കര്‍ഷക പ്രക്ഷോഭത്തിനിടെ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു; വോഡഫോണിനും എയര്‍ടെല്ലിനുമെതിരെ പരാതിയുമായി ജിയോ

 
കര്‍ഷക പ്രക്ഷോഭത്തിനിടെ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു; വോഡഫോണിനും എയര്‍ടെല്ലിനുമെതിരെ പരാതിയുമായി ജിയോ

കര്‍ഷക പ്രക്ഷോഭത്തിനിടെ അന്യായമായ രീതിയില്‍ ബിസിനസ് പ്രചാരണം നടത്തിയെന്നാരോപിച്ച് വോഡഫോണ്‍ ഐഡിയയ്ക്കും ഭാരതി എയര്‍ടെല്ലിനുമെതിരെ ജിയോ ഇന്‍ഫോകോം. മത്സരാധിഷ്ഠിതമല്ലാത്ത രീതിയില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) ക്യാംപെയ്ന്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ജിയോ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യക്ക് (ട്രായ്) പരാതി നല്‍കി. രണ്ടു കമ്പനികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

പുതിയ കാര്‍ഷിക നിയമങ്ങളുടെ ഗുണഭോക്താവ് റിലയന്‍സാണെന്ന ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ നേരിട്ടോ അല്ലാതെയോ രണ്ട് കമ്പനികളും പിന്തുണയ്ക്കുകയായിരുന്നു. ജിയോ ഉപയോക്താക്കളെ എംഎന്‍പിക്കായി പ്രചോദിപ്പിക്കുന്ന തരത്തില്‍ അനീതിപരവും മത്സരാധിഷ്ഠിതവുമല്ലാത്ത രീതിയിലാണ് കമ്പനികളുടെ പ്രവര്‍ത്തനം. ജീവനക്കാര്‍, ഏജന്റുമാര്‍, റീട്ടെയിലര്‍മാര്‍ എന്നിവരിലൂടെ അന്യായ നടപടി തുടരുകയാണ്. ജിയോ നമ്പറുകള്‍ തങ്ങളുടെ സര്‍വീസിലേക്ക് മാറ്റുന്നത് കര്‍ഷക പ്രതിഷേധങ്ങളില്‍ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്ന് പ്രചരിപ്പിച്ചാണ് ബിസിനസ് നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിന്റെ ഭാഗമായി റിലയന്‍സ് ഉള്‍പ്പെടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ഒരു വിഭാഗം കര്‍ഷകരുടെ ആഹ്വാനത്തിന്റെ മറപിടിച്ച്, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ജിയോ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ കര്‍ഷക സമരത്തിന് തുടക്കമിട്ട സെപ്റ്റംബറിലും ഇക്കാര്യം ചൂണ്ടിക്കാട്ടി ജിയോ കത്തയച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഡിസംബര്‍ പത്തിന് പരാതി നല്‍കിയിരിക്കുന്നത്. ജൂലൈയില്‍ വരെ പുതിയ വരിക്കാരുടെ എണ്ണത്തില്‍ ജിയോ ആയിരുന്നു മുന്നില്‍. എന്നാല്‍ ആഗസ്റ്റിലും സെപ്റ്റംബറിലും പുതിയ വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതിനൊപ്പം പോര്‍ട്ട് ചെയ്യാന്‍ അപേക്ഷിച്ചവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തിരുന്നു.

അതേസമയം, ആരോപണങ്ങള്‍ എയര്‍ടെല്‍ തള്ളി. 25 വര്‍ഷമായി ടെലികോം മേഖലയിലുള്ള എയര്‍ടെല്‍ വിപണിയില്‍ മികച്ച രീതിയില്‍ മത്സരിക്കുന്നതിനൊപ്പം ഉപയോക്താകള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനും പരിശ്രമിക്കുന്നുണ്ട്. എതിരാളികളോട് മാന്യമായ രീതിയില്‍ പെരുമാറുന്നതിലും കമ്പനി അഭിമാനിക്കുന്നു. ജിയോ ട്രായിയ്ക്ക് നല്‍കിയ പരാതിയെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കമ്പനി അറിയിച്ചു.