നിഘണ്ടുവില്‍ നല്ല രീതിയില്‍ തീര്‍ക്കുക എന്നതിന് വേണ്ടതുപോലെ ചെയ്യുക എന്നാണര്‍ത്ഥം. ഒരു പ്രയാസവുമില്ലാതെ പ്രശ്നം പരിഹരിക്കണമെന്ന് പറഞ്ഞതില്‍ തെറ്റില്ല. ഇരയുടെ പേരോ ഇരക്കെതിരായ പരാമര്‍ശമോ സംഭാഷണത്തില്‍ ഇല്ല. കേസ് പിന്‍വലിക്കണമെന്നോ, ഭീഷണി സ്വരമോ ഫോണ്‍ സംഭാഷണത്തില്‍ ഇല്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. 

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു മന്ത്രിയുടെ വിവാദ ഫോണ്‍ സംഭാഷണം. എന്‍സിപി നേതാവിനെതിരായ പരാതിയിലാണ് മന്ത്രി ഇടപെട്ടത്. പരാതിക്കാരിയുടെ പിതാവിനെ മന്ത്രി ഫോണില്‍ ബന്ധപ്പെട്ട്, കേസ് നല്ല രീതിയില്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ഇരയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.