'ബിഷപ്പ് പറഞ്ഞത് യാഥാര്‍ഥ്യം; ഒരു വിഭാഗം അരാജകത്വം കാണിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല'

 
K Surendran

നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനുള്ള പിന്തുണ ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ആര് പറഞ്ഞു എന്നതല്ല. എന്ത് പറഞ്ഞു എന്നതാണ് പ്രസക്തമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ബിഷപ്പ് ഗൗരവമുള്ള ഒരു കാര്യം പറയുമ്പോള്‍ ഒരു വിഭാഗം അരാജകത്വം കാണിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്നതാണ് വിഷയത്തില്‍ ബിജെപിയുടെ നിലപാട്. ലോകം മുഴുവന്‍ നര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് വ്യക്തമായതാണ്. അതിനെ ഒറ്റതിരിഞ്ഞ് കാണുന്നത് എന്തിനാണ്? ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കി കളയാന്‍ നോക്കിയാല്‍ സമ്മതിക്കില്ല. അതാണ് ബിജെപിയുടെ നിലപാടെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പാലാ ബിഷപ്പ് പറയുന്നത് കേരളം ചര്‍ച്ച ചെയ്യണം. ബിഷപ്പിന്റെ പരാമര്‍ശത്തെ കേരളത്തിലെ രണ്ട് മുന്നണികളും മോശമായി കാണുന്നത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിക്കും സിപിഎമ്മിനും വിഷയത്തില്‍ രണ്ട് അഭിപ്രായമാണ്. ബിഷപ്പ് പറഞ്ഞതിനെ കോണ്‍ഗ്രസും മുഖവിലയ്ക്കെടുക്കുന്നില്ല. ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോള്‍, ഇനി മിണ്ടരുതെന്നാണ് എല്ലാവരും പറഞ്ഞത്. ക്രൈസ്തവ സമൂഹത്തിനിടയില്‍ ഇത് വലിയ ഭീതി സൃഷ്ടിച്ചിരുന്നു. എന്നാല്‍ എല്ലാം സഹിച്ച് മിണ്ടാതിരിക്കുന്ന കാലം കഴിഞ്ഞു. സ്വാഭാവിക പ്രതികരണങ്ങളാണ് ക്രൈസ്തവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. 

ക്രൈസ്തവ സമൂഹത്തിന്റെ വോട്ട് വാങ്ങി തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ യാതൊരു മനസാക്ഷിയുമില്ലാതെ അവരെ വഞ്ചിക്കുകയാണ്. ജോസ് കെ മാണിയും മാണി സി. കാപ്പനും ബിഷപ്പിന്റെ പ്രസ്താവനയക്ക് പിന്തുണയറിയിക്കുന്നു. എന്നാല്‍, എന്താണ് അവരുടെ രാഷ്ട്രീയ മുന്നണിയുടെ നിലപാട്? സംഘ പരിവാര്‍ അജണ്ടയാണിതെന്ന് പറഞ്ഞാല്‍ പിന്നെ ആളുകള്‍ മിണ്ടുകയില്ലല്ലോ? ബിഷപ്പ് പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങളാണ്. ബിജെപിയുടെ പൂര്‍ണ പിന്തുണ ബിഷപ്പിനുണ്ടാകും. വിഷയം പാര്‍ട്ടി കോര്‍ കമ്മിറ്റി ചര്‍ച്ചചെയതു. എന്നാല്‍ വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ ബിജെപി ഉദ്ദേശിക്കുന്നില്ല. നര്‍ക്കോട്ടിക് ജിഹാദില്‍ സാധൂകരിക്കാവുന്ന തെഴിവുകളുണ്ടെന്നും കേരളത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാല്‍ മതിയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.